Connect with us

Articles

സുധീരന്‍: ആദര്‍ശ പ്രതിച്ഛായയും വസ്തുതാ രാഷ്ട്രീയവും

Published

|

Last Updated

രാഹുല്‍ ഗാന്ധിക്ക് രാഷ്ട്രീയം അറിയാം എന്ന് തെളിയിക്കുന്ന ഒരു നീക്കമായിട്ട് വേണം വി എം സുധീരനെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനാക്കിയ നടപടിയെ കാണാന്‍. കെ കരുണാകരന്റെയും കെ മുരളീധരന്റെയും ശൈലിയില്‍ ഗ്രൂപ്പ് കളിച്ച് ഹൈക്കമാന്‍ഡിനെ വെല്ലുവിളിക്കുന്ന ഒരു നേതാവും ഇനിമേലില്‍ കോണ്‍ഗ്രസിനകത്തുണ്ടാകാന്‍ അനുവദിക്കില്ലെന്നൊരു താക്കീത് ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും നല്‍കുന്നതിനും വി എം സുധീരനെ കെ പി സി സി അധ്യക്ഷനാക്കി കെട്ടിയിറക്കിയ നടപടിയില്‍ ഉണ്ട്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്നാല്‍ ഇന്ദിരാ ഗാന്ധി എന്നൊരു അവസ്ഥ അടിയന്തരാവസ്ഥ മുതല്‍ ഇന്ദിരാ ഗാന്ധിയുടെ മരണം വരെ ഇന്ദിരാ ഗാന്ധി നിലനിര്‍ത്തി. മുത്തശ്ശിയുടെ നിലവാരത്തിലേക്ക് രാഹുല്‍ ഗാന്ധി എന്ന പേരമകനും എത്തിച്ചേരുകയാണ്. എന്നുവെച്ചാല്‍, കോണ്‍ഗ്രസ് എന്നാല്‍ രാഹുല്‍ ഗാന്ധി എന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു.
വലിയ ജനാധിപത്യവാദിയും അതിനാല്‍ വിമത സ്വരങ്ങള്‍ ഒരുപാട് പുറപ്പെടുവിച്ച ആദര്‍ശധീരനുമാണ് വി എം സുധീരന്‍ എന്നാണ് ചാനല്‍ വര്‍ത്തമാനങ്ങള്‍ പറയുന്നത്. എന്നാല്‍, ഏറ്റവും വലിയ ജനാധിപത്യധ്വംസനമെന്ന് ചരിത്രകാരന്മാര്‍ വിലയിരുത്തിയിട്ടുള്ള ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥയെ അപ്പാടെ അംഗീകരിച്ച ആളാണ് വി എം സുധീരന്‍. വി എം സുധീരന്റെ ജനാധിപത്യാദര്‍ശം എന്നത് അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധിയോട് പൂര്‍ണ വിധേയത്വം എന്നതായിരുന്നു. ഇനി മുതല്‍ സുധീരന്റെ ജനാധിപത്യാദര്‍ശം എന്നത് മകന്റെ പ്രായമുള്ള രാഹുല്‍ ഗാന്ധിക്ക് സമ്പൂര്‍ണം കീഴ്‌വണങ്ങി നില്‍ക്കുക എന്നതായിരിക്കും. ഇക്കാര്യത്തില്‍ ഉറപ്പുള്ളതിനാല്‍ മാത്രമാണ് ഡല്‍ഹിയില്‍ എ കെ ആന്റണിയെ എന്ന പോലെ കേരളത്തില്‍ വി എം സുധീരനെയും രാഹുല്‍ ഗാന്ധി താക്കോല്‍ സ്ഥാനത്തേക്ക് കൊണ്ടുവന്നിരിക്കുന്നത്. എല്ലാ സ്വേച്ഛാധിപതികള്‍ക്കും ആവശ്യം “തിരുവാക്ക് എതിര്‍വാ പറയാത്ത” വിനീതവിധേയരായ സേവകന്മാരെയാണ്. ഇന്ദിരാ ഗാന്ധി അത്തരമൊരു സേവക വൃന്ദ പ്രസ്ഥാനമായി കോണ്‍ഗ്രസിനെ രൂപാന്തരപ്പെടുത്തി. രാഹുല്‍ ഗാന്ധിയും അത് തന്നെയാണ് ചെയ്യുന്നത്. ഇതിനെ ജനാധിപത്യം എന്നു വിളിക്കണമെങ്കില്‍ അടിമത്തമാണ് ജനാധിപത്യ മാനവന്റെ ഉത്തമ സ്വഭാവമെന്ന് സമ്മതിക്കേണ്ടിവരും.
