Connect with us

Thrissur

അന്ത്യശാസനം ലീഗ് തള്ളി; യു ഡി എഫില്‍ പ്രതിസന്ധി

Published

|

Last Updated

തൃശൂര്‍: കോര്‍പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം എല്‍ റോസി രാജി വെച്ചു. ഇന്നലെ ഡി സി സി പ്രസിഡന്റിന് കൈമറിയ രാജിക്കത്ത് ഇന്ന് റോസി ഔദ്യോഗികമായി കോര്‍പറേഷന്‍ സെക്രട്ടറിക്ക് നല്‍കി.
അതേസമയം മുസ്‌ലിം ലീഗിലെ ഡോ. എം ഉസ്മാന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ ഇനിയും തയ്യാറായിട്ടില്ല. രാജി വെക്കാനുള്ള കോണ്‍ഗ്രസിന്റെ അന്ത്യശാസനം നിരാകരിക്കുന്ന മുസ്‌ലിം ലീഗ് നിലപാട് ജില്ലയില്‍ യു ഡി എഫില്‍ പുതിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. പാര്‍ട്ടി പറഞ്ഞാല്‍ രാജിവെക്കുമെന്നും പറയാതെ രാജി വെക്കില്ലെന്നും ഡോ. ഉസ്മാന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വം പല തവണ ആവശ്യപ്പെട്ടിട്ടും രാജിവെക്കാത്ത സാഹചര്യത്തിലായിരുന്നു കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയത്. രണ്ട് വര്‍ഷത്തെ കാലാവധി നിശ്ചയിച്ച സ്ഥാനങ്ങള്‍ മുന്ന് വര്‍ഷം കഴിഞ്ഞിട്ടും രാജി വെക്കാത്തതിലുള്ള പ്രതിഷേധവും കോണ്‍ഗ്രസിനുണ്ട്. രാജി വെച്ചില്ലെങ്കില്‍ പുറത്താക്കുമെന്ന ഭീഷണിയും ഡി സി സി നേതൃത്വം പ്രയോഗിച്ചിരുന്നു.
അന്ത്യശാസനം ലീഗ് നിരാകരിച്ച സാഹചര്യത്തില്‍ എന്തു ചെയ്യണമെന്ന ആശയകുഴപ്പത്തിലാണ് കോണ്‍ഗ്രസ്. ആറംഗ കമ്മിറ്റിയില്‍ കോണ്‍ഗ്രസിന് മൂന്നംഗങ്ങളേയുള്ളൂ. പുറത്താക്കണമെങ്കില്‍ നാലംഗങ്ങളുടെ പിന്തുണ വേണം. ബി ജെ പിയുടെയോ സി പി എംന്റെയോ പിന്തുണ തേടിയാലെ ഡോ. ഉസ്മാനെ പുറത്താക്കാനാകൂ. അതേസമയം കാലാവധി സംബന്ധിച്ച് ഒരു ധാരണയും മുന്നണിയില്‍ നിലവിലുണ്ടായിരുന്നില്ലെന്ന് സ്ഥാനമൊഴിഞ്ഞ എം എല്‍ .റോസി പ്രസ്താവനയില്‍ പറഞ്ഞു. എസ് ജെ ഡി ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് തന്റെ രാജി. കോര്‍പ്പറേഷനില്‍ യു ഡി എഫ് ഭരണം ഇപ്പോള്‍ കോണ്‍ഗ്രസ് ഭരണം മാത്രമായി മാറിയതായും റോസി പരാതിപ്പെട്ടു.