ജ്ജ് ഏത് മുജായിദാ?

Posted on: February 18, 2014 6:00 am | Last updated: February 17, 2014 at 11:27 pm

‘ജ്ജ് ഏത് മുജായിദാ? ജിന്നൂരിയോ മടവൂരിയോ മൗലവിയോ അതോ…?’’’നീ പറയുന്ന ഒരു മുജായിദും അല്ല ഞാന്‍. ഞാന്‍ മുജായിദാണ് അത്ര തന്നെ. ഇവറ്റകളൊക്കെ നമ്മെ പറ്റിക്കാണ്.’ നാട്ടിലെ ഒരു പ്രമുഖനായ മുജാഹിദ് പ്രവര്‍ത്തകന്റെ മറുപടിയാണിത്.
മൗലവി ഗ്രൂപ്പ് മുജാഹിദിന്റെ സംഘടനാ സംവിധാനങ്ങളില്‍ സജീവമായിരുന്ന ഒരു പരിചയക്കാരനെ പുതിയ അടിയൊഴുക്കിനെക്കുറിച്ചറിയാന്‍ വേണ്ടി ഫോണില്‍ ബന്ധപ്പെട്ടു.
‘ഇങ്ങള് ഏത് ഗ്രൂപ്പിലാന്ന് അറിയാന്‍ വേണ്ടി വിളിച്ചതാ. മുമ്പ് വിളിച്ചപ്പോ ഔദ്യോഗിക ഗ്രൂപ്പിലെ എക്‌സിക്യൂട്ടീവ് അംഗമാണെന്നും എന്നാല്‍ ഉള്ളിന്റെ ഉള്ളില്‍ സ്വലാഹിയുടെ ആദര്‍ശക്കാരനാണെന്നും പറഞ്ഞിരുന്നല്ലോ, ഇപ്പോഴത്തെ കണ്ടീഷനെന്താ?’’
‘ഞാനിപ്പോ നയപരമായി സ്വലാഹിക്ക് എതിരാണ്. ആദര്‍ശപരമായി അദ്ദേഹത്തോട് വിയോജിപ്പില്ല.’ മുജാഹിദ് പ്രാദേശിക നേതാവിന്റെ നിഷ്‌കളങ്കമായ മറുപടി.
നോക്കൂ എന്തൊരു തമാശ? സംഘടനാപരമായി മൗലവി ഗ്രൂപ്പില്‍. നയപരമായി സ്വലാഹിവിരുദ്ധ ജിന്ന് ഗ്രൂപ്പില്‍. ആദര്‍ശപരമായി സ്വലാഹി അനുകൂല ജിന്ന് ഗ്രൂപ്പില്‍!!
ഒരു പത്ര പ്രവര്‍ത്തകന്‍ പങ്ക് വെച്ചതിങ്ങനെ: ‘മുജാഹിദ് വിഭാഗീയതയുടെ പിന്നാലെ കുറേ പോയി നോക്കി. അവര്‍ക്കിടയിലെ അഭിപ്രായവ്യത്യാസത്തെ കുറിച്ച് ഏറെക്കുറെ പിടിത്തം കിട്ടി. പക്ഷെ വീണ്ടും സംഗതി വഷളായി. ഇപ്പോള്‍ പ്രശ്‌നം നിയന്ത്രണാതീതമായിരിക്കുന്നു. ഒരു എത്തും പിടിയും കിട്ടുന്നില്ല.’
‘മ്യൂസിക് ഹറാമാണെന്നതിന് തെളിവുണ്ടോ’ എന്ന് ചോദിച്ചുകൊണ്ടാണ് ആ ചെറുപ്പക്കാരന്‍ വിളിച്ചത്. എമ്പാടും തെളിവുണ്ടെന്ന് പറഞ്ഞപ്പോള്‍ അയാള്‍ സങ്കടപ്പെട്ടുകൊണ്ട് ഇങ്ങനെ പറഞ്ഞു.