ഉമ്മന്‍ ചാണ്ടി എ കെ ആന്റണിയെപ്പോലെ രാഹുല്‍ ഗാന്ധിക്ക് പൂര്‍ണവിധേയനായിരിക്കുമോ എന്ന കാര്യത്തില്‍ രാഹുലിന് സംശയമുണ്ട്. സംശയം തോന്നാവുന്ന തന്നിഷ്ട നടപടികള്‍ ഉമ്മന്‍ ചാണ്ടി രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ എടുക്കുന്നതിനെ സംബന്ധിച്ചും മറ്റും കൈക്കൊള്ളുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ ഉമ്മന്‍ ചാണ്ടി നിര്‍ദേശിക്കുന്ന ആളെ കെ പി സി സി അധ്യക്ഷനാക്കിയാല്‍ ഉമ്മന്‍ ചാണ്ടി പറയുന്നത് അനുസരിക്കുക എന്നതിനപ്പുറത്തേക്ക് കെ പി സി സിക്കോ രാഹുല്‍ ഗാന്ധിക്കോ ഒരു ചുവട് മാറാനാകില്ല. അങ്ങനെ സംഭവിച്ചാല്‍ മറ്റൊരു കരുണാകരനായി ഉമ്മന്‍ ചാണ്ടി മാറും. അതിന് തടയിടാന്‍ ഉമ്മന്‍ ചാണ്ടിയുടെ തലക്ക് മുകളിലൂടെ കെട്ടിയിറക്കിയ ഹൈക്കമാന്‍ഡിന്റെ വിനീതവിധേയനാണ് വി എം സുധീരന്‍. രാഹുല്‍ ഗാന്ധിയെ കാണാന്‍ മുട്ട് വിറക്കുന്ന ധീരതയുള്ളവന്‍ മാത്രമാണ് വി എം സുധീരന്‍ എന്ന് ചുരുക്കം. വി എം സുധീരനെ കെ പി സി സി അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച ടി എന്‍ പ്രതാപന്‍, വി ടി ബല്‍റാം തുടങ്ങിയ ഹരിത കോണ്‍ഗ്രസുകാര്‍ക്ക് ഇനി വേണമെങ്കില്‍, നരസിംഹ റാവുവിനെ പ്രധാനമന്ത്രിയാക്കിയത് താനാണെന്ന് ഞെളിഞ്ഞ കെ കരുണാകരനെ പോലെ കിംഗ് മേക്കറുമാരായി ഞെളിയാനും വി എം സുധീരന്റെ സ്ഥാനലബ്ധി അവസരമൊരുക്കിയെന്ന് പറയാം.
സുധീരന്റെ വരവോടെ കേരളത്തില്‍ കോണ്‍ഗ്രസിനകത്ത് എന്ത് സംഭവിക്കും എന്നത് കാത്തിരുന്ന് തന്നെ കാണണം. എന്തായാലും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നത് വരെ അനിഷ്ടസംഭവങ്ങളൊന്നും പ്രതീക്ഷിച്ചുകൂടാ. കോണ്‍ഗ്രസ് രാഷ്ട്രീയം എന്നത് ഹൈന്ദവ പുരാണത്തിലെ പാലാഴിമഥനം കഥ പോലുള്ള ഒന്നാണ്. പാലാഴി കടയാന്‍ ദേവന്മാരും അസുരന്മാരും ഒന്നിക്കും. പക്ഷേ, അധികാരം എന്ന അമൃതകുംഭം ഉയര്‍ന്നാല്‍ പിന്നെ അത് സ്വന്തമാക്കാന്‍ പരസ്പരം കടിപിടിയായിരിക്കും. അതിനാല്‍ തിരഞ്ഞെടുപ്പിന് ശേഷമേ കോണ്‍ഗ്രസില്‍ കടിപിടിയുണ്ടാകൂ. എന്തായാലും ഈ വരുന്ന പൊതതിരഞ്ഞെടുപ്പില്‍ 10 സീറ്റ് യു ഡി എഫ് നേടിയാല്‍ വി എം സുധീരന്‍ വിജയശില്‍പ്പിയായി കൊണ്ടാടപ്പെടും. പത്തില്‍ കുറഞ്ഞാലോ വി എസ് അച്യുതാന്ദന്‍ ചിരിച്ച പോലെ ഉമ്മന്‍ ചാണ്ടി ചിരിക്കും.
