Connect with us

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് വില പ്രദര്‍ശിപ്പിക്കും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകളുടെ വില പ്രദര്‍ശിപ്പിക്കുന്ന സംവിധാനം നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകളുടെ വിലവിവരം പ്രദര്‍ശിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം ആരോഗ്യ വകുപ്പ് ഉടന്‍ പുറപ്പെടുവിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാകുന്നതും അല്ലാത്തതുമായ മരുന്നുകള്‍ ഈ പട്ടികയിലുണ്ടാകും. മരുന്നുകള്‍ക്ക് നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ വില മെഡിക്കല്‍ ഷോപ്പുകള്‍ ഈടാക്കുന്നത് വ്യാപകമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. മരുന്ന് കവറുകളുടെ പുറത്ത് രേഖപ്പെടുത്തിയിട്ടുള്ള വില ഉപഭോക്താവിന് കൃത്യമായി മനസ്സിലാക്കാനാകാത്തതാണ് മരുന്നിന്റെ പേരിലുള്ള തട്ടിപ്പിന് വഴിയൊരുക്കുന്നത്. ഗുളികകളുടെ പാക്കറ്റുകളില്‍ ഒരു സ്ട്രിപ്പിന്റെ വിലയാണ് രേഖപ്പെടുത്തുന്നത്.
ജീവന്‍രക്ഷാ മരുന്നുകളുടെ വിലനിയന്ത്രണവും മരുന്ന് കമ്പനികള്‍ അട്ടിമറിക്കുന്നതായി വ്യാപകമായി പരാതിയുണ്ട്. വിലനിയന്ത്രണ പട്ടികയില്‍പ്പെട്ട അതേ മരുന്നുകള്‍ ചേരുവകള്‍ മാറ്റി കൂടിയ വിലക്ക് വിപണിയിലെത്തിക്കുകയാണ് ചെയ്തുവരുന്നത്. മരുന്ന് വിലനിയന്ത്രണം ഒരു പരിധിവരെയെങ്കിലും നിലനിര്‍ത്താനാണ് വിലനിലവാര പട്ടിക തയ്യാറാക്കല്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. വിലനിയന്ത്രണം പ്രാബല്യത്തില്‍ വരുത്താന്‍ സംസ്ഥാനത്ത് മരുന്ന് നിയന്ത്രണ വിഭാഗം ശക്തമായ പരിശോധനകള്‍ നടത്തിയിരുന്നുവെങ്കിലും മരുന്ന് കമ്പനികള്‍ ഇതിനെ സമര്‍ഥമായി അട്ടിമറിക്കുകയായിരുന്നു.
ഇതര സംസ്ഥാനങ്ങളില്‍ ഉത്പാദിപ്പിക്കുന്ന മരുന്നുകളാണ് ഇപ്പോള്‍ കേരള വിപണിയിലുള്ളത്. പുതിയ ഔഷധ നയത്തിന്റെ ഭാഗമായി 348 ഇനം മരുന്നുകള്‍ക്കാണ് ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി വില കുറച്ച് നിശ്ചയിച്ചത്. മരുന്നുകളുടെ ജനറിക് പേര് രോഗികള്‍ക്ക് എഴുതി നല്‍കാന്‍ എല്ലാ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. വിലനിയന്ത്രണം പ്രാബല്യത്തില്‍ വന്നതോടെ കമ്പനികള്‍ ഇത് അട്ടിമറിക്കാന്‍ ശ്രമം നടത്തിവരികയായിരുന്നു.
എന്നാല്‍, അവശ്യവസ്തു നിയമപ്രകാരം മരുന്ന് നല്‍കാതിരിക്കാന്‍ കമ്പനികള്‍ക്കാകില്ല. വിലനിയന്ത്രണ പട്ടിക വന്ന ശേഷം കുറച്ച കമ്മീഷന്‍ പുനഃസ്ഥാപിക്കാന്‍ ചില കമ്പനികള്‍ തയ്യാറായിട്ടുണ്ട്.
വിലക്കുറവ് രേഖപ്പെടുത്തിയ ബോര്‍ഡ് കടകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശമുണ്ടെങ്കിലും അത് പൂര്‍ണമായി പാലിക്കപ്പെട്ടിട്ടില്ല. മെഡിക്കല്‍ സ്റ്റോറുകാര്‍ മരുന്നുകള്‍ക്ക് വില കൂട്ടിയാല്‍ പിടിക്കാന്‍ സോഫ്റ്റ്‌വെയര്‍ സംവിധാനവും നിലവിലുണ്ട്.