രാമനാട്ടുകരയിലെ ഓട്ടോ പണിമുടക്ക്: ചര്‍ച്ചയില്‍ തീരുമാനമായില്ല

Posted on: February 17, 2014 9:56 am | Last updated: February 17, 2014 at 9:56 am

രാമനാട്ടുകര: രാമനാട്ടുകരയിലെ ഓട്ടോഡ്രൈവര്‍മാര്‍ നടത്തുന്ന പണിമുടക്ക് തുടരും . രാമനാട്ടുകരയില്‍ നിന്ന് വിവിധ ‘ഭാഗങ്ങളിലേക്ക് നടത്തുന്ന സമാന്തര സര്‍വീസുകള്‍ക്കെതിരെ വെള്ളിയാഴ്ച വൈകുന്നേരമാണ് സമരം തുടങ്ങിയത്. ട്രാഫിക് സി ഐ വിളിച്ചു ചേര്‍ത്ത യോഗത്തിലും തീരുമാനമുണ്ടാകാതെ പിരിയുകയായിരുന്നു. തിങ്കളാഴ്ച ട്രാഫിക് അസി. കമ്മീഷണര്‍ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പുവ്വന്നൂര്‍പള്ളി വഴി കള്ളിക്കൂടത്തേക്ക് പോകുന്ന സമാന്തര വാഹനം ഓട്ടോഡ്രൈവര്‍മാര്‍ തടഞ്ഞിരുന്നു.
ഇതെ തുടര്‍ന്ന് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ജനപ്രതിനിധികളും പോലീസും ഓട്ടോ ട്രേഡ് യൂനിയന്‍ പ്രതിനിധികളും സമാന്തര സര്‍വീസ് ഉപയോക്താക്കളായ നാട്ടുകാരും ഫറോക്ക് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗം അലസിപ്പിരിഞ്ഞതിനെ തുടര്‍ന്നാണ് ഓട്ടോക്കാര്‍ പണിമുടക്ക് ആരംഭിച്ചത്. കഴിഞ്ഞ നാല് മാസമായി കള്ളിക്കൂടം ‘ഭാഗത്തേക്ക് നാട്ടുകാര്‍ സംഘടിച്ച് പിരിവിട്ടാണ് സമാന്തര സര്‍വീസായി വാഹനം ഓടിക്കുന്നത്. രാമനാട്ടുകര അങ്ങാടിയില്‍ നിന്ന് 12 ഓളം സ്ഥലങ്ങളിലേക്ക് 35 ല്‍ പരം സമാന്തരസര്‍വീസ് നടത്തുന്നുണ്ടെന്നാണ് ഓട്ടോക്കാരുടെ പരാതി. ഇതിനെതിരെ മുഖ്യമന്ത്രി, ജില്ലാ കലക്ടര്‍, ട്രാഫിക് പോലീസ്, ആര്‍ ടി ഒ തുടങ്ങിയവര്‍ക്ക് പരാതിനല്‍കിയെങ്കിലും പരിഹാരമാകാത്തതിനെ തുടര്‍ന്നാണ് ഓട്ടോക്കാര്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങിയത്.