സംഘര്‍ഷത്തിനൊടുവില്‍ തുര്‍ക്കിയില്‍ വിവാദ ബില്‍ പാസായി

Posted on: February 15, 2014 10:47 pm | Last updated: February 15, 2014 at 10:47 pm

TURKYഇസ്തംബൂള്‍: ഏറെ സംഘര്‍ഷഭരിതമായ സാഹചര്യങ്ങള്‍ക്കൊടുവില്‍ നീതിന്യായ സംവിധാനം പരിഷ്‌കരിക്കുന്നതിനുള്ള ബില്‍ തുര്‍ക്കി പാര്‍ലിമെന്റ് പാസാക്കി. ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും എം പിമാര്‍ തമ്മില്‍ ഏറ്റുമുട്ടി. പ്രതിപക്ഷ എം പിയുടെ മൂക്ക് പൊട്ടി ചോരയൊലിക്കുന്ന ചിത്രം മാധ്യമങ്ങള്‍ പുറത്തുവിട്ടു.
ജഡ്ജിമാരുടെയും പ്രോസിക്യൂട്ടര്‍മാരുടെയും ഉന്നതതല സമിതിയുടെ നിയന്ത്രണം നീതിന്യായ മന്ത്രാലയത്തിന്റെ കീഴില്‍ കൊണ്ടുവരുന്ന നിയമം ഇരുപത് മണിക്കൂര്‍ നീണ്ട വാഗ്വാദങ്ങള്‍ നിറഞ്ഞ ചര്‍ച്ചക്കൊടുവിലാണ് പാസാക്കിയത്. ചര്‍ച്ചക്ക് ശേഷം ബില്‍ വോട്ടിനിട്ടതോടെ പ്രതിപക്ഷ എം പിമാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതു പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പ്രധാനമന്ത്രി റജബ് തയ്യിബ് ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള എ കെ പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള പാര്‍ലിമെന്റില്‍ ബില്‍ നിഷ്പ്രയാസം പാസായി.
അഴിമതി കേസുമായി ബന്ധപ്പെട്ട് ഉര്‍ദുഗാന്റെ അനുയായികള്‍ക്കെതിരെയും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കോടതി നടപടികള്‍ വന്നതിന് തൊട്ടുപിന്നാലെയാണ് നീതിന്യായ പരിഷ്‌കരണ ബില്ലുമായി ഭരണപക്ഷ പാര്‍ട്ടി രംഗത്തെത്തുന്നത്. സംഘര്‍ഷത്തിനിടെ പരുക്കേറ്റ അലി ഇഹ്‌സാന്‍ കൊക്തുര്‍ക്കിനെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.