രഹാനെക്ക് സെഞ്ച്വറി; ഇന്ത്യക്ക് 246 റണ്‍സ് ലീഡ്‌

Posted on: February 15, 2014 3:01 pm | Last updated: February 16, 2014 at 8:15 am

rahaneവെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ലീഡ്. അജിങ്ക്യ രഹാനെയുടെ കന്നി ടെസ്റ്റ് സെഞ്ച്വറിയുടെയും ശിഖര്‍ ധവാന്റെ ഉജ്ജ്വല ബാറ്റിംഗിന്റേയും മികവില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 438 റണ്‍സ് നേടി. രഹാനെ 118 റണ്‍സ് നേടി പുറത്തായി. 98 റണ്‍സ് നേടിയ ധവാനും 68 റണ്‍സ് നേടിയ ധോണിയും രഹാനെയ്ക്ക് മികച്ച പിന്തുണ നല്‍കി.

246 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ കിവീസിന് തുടക്കം പിഴച്ചു. രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ പീറ്റര്‍ ഫുള്‍ട്ടനെ സഹീര്‍ ഖാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. കളിനിര്‍ത്തുമ്പോള്‍ കിവീസ് 24/1 എന്ന നിലയിലാണ്.

158 പന്തില്‍ 17 ബൗണ്ടറികളും ഒരു സിക്‌സറും അടങ്ങുന്നതാണ് രഹാനെയുടെ ഇന്നിംഗ്‌സ്. വിരാട് കോഹ്‌ലി 38 റണ്‍സും നൈറ്റ് വാച്ച്മാന്‍ ഇശാന്ത് ശര്‍മ്മ 26 റണ്‍സുമെടുത്തു. പരമ്പര നഷ്ടമാവാതിരിക്കാന്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. ആദ്യ ടെസ്റ്റ് ന്യൂസിലാന്റ് 40 റണ്‍സിന് വിജയിച്ചിരുന്നു.