എന്തായാലും വിമത സ്വഭാവമുള്ള പ്രസ്താവനകളിലൂടെ വാര്‍ത്താ മാധ്യമങ്ങളില്‍ വി എം സുധീരന്‍ ഉണ്ടാക്കിയെടുത്ത ഒരു ആദര്‍ശ പ്രതിച്ഛായയുണ്ട്. വി എസ് അച്യുതാന്ദന്‍ ചാനല്‍ സഹായം കൊണ്ട് ഉണ്ടാക്കിയെടുത്ത പ്രതിച്ഛായക്ക് സമാനമായ ഒന്നാണത്. പക്ഷേ, വി എം സുധീരനും വി എസ് അച്യുതാനന്ദനും അവരുടെ സംഘടനകള്‍ക്കകത്ത് കടലില്‍ കലക്കിയ കായത്തിനെക്കാള്‍ കൂടുതല്‍ സ്വാധീനമൊന്നും ഇല്ലെന്നതാണ് യാഥാര്‍ഥ്യം. വസ്തുതാ രാഷ്ട്രീയത്തെ വി എം സുധീരന്‍ എങ്ങനെ കൈകാര്യം ചെയ്യും എന്ന് ഭരണം എങ്ങനെ അരവിന്ദ് കെജരിവാള്‍ കൈകാര്യം ചെയ്യും എന്നതു പോലെ തന്നെ സാകൂതം വീക്ഷിക്കേണ്ടിയിരിക്കുന്നു.
വി എം സുധീരന്‍ പ്രസ്താവനകളിലിന്നോളം കടുത്ത മദ്യനിരോധവാദിയാണ്. കെ പി സി സി അധ്യക്ഷന്‍ എന്ന നിലയില്‍ മദ്യനിരോധം നടപ്പാക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താന്‍ വി എം സുധീരന്‍ തയ്യാറാകുമോ എന്ന് ഇനി മുതല്‍ മദ്യനിരോധ സമിതിക്കാര്‍ ചോദിച്ചുകൊണ്ടിരിക്കും. ഇതിനദ്ദേഹം വസ്തുതാരാഷ്ട്രീയത്തില്‍ നിന്നുകൊണ്ട് മറുപടി പറയേണ്ടിയുംവരും. മണല്‍മാഫിയക്കെതിരെ വിട്ടുവീഴ്ച ഇല്ലാതെ പൊരുതുന്ന ജസീറ കരിമണല്‍ ഖനനത്തിനെതിരെ ഉജ്ജ്വലമായ പ്രസ്താവനാ യുദ്ധം നടത്തിയ വി എം സുധീരന്റെ സഹോദരിയാകാന്‍ യോഗ്യതയുള്ളവളാണ്. പക്ഷേ, കെ സുധാകരന്റെ തണ്ട് ബലത്തില്‍ ജസീറക്കെതിരെ പട നയിക്കുന്ന അബ്ദുല്ലക്കുട്ടിയെ പോലുള്ളവരോട് മണല്‍മാഫിയാ വിരുദ്ധനായ വി എം സുധീരന്‍ കെ പി സി സി പ്രസിഡന്റ് എന്ന നിലയില്‍ ഇനിയെന്ത് നിലപാടെടുക്കും എന്ന് പൊതുജനം ചോദിച്ചില്ലെങ്കിലും ജസീറ ചോദിക്കും.
ആറന്മുള വിമാനത്താവളം, ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ എന്നിവയെ സംബന്ധിച്ചും പ്രസ്താവനകള്‍ ഇറക്കുന്ന വിധത്തില്‍ എളുപ്പമല്ല വസ്തുതകളിലൂന്നി നിന്ന് പ്രവര്‍ത്തിക്കുക എന്നതെന്നും വി എം സുധീരന് മനസ്സിലാക്കേണ്ടിവരും. യന്ത്രവിരോധം എന്ന ആദര്‍ശം പ്രസംഗിക്കാന്‍ അരയില്‍ ഘടികാരം എന്ന യന്ത്രം കെട്ടി തീവണ്ടി എന്ന യന്ത്രശകടത്തില്‍ ഊരു ചുറ്റിയ മഹാത്മാ ഗാന്ധിയെ മാതൃകയാക്കുന്ന വി എം സുധീരന്, ഗാന്ധിജി അംബേദ്കറില്‍ നിന്ന് നേരിട്ട വിമര്‍ശങ്ങളത്രയും പ്രായോഗിക രാഷ്ട്രീയത്തില്‍ നേരിടേണ്ടിവരുമെന്ന് തീര്‍ച്ച. അവിടെ ധീരതയോടെ ചുവടുറപ്പിച്ചുനില്‍ക്കാന്‍ രാഹുല്‍ ഗാന്ധിയുടെ വിനീതവിധേയനായ വി എം സുധീരന് ധീരതയുണ്ടാകുമോ? കേരളം മറുപടിക്കായി കാത്തിരിക്കുന്ന ചോദ്യം ഇതാണ്.

shakthibodhiviswa@gmail.com

Latest