Connect with us

Palakkad

സേവന രംഗത്തേക്ക് ഇനി കുട്ടി ഡോക്ടര്‍മാരും

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ കുട്ടിഡോക്ടര്‍ പരിപാടി” ജില്ലയില്‍ ആരംഭിച്ചു. ജില്ലയില്‍ വര്‍ധിച്ചുവരുന്ന പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗത്തിനും മദ്യത്തിനും മയക്കുമരുന്നുകള്‍ക്കുമെതിരെ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള കുട്ടിഡോക്ടര്‍മാരും ഇനി സേവനരംഗത്തുണ്ടാകും. ജില്ലാ ആരോഗ്യ വകുപ്പിലെ എന്‍—സി—ഡി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതുസംബന്ധിച്ച അവലോകനയോഗം ജില്ലാകലക്ടറുടെ ചേംബറില്‍ ചേര്‍ന്നു. ലഹരിവിരുദ്ധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുക, കുട്ടികളുടെ വിഭവശേഷി സമൂഹനന്മക്ക് ഉതകുന്നവിധം വളര്‍ത്തിയെടുക്കുക എന്നിവയാണ് എന്‍—സി—ഡി—വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. ഒരു സ്‌കൂളില്‍ നിന്ന് 150 കുട്ടികള്‍ക്ക് പരിശീലനം നല്‍കും. വിദ്യാര്‍ഥി പോലീസ്, എന്‍—സി—സി, എന്‍—എസ്—എസ്, സ്‌കൂള്‍ ഹെല്‍ത്ത് ക്ലബ് എന്നിവയില്‍ നിന്നും കുട്ടികളെ തിരഞ്ഞെടുക്കും. ഫെബ്രുവരി 21 ന് ഒന്നാംഘട്ട പരിശീലനം പൂര്‍ത്തിയാകും. ഇവരുടെ സേവനം അവധിക്കാലത്ത് സമൂഹത്തിന് പ്രയോജനപ്പെടുത്തും.
കുടുംബങ്ങള്‍ കേന്ദ്രീകരിച്ച് പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനും ജീവിത ശൈലീരോഗങ്ങള്‍, ക്യാന്‍സര്‍, ക്ഷയം തുടങ്ങിയവ പ്രാരംഭത്തില്‍ തന്നെ കണ്ടെത്തി അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ എത്തിക്കാനും രോഗിക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും കുട്ടിഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കും.
പരിശീലനം നേടിയ കുട്ടിഡോക്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്നവര്‍ക്ക് പ്രോത്സാഹനസമ്മാനം നല്‍കും. മാര്‍ച്ച് അവസാനവാരം ആരോഗ്യ സമ്മേളനം സംഘടിപ്പിച്ച് കുട്ടി ഡോക്ടര്‍ പരിപാടിയുടെ അംബാസിഡര്‍മാരായി കായികതാരങ്ങളായ പി—യു ചിത്രയേയും അഫ്‌സലിനേയും ജീവിതശൈലീ രോഗങ്ങളുടെ അംബാസിഡറായി ഹിമാലയന്‍ സൈക്കിള്‍ യാത്രികനായ ഹരി പാമ്പൂരിനേയും ചുമതലപ്പെടുത്തും.
സ്‌കൂള്‍ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കുക, വ്യക്തിശുചിത്വം, കൗമാരക്കാരുടെ മാനസിക പ്രശ്‌നങ്ങള്‍, പൊതു സമൂഹത്തില്‍ പാലിക്കേണ്ട മര്യാദകള്‍ എന്നിവയില്‍ അവബോധം വളര്‍ത്തുക, മുതിര്‍ന്നവരേയും വൃദ്ധരേയും അവശരേയും സഹാനുഭൂതി വളര്‍ത്തുക, മൊബൈല്‍ ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും ഉപയോഗം നല്ലകാര്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള അവബോധം നല്‍കുക. നല്ല പൗരന്മാരാക്കി വളര്‍ത്തുക എന്നിവയും പദ്ധതിയുടെ ഭാഗമാണ്. അധ്യാപകര്‍ക്കും ഇതിനാവശ്യമായ പരിശീലനം നല്‍കും. വിവിധ വിഷയങ്ങളില്‍ അവബോധങ്ങള്‍ നല്‍കുന്ന കൈപ്പുസ്തകവും സജ്ജമാണ്.
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ജീവിത ശൈലീരോഗങ്ങള്‍ക്കെതിരെയും അവബോധം വളര്‍ത്താന്‍ കുട്ടികളുടെ ഇടയില്‍ തീവ്രമായ ഇടപെടല്‍ ഉണ്ടാകണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാകലക്ടര്‍ കെ രാമചന്ദ്രന്‍ പറഞ്ഞു.
അതിര്‍ത്തി ജില്ലയായതിനാല്‍ പാലക്കാട് ലഹരിമരുന്നുകളുടെ ഉപയോഗം വളരെ കൂടുതലാണ്. ഇത് ക്യാന്‍സര്‍ ബാധ വര്‍ദ്ധിപ്പിക്കുന്നു. ചെക്‌പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് 20 ഡ്രൈവര്‍മാരില്‍ നടത്തിയ പരിശോധനയില്‍ എല്ലാവരും പാന്‍മസാല ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇവരില്‍ ഒരാള്‍ക്ക് വായില്‍ ക്യാന്‍സര്‍ രോഗലക്ഷണം കണ്ടെത്തിയതിനെത്തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി കോയമ്പത്തൂരിലേക്ക് ശിപാര്‍ശ ചെയ്തുവെന്നും നോഡല്‍ ഓഫീസര്‍ ഡോ.—ആര്‍.—പ്രഭുദാസ് പറഞ്ഞു. പലരും ഇത്തരം കാര്യങ്ങള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ കുട്ടികള്‍ക്ക് ഇവ കണ്ടെത്താനും അതിനെതിരെ പ്രതിരോധിക്കാനും സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 24ന് ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് ക്യാന്‍സര്‍, ക്ഷയം എന്നിവ വിഷയമാക്കിയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. ഡി—എം ഒ ഓഫീസില്‍ മാര്‍ച്ച് 10 വരെ ഇതിനുള്ള നാമനിര്‍ദേശം സമര്‍പ്പിക്കാം.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.—ആര്‍—പ്രഭുദാസ്, ഡി—എം—ഒ ഡോ.—കെ വേണുഗോപാല്‍, നാര്‍ക്കോട്ടിക് ഡി വൈ എസ് പി ഷാനവാസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ശ്രീഹരി വിദ്യാഭ്യാസ വകുപ്പ്, എക്‌സൈസ്, ഉദ്യോഗസ്ഥര്‍, പങ്കെടുത്തു.