സിറിയന്‍ ചര്‍ച്ച പരാജയം

Posted on: February 15, 2014 10:41 pm | Last updated: February 15, 2014 at 10:41 pm

SYRIAജനീവ/ദമസ്‌കസ്: സിറിയന്‍ വിഷയം പരിഹരിക്കാനായി ജനീവയില്‍ നടന്ന സമാധാന ചര്‍ച്ച പരാജയപ്പെട്ടു. ഏറ്റുമുട്ടല്‍ പരിഹരിക്കുന്നതിനെ കുറിച്ചുള്ള പരാമര്‍ശങ്ങളില്ലാതെ ‘രണ്ടാം ജനീവ’യുടെ രണ്ടാം ഘട്ടവും സമാപിച്ചു. അടുത്ത ഘട്ടം ചര്‍ച്ചക്ക് ഇരുകൂട്ടരും സമ്മതം മൂളിയിട്ടുണ്ടെങ്കിലും ചര്‍ച്ച എന്നാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. സിറിയയില്‍ മൂന്ന് വര്‍ഷത്തോളമായി നടക്കുന്ന ആഭ്യന്തര കലാപം പരിഹരിക്കാനായി ചേര്‍ന്ന അന്താരാഷ്ട്ര ചര്‍ച്ച ആശങ്കക്ക് ഇടവരുത്തിയാണ് പിരിഞ്ഞിരിക്കുന്നത്.
സിറിയന്‍ സര്‍ക്കാറിനെ അനുകൂലിക്കുന്ന റഷ്യയുടെയും വിമതര്‍ക്കും പ്രതിപക്ഷത്തിനും അനുകൂലമായ സമീപനം സ്വീകരിക്കുന്ന അമേരിക്കയുടെയും നേതൃത്വത്തില്‍ യു എന്നിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിയുന്നത് പുതിയ പ്രതിസന്ധിക്ക് കാരണമായേക്കും. സിറിയന്‍ പ്രശ്‌നം പരിഹരിക്കാന്‍ യു എന്നിന് പോലും സാധിക്കില്ലെന്നാണ് രണ്ടാം ജനീവ ചര്‍ച്ചയില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നതെന്ന് വ്യാഖ്യാനിക്കപ്പെടുന്നു.
ചര്‍ച്ച പരാജയപ്പെട്ടതില്‍ സിറിയന്‍ വിഷയത്തിലെ യു എന്‍, അറബ് ലീഗ് പ്രത്യേക പ്രതിനിധിയും രണ്ടാം ജനീവ ചര്‍ച്ചയുടെ മധ്യസ്ഥനുമായ ലഖ്ദര്‍ ഇബ്‌റാഹീമി ക്ഷമ ചോദിച്ചു. ബശര്‍ അല്‍ അസദ് രാജിവെക്കാതെ ചര്‍ച്ച മുന്നോട്ടുപോകില്ലെന്ന തീരുമാനത്തില്‍ സിറിയന്‍ പ്രതിപക്ഷവും രാജിക്ക് സന്നദ്ധമല്ലെന്ന നിലപാടില്‍ സിറിയന്‍ വക്താക്കളും ഉറച്ചു നില്‍ക്കുന്നതായും ഈ സാഹചര്യത്തില്‍ അനുരഞ്ജനത്തിന്റെ എല്ലാ പരിശ്രമവും അവസാനിച്ചിരിക്കുകയാണെന്നും ഇബ്‌റാഹീമി വ്യക്തമാക്കി. അതേസമയം, വിമതരുടെ നിയന്ത്രണത്തിലുള്ള ഹംസില്‍ മാസങ്ങളായി കുടുങ്ങിക്കിടക്കുകയായിരുന്ന ആയിരിക്കണക്കിന് ജനങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി അവശ്യ സഹായങ്ങള്‍ എത്തിക്കാന്‍ സാധിച്ചുവെന്നത് മാത്രമാണ് രണ്ടാം ജനീവ ചര്‍ച്ച കൊണ്ടുണ്ടായ ഏക പ്രയോജനം. ചര്‍ച്ച നടന്നുകൊണ്ടിരിക്കെ ഹംസില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഇരു വിഭാഗത്തോടും യു എന്‍ വക്താക്കള്‍ ആവശ്യപ്പെട്ടതോടെയാണ് ഹംസില്‍ മനുഷ്യാവകാശ ദൗത്യം ആരംഭിച്ചത്. എന്നാല്‍, സിറിയയുടെ വിവിധ ഭാഗങ്ങളില്‍ രണ്ടര ലക്ഷത്തോളം പേര്‍ ഇത്തരത്തില്‍ ദുരിതം അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിറിയന്‍ പ്രക്ഷോഭ നഗരങ്ങളില്‍ വിമതരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ മൂന്നാഴ്ചക്കുള്ളില്‍ മാത്രം രാജ്യത്ത് 5,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.