ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്: ജില്ല കടുത്ത വരള്‍ച്ചയിലേക്ക്

Posted on: February 15, 2014 10:51 pm | Last updated: February 15, 2014 at 10:51 pm

കോഴിക്കോട്: കഴിഞ്ഞ മഴക്കാലത്ത് വേണ്ടത്ര മഴ ലഭിക്കാതിരുന്നത് ജില്ലയില്‍ കടുത്ത വരള്‍ച്ചക്ക് കാരണമാകുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റിലെ ശാസ്ത്രജ്ഞന്‍ ഡോ. ദിനേശന്‍ പറഞ്ഞു.
കലക്ടറേറ്റില്‍ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച വരള്‍ച്ചാ ലഘൂകരണത്തിനുള്ള ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ലഭിക്കുന്ന മഴയുടെ ശരാശരി ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. എന്നാല്‍ വേഗത്തില്‍ ഒഴുകിപ്പോകുന്ന വിധമുള്ള ചരിഞ്ഞ ഭൂപ്രകൃതി മൂലം ഭൂഗര്‍ഭ ജലസംഭരണം കാര്യമായി നടക്കില്ല. മഴയില്ലാത്ത മാസങ്ങളില്‍ ഇടമഴകള്‍ ലഭിക്കുന്നതിനാലാണ് ഗുരുതരമായ ജലദൗര്‍ലഭ്യം ഉണ്ടാകാത്തത്. ഇത്തവണ ഇടമഴ ലഭിക്കാത്തതും കഴിഞ്ഞ വര്‍ഷത്തെ വടക്കു കിഴക്കന്‍ മണ്‍സൂണ്‍ കാലത്ത് ജില്ലയില്‍ ലഭിച്ച മഴയില്‍ 25 ശതമാനത്തിലധികം കുറവുണ്ടായതും കടുത്ത വരള്‍ച്ചാ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഈ സാഹചര്യത്തില്‍ വരള്‍ച്ച നേരിടുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ പൊതുജനങ്ങളും തദ്ദേശ ഭരണ സ്ഥാപനങ്ങളും സ്വീകരിക്കണം. കിണറുകളും കുളങ്ങളും സംരക്ഷിക്കല്‍, ഭൂഗര്‍ഭജല പരിപോഷണത്തിനുള്ള നടപടികള്‍ സ്വീകരിക്കല്‍, കുടിവെള്ള വിതരണത്തിനുള്ള ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കല്‍, മഴവെള്ള സംഭരണം, ഉപരിതല ജലം ഒഴുകിപ്പോകുന്നത് തടയുന്നതിന് ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കല്‍, ജല മലിനീകരണം ഒഴിവാക്കല്‍, ജലവിതരണ സംവിധാനത്തിലെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കല്‍, അമിത ജല ഉപഭോഗം കുറക്കല്‍, തടയണകള്‍ നിര്‍മിച്ചുള്ള ജലസംരക്ഷണം തുടങ്ങിയവ അടിയന്തരമായി ചെയ്യണം.
കാര്‍ഷിക മേഖലയില്‍ ജലദൗര്‍ലഭ്യം സാമ്പത്തിക-സാമൂഹ്യ പ്രത്യഘാതം ഉണ്ടാക്കുമെന്നും ഡോ. ദിനേശന്‍ മുന്നറിയിപ്പ് നല്‍കി. ജില്ലാ കലക്ടര്‍ സി എ ലത ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. വില്ലേജ് ഓഫീസര്‍മാരും തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.