Connect with us

National

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചിദംബരത്തിന്റെ ജനപ്രിയ ബജറ്റ്‌

Published

|

Last Updated

ന്യൂഡല്‍ഹി: നിരവധി ജനപ്രിയ പദ്ധതികളുമായി 2014-15 വര്‍ഷത്തെ ഇടക്കാല ബജറ്റ് ധനമന്ത്രി പി ചിദംബരം ലോക്‌സഭയില്‍ അവതരിപ്പിച്ചു. ദാരിദ്ര നിര്‍മ്മാജ്ജനത്തിനായി 6000 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. പത്ത് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍, ആയിരം കോടിയുടെ നിര്‍ഭയ ഫണ്ട് രൂപീകരണം, വിദ്യാഭ്യാസ വായ്പകള്‍ക്ക് മൊറട്ടോറിയം തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍.

ആധാര്‍ പദ്ധതിയില്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറല്ലെന്ന് ധനമന്ത്രി പറഞ്ഞു. നേരിട്ടുള്ള സബ്‌സിഡി നിര്‍ബന്ധമാക്കും.കഴിഞ്ഞ വര്‍ഷം ധനക്കമ്മി 4.65 ആയി നിലനിര്‍ത്തിയെന്നും അടുത്തവര്‍ഷം സാമ്പത്തിക വളര്‍ച്ച 4.9 ശതമാനം പ്രതീക്ഷിക്കുന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി.

എക്‌സൈസ് നികുതി കുറച്ചതിനാല്‍ ചെറുകാറുകളുടേയും ബൈക്കുകളുടേയും വില കുറയും. സൈനികര്‍ക്ക് ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കും.ഇന്ത്യന്‍ നിര്‍മ്മിത മൊബൈല്‍ ഫോണ്‍, ഫ്രിഡ്ജ്, ഭക്ഷ്യ എണ്ണ, എന്നിവയുടേയും വില കുറയും.

കേരളത്തിനുള്ള പദ്ധതി വിഹിതത്തില്‍ 1,632.9 കോടിയുടെ വര്‍ധന വരുത്തിയിട്ടുണ്ട്. കൊച്ചി മെട്രോക്ക് 462.17 കോടി രൂപ അനുവദിച്ചു.