Connect with us

National

ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം; നിയമസഭ മരവിപ്പിക്കും

Published

|

Last Updated

delhi assembli

ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാര്‍ രാജിവെച്ച സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിയമസഭ മരവിപ്പിച്ച് നിര്‍ത്തി രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്യാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ലഫ്റ്റനന്റ് ഗവര്‍ണറുടെ ശിപാര്‍ശ പരിഗണിച്ചാണ് ഇന്നലെ രാത്രി ചേര്‍ന്ന മന്ത്രിസഭ ഇക്കാര്യം തീരുമാനിച്ചത്. തീരുമാനത്തിന് ഉടന്‍ രാഷ്ട്രപതിയുടെ അനുമതി തേടും. രാഷ്ട്രപതി ഉത്തരവ് ഇറക്കുന്നതോടെ തീരുമാനം പ്രാബല്യത്തില്‍ വരും. നിയമസഭ പിരിച്ചുവിട്ട് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജുംഗിന് നല്‍കിയ കത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാതെയാണ് നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി കേന്ദ്ര സര്‍ക്കാറിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ കത്ത് നല്‍കിയത്.
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ചേര്‍ന്ന യോഗമാണ് സര്‍ക്കാര്‍ രാജിവെക്കാനുള്ള തീരുമാനമെടുത്തത്. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും യോഗം ശിപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യം തള്ളിക്കൊണ്ടാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കിയത്. മറ്റൊരു പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സാധിക്കുന്ന സാഹചര്യം ഇല്ലാത്തതിനാലാണ് രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ നല്‍കിയത്. നിയമോപദേശം തേടിയശേഷം എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ ശിപാര്‍ശയിന്മേല്‍ കേന്ദ്ര മന്ത്രിസഭ തീരുമാനം എടുത്തതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പിന് തന്നെയാണ് സാധ്യത. അതുവരെ രാഷ്ട്രപതി ഭരണം തുടരും. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി ജെ പി, സര്‍ക്കാര്‍ രൂപവത്കരിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വെള്ളിയാഴ്ച രാത്രി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കിയ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറിയതായും അദ്ദേഹം അത് സ്വീകരിച്ചതായും എ എ പി ദേശീയ എക്‌സിക്യൂട്ടീവ് അംഗം യോഗേന്ദ്ര യാദവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ജന്‍ ലോക്പാല്‍ ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതോടെയാണ് കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. ബില്‍ സഭയുടെ മേശപ്പുറത്ത് വെച്ചെങ്കിലും അവതരണം സ്പീക്കര്‍ എം എസ് ധീര്‍ തള്ളി. 27നെതിരെ 42 വോട്ടുകള്‍ക്കാണ് ബില്ലിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചത്. കോണ്‍ഗ്രസും ബി ജെ പിയും എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തുകയായിരുന്നു.

---- facebook comment plugin here -----

Latest