Connect with us

Editorial

പറവൂര്‍ കേസിലെ ഇര ഓര്‍മപ്പെടുത്തുന്നത്

Published

|

Last Updated

വിചാരണ വേഗത്തിലാക്കി എത്രയും വേഗം നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു പറവൂര്‍ പീഡനക്കേസിലെ ഇര മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് സംസ്ഥാന സര്‍ക്കാറിന്റെയും രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. മുന്ന് വര്‍ഷം മുമ്പ് 14-15 വയസ്സ് പ്രായമുള്ള സമയത്താണ് ഈ പെണ്‍കുട്ടിയെ മാതാവും പിതാവും ചേര്‍ന്ന് വേശ്യാവൃത്തിക്ക് ഉപയോഗപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ടു 42 കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആറ് കേസുകളില്‍ മാത്രമാണ് തീര്‍പ്പുണ്ടായത്. വിചാരണ രണ്ട് വര്‍ഷം കൊണ്ട് അവസാനിപ്പിച്ചു പെണ്‍കുട്ടിക്ക് പഠനസൗകര്യം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി രണ്ട് വര്‍ഷം മുമ്പ് ഉത്തരവിട്ടിരുന്നെങ്കിലും കേസുകളിലെ വിചാരണയും മറ്റു നടപടികളും അനിശ്ചിതമായി നീളുകയാണ്. കാര്യങ്ങള്‍ ഇന്നത്തെ നിലയില്‍ പോയാല്‍ അവശേഷിക്കുന്ന കേസുകളുടെ തീര്‍പ്പിന് ദശകങ്ങള്‍ തന്നെ വേണ്ടി വരും. അപ്പോഴേക്കും പ്ലസ്ടു പസ്സായ തനിക്ക് ഉയര്‍ന്നു പഠിക്കാനും ശോഭനമായൊരു ജീവിതം കരുപ്പിടിപ്പിക്കാനുമുള്ള അവസരം നഷ്ടമാകുമെന്ന് പെണ്‍കുട്ടി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കേസുകള്‍ യഥാസമയം തീര്‍പ്പാക്കുന്നതില്‍ നീതിപീഠങ്ങളുടെ ഭാഗത്തു നിന്നുള്ള അലംഭാവവും വീഴ്ചയും വര്‍ധിച്ചു വരികയാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. നാഷനല്‍ ക്രൈം ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2010-11ല്‍ മാത്രം രാജ്യത്ത് 1,26,753 സ്ത്രീപീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 21,489 കേസുകളില്‍ മാത്രമാണ് വിചാരണ പൂര്‍ത്തിയായത്്. 80 ശതമാനം കേസുകളും എങ്ങുമെത്തിയിട്ടില്ലെന്നര്‍ഥം. കേരളത്തില്‍ തന്നെ ഇരുപത്തിരണ്ട് വര്‍ഷം പഴക്കമുള്ള അഭയ കേസും പതിനെട്ട് വര്‍ഷമായ സൂര്യനെല്ലി കേസും പതിനേഴ് വര്‍ഷമായ വിതുര കേസും നീതിവിളംബത്തിന്റെ ഉദാഹരണങ്ങളായി നമ്മുടെ മുമ്പിലുണ്ട്.