‘എന്നാ ഉസ്താദേ, ജമാഅത്തെ ഇസ്‌ലാമി പറയുന്നത് ഒരു മ്യൂസിക്കിനും ഒരു കൊയപ്പവുമില്ല. പെണ്ണിന്റെ അംഗലാവണ്യങ്ങളെ വര്‍ണിച്ചുകൊണ്ട് പാട്ട് പാടുന്നത് പോലും ആകാം എന്നാണ് അവര്‍ പറയുന്നത്. ഖുര്‍ആനും ഹദീസും മാത്രമാണത്രേ തെളിവുകള്‍. അതു പറയുന്നതോ വെള്ളിയാഴ്ച ഖുതുബയിലും.’ ‘ങേ, അപ്പോള്‍ നിങ്ങളെന്തിനാ പളളിയില്‍ ജുമുഅക്ക് പോയത്?’ ‘ഉസ്താദേ, ഞാനൊരു മുജാഹിദായിരുന്നു. അവറ്റകളുടെ കൂട്ടത്തില് ഇപ്പോള്‍ ഗ്രൂപ്പിസത്തിന്റെ പോരാണ്. തൗഹീദൊക്കെ ആകെ കലങ്ങി മറിഞ്ഞില്ലേ? ഇനിയിപ്പോ ജമാഅത്തിലേക്ക് ചേക്കേറി നോക്കാം എന്ന് കരുതിയതാ. അപ്പോള്‍ പിടിച്ചതിനേക്കാള്‍ വലുതാ മാളത്തില്. നമ്മുടെ പഴേ സുന്നി തന്നെയാണ് ശരി എന്നാ ഇപ്പോ തോന്നുന്നത്.’’
ജിന്ന് അധിനിവേശവും അധികാര വടംവലിയും ഭൗതികപ്രമത്തതയും സ്വതന്ത്ര ഗവേഷണവും കൊണ്ട്, ബാപ്പകാരണവന്‍മാര്‍ നട്ടു നനച്ചുണ്ടാക്കിയ തൗഹീദ്, നശികുശിയായി കിടക്കുന്നത് കണ്ട് ഖല്‍ബ് കലങ്ങി നട്ടം തിരിയുന്ന മുജാഹിദ് പയ്യന്‍മാരുടെയും ലക്കും ലഗാനുമില്ലാത്ത ഈ പിളര്‍ന്നൊടുങ്ങല്‍ കണ്ട് വിസ്മയിച്ചു നില്‍ക്കുന്ന പ്രേക്ഷകരുടെയും മാനസികാവസ്ഥ ലളിതമായി വിശദീകരിക്കാനാണ് ഇത്രയും അനുഭവങ്ങള്‍ വിശദീകരിച്ചത് .
ഒരു ഭിന്നതയും ഇല്ലാത്ത മുസ്‌ലിം സമുദായത്തില്‍ ഐക്യമുണ്ടാക്കുക എന്ന സേന്ദശവുമായാണല്ലോ ഐക്യ സംഘമെന്ന പേരില്‍ മുജാഹിദുകള്‍ കേരളത്തില്‍ പെറ്റു വീണത്. മുസ്‌ലിം പൊതുജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കിക്കഴിഞ്ഞപ്പോള്‍ പണ്ഡിത സംഘടനയായ സമസ്തയെ ഭിന്നിപ്പിക്കാനയി ശ്രമം.
സമുദായത്തെ കുത്തിപ്പിളര്‍ത്തിയ ഈ ഐക്യ സംഘത്തിന്റെ ഇപ്പോഴേത്തെ അവസ്ഥ എന്താണ്? ഒരു വട്ടം എ പി അബ്ദുല്‍ഖാദിര്‍ മൗലവിയുടെ നേതൃത്വത്തിലുളള മുജാഹിദും ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തിലുളള മുജാഹിദും എന്നിങ്ങനെ രണ്ടായി പിരിഞ്ഞു. മൗലവി ഗ്രൂപ്പ് എന്നും മടവൂര്‍ ഗ്രൂപ്പ് എന്നും ഇവര്‍ അറിയപ്പെട്ടു. മൗലവി ഗ്രൂപ്പിലായിരുന്നു ശക്തന്മാര്‍. നീട്ടിക്കുറുക്കി