റോഡ് നിര്‍മാണത്തില്‍ വന്‍ അഴിമതി കണ്ടെത്തി

Posted on: February 15, 2014 11:30 pm | Last updated: February 15, 2014 at 11:30 pm

പാലക്കാട്: പുതുശ്ശേരി പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയനുസരിച്ചുള്ള റോഡ് നിര്‍മാണത്തില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടെത്തി. കേസില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ച് പേരെ പ്രതിചേര്‍ത്ത് വിജിലന്‍സ് ഡി വൈ എസ് പി തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എസ്റ്റിമേറ്റനുസരിച്ച് ഉണ്ടാകേണ്ട റോഡ് ഒരു കിലോമീറ്റര്‍ കുറച്ച ് നിര്‍മിച്ചാണ് സാമ്പത്തിക അഴിമതി നടത്തിയത്. പഞ്ചായത്തില്‍ തൊഴിലുറപ്പ് നടത്തിപ്പില്‍ വിവിധ വിഭാഗങ്ങളിലായി ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി സര്‍ക്കാര്‍ നടത്തിയ മാതൃകാ സോഷ്യല്‍ ഓഡിറ്റിലും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ചുള്ളിമട സ്വദേശി പൊന്നുണ്ണി നല്‍കിയ ഹരജിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവനുസരിച്ചാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്.
തൊഴിലുറപ്പിന് ഉപകരണങ്ങള്‍ വാങ്ങിയതിലും പ്രഥമ ശുശ്രൂഷക്കുള്ള കിറ്റ് വാങ്ങിയതി ലും റോഡ് നിര്‍മാണത്തിലും അഴിമതി നടന്നുവെന്നായിരുന്നു ഹരജിയിലെ ആരോപണം. ആദ്യത്തെ രണ്ട് ഇടപാടുകളുടെയും ബില്ലുകള്‍ ഉള്‍പ്പെടെ പരിശോധിച്ചെങ്കിലും ക്രമക്കേട് കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ സുലൈമാന്‍ റാവുത്തരുടെ വീട് മുതല്‍ ഓട്ടക്കണ്ണന്‍ ഓവുചാല്‍ വരെ രണ്ടര കിലോമീറ്റര്‍ റോഡ് നിര്‍മാണത്തില്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേടാണ് നടന്നത്. എസ്റ്റിമേറ്റനുസരിച്ച് രണ്ടര കിലോമീറ്റര്‍ റോഡ് നിര്‍മിക്കണം. അതിന് ആദ്യ ഘട്ടമായി ഒരു ലക്ഷം രൂപയും അനുവദിച്ചു. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ റോഡിന്റെ നീളം ഒന്നര കിലോമീറ്ററായി ചുരുങ്ങി. മുഴുവന്‍ റോഡും നിര്‍മിച്ചതായാണ് പദ്ധതി റിപ്പോര്‍ട്ടെങ്കിലും അതില്‍ ഒരു കിലോമീറ്റര്‍ കണ്ടെത്താനായില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതിയുടെ മുഴുവന്‍ പണവും കൈപ്പറ്റിയിട്ടുണ്ട്.
കേസില്‍ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് കെ സുരേഷ്‌കുമാര്‍, സെക്രട്ടറി പി ധനപാലന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ രാമന്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേരെ പ്രതിചേര്‍ത്താണ് വിജിലന്‍സ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 2007-2008 വര്‍ഷത്തെ പദ്ധതിയിലാണ് അഴിമതി. 2011ല്‍ നടന്ന മാതൃകാ സോഷ്യല്‍ ഓഡിറ്റില്‍ തൊഴിലാളികളുടെ ഫോട്ടോ എടുക്കുന്നതിലും ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. ഫോട്ടോ എടുത്തു നല്‍കേണ്ടത് പഞ്ചായത്താണെങ്കിലും അതിന്റെ ചെലവ് തൊഴിലാളികളില്‍ നിന്ന് ഇടാക്കി.
പ്രവൃത്തി ഏര്‍പ്പാട് ചെയ്യാതെ തൊഴില്‍ അനുവദിക്കല്‍, ജനകീയ എസ്റ്റിമേറ്റ് തയ്യാറാക്കാതിരിക്കല്‍, ഉപകരണ വാടക തെറ്റായി സി ഡി എസ് അക്കൗണ്ടില്‍ ചേര്‍ക്കല്‍ എന്നീ അപാകങ്ങളും തെളിഞ്ഞിരുന്നു. തൊഴിലുറപ്പിന്റെ എസ്റ്റിമേറ്റില്‍ വേതനം ഉള്‍പ്പെടെയുള്ള തുക വക കൊള്ളിക്കല്‍, അതിന്റെ സാങ്കേതിക പരിശോധന, നിര്‍മാണങ്ങളുടെ അളവെടുപ്പ്, കരാറുകാരെ നിയമിക്കല്‍, മാസ്റ്റര്‍ റോള്‍ തയ്യാറാക്കല്‍, നിര്‍മാണ ഫയലില്‍ രേഖകള്‍ ഉള്‍ക്കൊള്ളിക്കല്‍ എന്നിവയില്‍ ക്രമക്കേടുകളും കണ്ടെത്തി. ഇതുസംബന്ധിച്ച നടപടികള്‍ ഗ്രാമ വികസന വകുപ്പിന്റെ പരിഗണനയിലാണ്.