സ്ത്രീപീഡനം തടയാന്‍ സര്‍ക്കാര്‍ ശക്തമായ നിയമങ്ങളാവിഷ്‌കരിച്ചിട്ടുണ്ട്. ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അത് കൂടുതല്‍ കര്‍ക്കശമാക്കുകയുമുണ്ടായി. എന്നിട്ടും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ കേരളത്തില്‍ 35,243 സ്ത്രീപീഡനങ്ങള്‍ നടന്നുവെന്നാണ് രണ്ടാഴ്ച മുമ്പ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചത്. 289 സ്ത്രീകള്‍ കൊല ചെയ്യപ്പെട്ടു. 2,952 പേര്‍ ബലാത്സംഗത്തിനിരയായി. 1,375 പെണ്‍കുട്ടികളെ കാണാതായി. നിയമങ്ങളുടെ അപര്യാപ്തതയല്ല, നിയമ നിര്‍വഹണത്തിലെ വീഴ്ചയാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന്റെ മുഖ്യകാരണമെന്നാണ് ഇത് കാണിക്കുന്നത്.
കേസുകള്‍ അനന്തമായി നീളുന്നത് പ്രതികള്‍ക്ക് സൈ്വരമായി വിഹരിക്കാന്‍ അവസരം നല്‍കുകയും ഇരകളുടെ പ്രയാസങ്ങളും ദുരിതങ്ങളും രൂക്ഷമാക്കുകയും ചെയ്യുന്നു. പ്രതികളില്‍ പലരും പ്രമുഖരും സ്വാധീനമുള്ളവരുമായിരിക്കും. ജാമ്യത്തിലിറങ്ങുന്ന ഇത്തരക്കാര്‍ ഇരകളെയും കുടുംബങ്ങളെയും ഭീഷണിപ്പെടുത്തിയും സാക്ഷികളെ സ്വാധനിച്ചും കേസിന് തുമ്പില്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇരകള്‍ക്ക് സമൂഹത്തില്‍ നിന്നേല്‍ക്കേണ്ടി വരുന്ന കുത്തുവാക്കുകളും പരിഹാസങ്ങളും വര്‍ഷങ്ങളോളം കോടതിപ്പടികള്‍ കയറിയിറങ്ങുമ്പോള്‍ അനുഭവപ്പെടുന്ന മാനസിക സംഘര്‍ഷങ്ങളും വേറെയും. രണ്ട് വര്‍ഷം പ്രതികളില്‍നിന്ന് അനുഭവിച്ചതില്‍ കൂടുതല്‍ മാനസിക സംഘര്‍ഷം കോടതിയില്‍ നിന്നു അനുഭവിക്കുന്നതായി പറവൂര്‍ കേസിലെ ഇര മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ പറയുന്നുണ്ട്. ഗത്യന്തരമില്ലാതെ ഇരകള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളും അപൂര്‍വമല്ല. ടെന്നീസ് താരം രുചികാ ഗിര്‍ഹോത്രയുടെ കാര്യത്തില്‍ അതാണല്ലോ സംഭവിച്ചത്. കോളിളക്കം സൃഷ്ടിച്ച ഈ കേസിലെ പ്രതി റാത്തോഢ് ഹരിയാനയിലെ ഉയര്‍ന്ന പോലീസുദ്യോഗസ്ഥനായിരുന്നു. അയാള്‍ ജാമ്യത്തിലിറങ്ങി ഇരയെയും കുടുംബത്തെയും നിരന്തരം വേട്ടയാടിയതിനെ തുടര്‍ന്നാണ് രുചിക ജീവനൊടുക്കിയത്. ഇരക്ക് നീതി ലഭ്യമാക്കാന്‍ ബാധ്യസ്ഥമായ സംസ്ഥാന സര്‍ക്കാര്‍ അന്ന് പ്രതിയെ സംരക്ഷിക്കാനാണ് തിടുക്കം കാട്ടിയതും.
ലോകത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ കെട്ടിക്കിടക്കുന്ന രാഷ്ട്രമാണ് ഇന്ത്യ. മൂന്ന് കോടിയിലധികം കേസുകളാണ് രാജ്യത്തെ വിവിധ കോടതികളിലായി തീര്‍പ്പാകാതെ കിടക്കുന്നത്. ഇവയില്‍ ആയിരക്കണക്കിനു കേസുകള്‍ ദശാബ്ദങ്ങളുടെ പഴക്കമുള്ളതാണ്. നീതിവിളംബം നീതിനിഷേധമെന്ന തത്വം കോടതികള്‍ വിസ്മരിക്കുമ്പോള്‍ അതിന്റെ കെടുതികളനുഭവിക്കേണ്ടി വരുന്നത് നീതിപീഠങ്ങളെ പ്രതീക്ഷാപൂര്‍വം ഉറ്റുനോക്കുന്ന ഇരകളാണെന്ന സത്യം ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തുകയാണ് പറവൂര്‍ കേസിലെ ഇര.

Latest