വഅള് പറയാനും കൂക്കി വിളിച്ച് തെറി പറയാനും ഗോഷ്ടി കാണിച്ച് മുക്രയിടാനും പോസ്റ്ററുകളും ബാനറുകളും തീര്‍ത്ത് മലിനീകരണമുണ്ടാക്കാനും… എല്ലാറ്റിനും പറ്റിയ ടീം അവരുടെ കൂടെ ഉണ്ടായിരുന്നു. പക്ഷെ വൈകാതെ അത് മൂന്ന് കഷ്ണമായി. ജിന്ന് വിഭാഗം സ്‌പെഷ്യലിസ്റ്റും പ്രഭാഷകനുമായ സ്വലാഹിക്കായിരുന്നു ഒരു വിഭാഗത്തിന്റെ നേതൃത്വം. ജിന്നിനോട് തേടല്‍ ശിര്‍ക്കല്ല എന്ന കണ്ടുപിടിത്തത്തിന്റെ നേതാവ്. സഊദി തീവ്രവാദ സലഫിസം കേരളത്തില്‍ നടപ്പാക്കേണ്ടതുണ്ടെന്ന ആശയം മുന്നോട്ടുവെച്ചയാള്‍. ആശയത്തില്‍ മടവൂര്‍ ചിന്താഗതിയും സംഘടനാപരമായി മൗലവി ഗ്രൂപ്പുകാരനുമായിരുന്ന അബ്ദുര്‍റഹ്മാന്‍ ഇരിവേറ്റിയാണ് മറ്റൊരു ധാരയുടെ വക്താവ്. മൂന്നാമത്തേത് ജിന്നിനോട് തേടല്‍ ശിര്‍ക്കാണെന്ന് വാദിക്കുന്നതോടൊപ്പം സിഹ്‌റും മന്ത്രവും കണ്ണേറും അംഗീകരിച്ച സാക്ഷാല്‍ എ പി അബ്ദുല്‍ഖാദിര്‍ മൗലവിയുടെ അനുയായികള്‍. ഇവരെക്കുറിച്ച് ഒരു തരം സെമീ മടവൂരിസം, സെമി ഗള്‍ഫ് സലഫിസം-ബൈന ബൈന എന്നൊക്കെ പറയാം. ഈ ആദര്‍ശശിഖണ്ഡികളായ ഈ സംഘടനാസംവിധാനമാണ് ഗള്‍ഫ്‌സലഫിസത്തിന്റെ വക്താവും ജിന്ന്‌വാദിയുമായ സകരിയ്യാ സ്വലാഹിയെ പുറത്താക്കിയത്. സ്വലാഹിയെ പുറത്താക്കിയതോടെ പ്രഭാഷകരെല്ലാം സ്വലാഹിയുടെ കൂടെ മറുകണ്ടം ചാടി. ഹുസൈന്‍ സലഫി, മുജാഹിദ് ബാലുശ്ശേരി അടക്കമുളള തീപ്പൊരി പ്രഭാഷകരെല്ലാം ഒരു ഭാഗത്ത്. മരത്തിനേക്കാള്‍ വലിയ കൊമ്പായി സകരിയ്യാ ഗ്രൂപ്പ് വളര്‍ന്നു സംഘടനയെ വെല്ലുവിളിച്ച് നാട് നീളെ ദഅ്‌വാ സമ്മേളനങ്ങള്‍, എക്‌സിബിഷന്‍, സംവാദങ്ങള്‍, മുഖാമുഖങ്ങള്‍, പ്രോഫ്‌കോണ്‍, വെല്ലുവിളികള്‍, തെറിപ്പാട്ടുകള്‍… ഔദ്യോഗിക സംഘടനയുടെ (എ പി അബ്ദുല്‍ ഖാദര്‍ മൗലവിയുടെ ഗ്രൂപ്പിന്റെ) മുരടിപ്പും ദാരിദ്ര്യവുംകണ്ടപ്പോള്‍ മടവൂരിന്റെ വായില്‍ വെള്ളമൂറി! ഇത് തന്നെ അവസരം. അവര്‍ ഇപ്പുറത്തെ സംഘടനയെ ‘മാതൃസംഘടന’യിലേക്ക് ക്ഷണിച്ചു. എടരിക്കോട് സമ്മേളനത്തില്‍ എമ്പാടും മൗലവിഭക്തന്മാര്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് സംഘാടകരുടെ അവകാശവാദം.
