സിറിയ: ‘യു എന്നിന്റെ ഹംസ് ദൗത്യം പൂര്‍ണം’

Posted on: February 15, 2014 6:11 am | Last updated: February 15, 2014 at 9:11 am

ജനീവ: ഏറ്റുമുട്ടല്‍ രൂക്ഷമായ സിറിയയിലെ ഹംസില്‍ നടന്ന രക്ഷാ പ്രവര്‍ത്തനം പൂര്‍ണ വിജയമായിരുന്നുവെന്ന് യു എന്‍. യു എന്‍ ഉദ്യോഗസ്ഥരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഹംസില്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തില്‍ മുവായിരത്തോളം പേരെ സുരക്ഷിത കേന്ദ്രത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നും യു എന്‍ മനുഷ്യാവകാശ മേധാവി വലേറിയ അമോസ് വ്യക്തമാക്കി.
ഏറ്റുമുട്ടല്‍ രൂക്ഷമായ ഹംസില്‍ മാസങ്ങളോളമായി സ്ത്രീകളും കുട്ടികളുമടങ്ങിയ ആയിരക്കണക്കിനാളുകള്‍ കുടങ്ങിക്കിടക്കുകയായിരുന്നു. ആവശ്യമായ ഭക്ഷണമോ ചികിത്സയോ ലഭിക്കാതെ കഷ്ടപ്പെടുന്ന ജനങ്ങളെയാണ് സുരക്ഷിത കേന്ദ്രത്തിലേക്കെത്തിച്ചതെന്നും സിറിയയില്‍ ഇത്തരത്തില്‍ രണ്ടര ലക്ഷത്തോളം ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നുണ്ടെന്നും വലേറിയ അറിയിച്ചു. ഹംസില്‍ നടന്ന രക്ഷാ പ്രവര്‍ത്തനം സിറിയയിലെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.