എസ് എസ് എഫ് എക്‌സലന്‍സി ടെസ്റ്റ്: ഫലപ്രഖ്യാപനം 20ന്

Posted on: February 17, 2014 6:00 am | Last updated: February 17, 2014 at 1:09 am

കോഴിക്കോട്: ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച എക്‌സലന്‍സി ടെസ്റ്റിന്റെ ഫലപ്രഖ്യാപനം ഈ മാസം 20ന് നടത്തും. ഫെബ്രുവരി എട്ടിന് സംസ്ഥാനത്തെ 698 കേന്ദ്രങ്ങളില്‍ നടന്ന മോഡല്‍ പരീക്ഷയില്‍ അര ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. എസ് എസ് എല്‍ സി പരീക്ഷക്ക് മുന്നോടിയായി വര്‍ഷങ്ങളായി എസ് എസ് എഫ് നടത്തിവരുന്ന എക്‌സലന്‍സി ടെസ്റ്റിന് വന്‍ സ്വീകാര്യതയാണ് വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗണിതം, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ഇംഗ്ലീഷ്, മലയാളം, കന്നഡ മീഡിയങ്ങളിലാണ് പരീക്ഷ നടത്തിയത്. പരീക്ഷയുടെ മൂല്യനിര്‍ണയം സംസ്ഥാനത്തെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ കേന്ദ്രീകൃതമായി നടന്നുവരികയാണ്. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാകും.
ഇതു സംബന്ധമായി ചേര്‍ന്ന എസ് എസ് എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം എന്‍ എം സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്തു. വി അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു. എന്‍ വി റസാഖ് സഖാഫി, ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമി, റശീദ് സഖാഫി കുറ്റിയാടി, വി പി എം ഇസ്ഹാഖ്, എം എ മജീദ് അരിയല്ലൂര്‍, ഉമര്‍ ഓങ്ങല്ലൂര്‍, അബ്ദുര്‍റശീദ് നരിക്കോട്, എ എ റഹീം, ബശീര്‍ കെ ഐ, പി വി അഹമ്മദ് കബീര്‍, ഹാശിര്‍ സഖാഫി പ്രസംഗിച്ചു. കെ അബ്ദുല്‍ കലാം സ്വാഗതം പറഞ്ഞു.