അങ്ങനെയിരിക്കുമ്പോള്‍ അത് സംഭവിച്ചു. സകരിയ്യാ ഗ്രൂപ്പിലും പൊട്ടിത്തെറി! ആദ്യമേ മൂന്ന് വിഭാഗം സകരിയ്യാ ഗ്രൂപ്പിലുണ്ട്. ജിന്നിനോട് തേടുന്നത് ശിര്‍ക്കല്ലെന്ന് മൂന്ന് കൂട്ടരും പറയുമ്പോഴും അത് ഹറാമാണെന്ന് ഒരു വിഭാഗവും അനുവദനീയമാണെന്ന് വേറൊരു വിഭാഗവും സുന്നത്താണെന്ന് ഒരു ന്യൂനപക്ഷവും! അതിന്റെ പിറകെയാണ് സകരിയ്യാ ഗ്രൂപ്പുകാരന്‍ തന്നെയായ ലബ്ബ ദാരിമി നാരിയ്യത്തുസ്വലാത്തുമായി രംഗപ്രവേശനം ചെയ്തത്. അദ്ദേഹം പറയുന്നത് നാരിയ്യത്തു സ്വലാത്തില്‍ ശിര്‍ക്ക്(പടച്ചവനില്‍ പങ്ക് ചേര്‍ക്കല്‍) ഇല്ല എന്നാണ്. ആ വിഷയത്തില്‍ അവര്‍ തമ്മില്‍ ഒരു സംവാദം നടന്നുകഴിഞ്ഞു. ഇപ്പോള്‍ അവര്‍ക്ക് പലതും പലതും അനുവദനീയമാണെന്ന് തുടങ്ങിയിട്ടുണ്ടത്രെ! അദ്ദേഹത്തിന്റെ പിന്നിലും അനുയായികളുണ്ട്.
പാവം മുജാഹിദുകള്‍ ഇങ്ങനെ കലശലായ ആശയപ്രതിസന്ധി നേരിടുന്ന അന്തരീക്ഷത്തിലാണ് നേതാവായ സകരിയ്യാ സ്വലാഹി പുതിയ ബോംബ് പൊട്ടിച്ചത്! കമ്മിറ്റി ബിദ്അത്താണ്! പ്രസിഡണ്ടും സെക്രട്ടറിയും പാടില്ല!! നബി(സ)യുടെ കാലത്ത് പ്രസിഡണ്ടും സെക്രട്ടറിയുമുണ്ടായിരുന്നോ? മ്യൂസിക്കും ഫോട്ടോയും വീഡിയോയും സ്ത്രീപുരുഷ സങ്കലനവും എല്ലാം പച്ച ഹറാമാണ്.!!!
പുതിയ സംഘടന ഉണ്ടാക്കി പ്രസിഡണ്ടും സെക്രട്ടറിയുമാകാന്‍ കുപ്പായം തുന്നിവെച്ചിരുന്നവര്‍ ഇത് കേട്ട് ആകെ നിരാശരായി. കമ്മിറ്റി ഹറാമാണെന്ന് പറയാനാണോ മാതൃ സംഘടനയില്‍ നിന്ന് കുതറിച്ചാടി വന്നത്? കൂട്ടായ്മയില്ലാതെ നമുക്ക് എന്തെങ്കിലും ചെയ്യാനാകുമോ? അതിന് സകരിയ്യാ സ്വലാഹി പറഞ്ഞ മറുപടി അനുയായികളെ സ്തബ്ധരാക്കിക്കളഞ്ഞു. തിരുനബിയുടെ കാലത്ത് ഒരു അമീര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംഘടനയൊന്നുമില്ല. ഗള്‍ഫ് സലഫികള്‍ക്കും സംഘടനയില്ല. നബി(സ) തങ്ങള്‍ സി ഡി ഇറക്കിയിട്ടില്ല. ഗള്‍ഫ് സലഫികളും. നബി(സ) മിക്‌സഡ് സ്‌കൂളുകള്‍ നടത്തിയിട്ടില്ല. ഗള്‍ഫ് സലഫികളും. അതുകൊണ്ട് നമ്മളെല്ലാവരും പണ്ഡിതനായ ഒരേയൊരു അമീറിന്റെ കീഴില്‍ അണിനിരക്കണം. എങ്കില്‍ മാത്രമേ സ്വര്‍ഗത്തില്‍ കടക്കാന്‍ സാധിക്കുകയുള്ളൂ!!
ഖോജരാജാവായ തമ്പുരാനേ, ഇയാളിനി എന്തൊക്കെ കാര്യത്തിന് തൗബ ചെയ്യണം? തൗഹീദില്‍ അമളി പറ്റിയിട്ട് നിര്‍വ്യാജം തൗബ ചെയ്തപ്പോള്‍ അനുയായികളെല്ലാം കൂട്ടക്കരച്ചില്‍ നടത്തി തൗബ ഏറ്റു ചൊല്ലിയില്ലേ എന്ന സമാധാനമായിരിക്കാം പുതിയ കുമ്പസാരത്തിന് ശൈഖിനെ പ്രാപ്തനാക്കിയത്. പക്ഷേ, പാവം ഒന്നറിഞ്ഞില്ല. ഒന്ന് തൗഹീദാണ്, മറ്റേത് അധികാരമാണ്. വഹാബിസത്തില്‍ തൗഹീദില്‍ എന്ത് അഡ്ജസ്റ്റ്‌മെന്റുമാകാം, എത്ര വേണമെങ്കിലും. പക്ഷേ, അധികാരത്തില്‍ അത് പറ്റില്ലല്ലോ.. അതുകൊണ്ടല്ലേ ഒരേ ഗ്രൂപ്പില്‍ വ്യത്യസ്ത തൗഹീദുകാരുണ്ടായത്? എന്നാല്‍ ഒരേ ആശയക്കാര്‍ പല ഗ്രൂപ്പുകളായതെന്തിനാണ്? അധികാരമോഹമല്ലാതെ മറ്റെന്ത്? ഗള്‍ഫ് സലഫിയ്യത്തിന്റെ ഗവേഷണത്തില്‍ മൂടുറച്ചു പോയതുകൊണ്ട് ഇത്തരം ഉത്തരാധുനിക ഞാണിന്മേല്‍ക്കളികളൊന്നും ആ പാവം അറിഞ്ഞിരിക്കില്ല. കഷ്ടം!)
അമീറാകാന്‍ കാത്തിരിക്കുന്ന ശൈഖവര്‍കളുടെ പുത്തന്‍ വെളിപാടുകള്‍ കേട്ടപ്പോള്‍ പണ്ഡിതന്‍മാരല്ലാത്ത ബാലുശ്ശേരിയും ടി പി സലീമും മുഖത്തോടു മുഖം നോക്കി. ചെറുപ്പക്കാരുടെ ഊക്ക് കണ്ട് വലിയ സ്വപ്‌നങ്ങള്‍ നെയ്ത് വൈകി വേലി ചാടിയ പറപ്പൂര്‍ മദനിയും ഷാര്‍ജയിലെ ഹുസൈന്‍ സലഫിയും ഞെട്ടി. യവന്‍ അമീര്‍! അപ്പോള്‍ നമ്മളോ? അമീര്‍ പറയുന്നത് അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന കുഞ്ഞാടുകള്‍! ഇതിനാണപ്പാ എല്ലാം ഇട്ടെറിഞ്ഞ് ഇങ്ങോട്ട് എഴുന്നള്ളിയത്? അവസാനം അവര്‍ ആ കടുംകൈ ചെയ്തു! നേതാവിനെ പുറത്താക്കി പുതിയ സംഘടന ഉണ്ടാക്കാന്‍ ശ്രമിച്ചു! അങ്ങനെയാണ് സക്കരിയ്യാ മൈനസ് സക്കരിയ്യ ഗ്രൂപ്പ് ഉടലെടുക്കുന്നത്. ഇത്തരമൊരു കൗതുകം ചരിത്രത്തില്‍ ആദ്യത്തെ തമാശയായിരിക്കാം. പിളര്‍ത്തല്‍വീരന്മാരുടെ പിളര്‍പ്പ് എപ്പടി?
അല്ലാഹുവിന്റെ താക്കീത് മറക്കേണ്ട. സ്വന്തം മതത്തെ ഭിന്നിപ്പിക്കുകയും വിവിധ ഗ്രൂപ്പുകളും ഉപ ഗ്രൂപ്പുകളുമായി പിരിയുകയും ചെയ്ത വിഭാഗവുമായി നബിയേ, അങ്ങേക്ക് യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹു നോക്കിക്കൊള്ളും. അവര്‍ ചെയ്തുകൂട്ടിയ പേക്കൂത്തുകളെ കുറിച്ച് പിന്നീട് അല്ലാഹു അവര്‍ക്ക് വിവരം നല്‍കുക തന്നെ ചെയ്യും. (അന്‍ആം:159)
ഇതൊക്കെ കേള്‍ക്കുമ്പോള്‍ നമ്മുടെ മടവൂരികള്‍ പെരുത്ത് സന്തോഷിക്കുന്നുണ്ടാകും.അങ്ങനെ വേണം, ആ പഹയന്മാര്‍ക്ക്! എത്ര വട്ടം പറഞ്ഞതാ ആ ജിന്ന് കൂടാരത്തെ അടിച്ചു തകര്‍ക്കാന്‍? കണ്ടറിയാത്തവന്‍ കൊണ്ടറിയും. എന്നൊക്കെ ആശ്വസിക്കാന്‍ വരട്ടെ. അവരെക്കുറിച്ചും കുറച്ചു പറയാനുണ്ട്.
അത് നാളെ..

ALSO READ  വംശവെറി വീണ്ടും ഇരകളെ തേടുന്നു