അരവിന്ദ് കെജ്‌രിവാള്‍ രാജിവെച്ചു

Posted on: February 14, 2014 8:12 pm | Last updated: February 15, 2014 at 6:00 am
kejriwal at aap hq
രാജിക്ക് ശേഷം കേജരിവാള്‍ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരോട് സംസാരിക്കുന്നു

ന്യൂഡല്‍ഹി: ജന്‍ ലോക്പാല്‍ ബില്‍ പാസ്സാക്കാന്‍ കഴിയാത്തതിനാല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മന്ത്രിസഭ രാജിവെച്ചു. അഴിമതിക്കെതിരെയുള്ള ജന്‍ ലോക്പാല്‍ ബില്‍ പാസ്സാക്കാന്‍ കഴിയാതിരുന്നാല്‍ തന്റെ മന്ത്രിസഭ രാജിവെക്കുമെന്ന് കെജ്‌രിവാള്‍ അറിയിച്ചിരുന്നു. രാജിക്കത്ത് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അയച്ചു. കെജ്‌രിവാള്‍ ഉടന്‍ തന്നെ ഗവര്‍ണറെ കാണും. ഇന്ന് ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ നിയമസഭയില്‍ ഇത് അവസാനത്തെ നിയമസഭാ സമ്മേളനമായിരിക്കുമെന്നും കെജ്‌രിവാള്‍ സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിസഭ രാജിവെക്കുന്നുവെന്ന് കെജ്‌രിവാളിന്റെ ഓഫീസ് വാര്‍ത്താ ഏജന്‍സിയെ അറിയിച്ചത്. തുടര്‍ന്ന് അദ്ദേഹം പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരോട് ഇക്കാര്യം പ്രഖ്യാപിച്ചു.

kejriwal resign letter
കെജരിവാളിന്റെ രാജിക്കത്ത്

നിയമസഭ പിരിച്ചുവിട്ട് പുതിയ തെരെഞ്ഞെടുപ്പ് നടത്തണമെന്ന് ലഫ്റ്റനന്റ് ഗവര്‍ണറോട് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ പത്തുവര്‍ഷമായി മുകേഷ് അംബാനിയാണ് യു പി എ സര്‍ക്കാറിനെ നിയന്ത്രിക്കുന്നതെന്ന് രാജിക്കുശേഷം പാര്‍ട്ടി ആസ്ഥാനത്ത് അണികളോട് സംസാരിക്കവെ കെജ്‌രിവാള്‍ പറഞ്ഞു. ജന്‍ലോക്പാല്‍ ബില്‍ പാസ്സാക്കിയാല്‍ പലരും അകത്താകും. ലോക്പാല്‍ ബില്‍ പാസ്സാക്കുക എന്നതായിരുന്നു തന്റെ പാര്‍ട്ടിയുടെ പ്രധാന തെരെഞ്ഞെടുപ്പ് വാഗ്ദാനം. അത് നിയമമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ അധികാരത്തിലിരിക്കുന്നതില്‍ അര്‍ത്ഥമില്ല. അംബാനിക്കെതിരെ കേസെടുത്തിട്ടാണ് ഇരു പാര്‍ട്ടികളും ലോക്പാല്‍ ബില്ലിനെ സഭയില്‍ എതിര്‍ത്തത്. കോണ്‍ഗ്രസ് തന്റെ ഷോപ്പാണെന്ന് മുമ്പ് അംബാനി അവകാശപ്പെട്ടിരുന്നു. നരേന്ദ്ര മോഡിക്ക് പിന്നിലും മുകേഷ് അംബാനിയാണ്. ഹെലികോപ്റ്ററുകളില്‍ പറക്കാന്‍ മോഡിക്ക് പണം എവിടെ നിന്നാണ് കിട്ടുന്നതെന്ന് കെജ്‌രിവാള്‍ ചോദിച്ചു.

നാടകീയ സംഭവങ്ങള്‍ക്ക് ഒടുവിലാണ് അരവിന്ദ് കേജരിവാള്‍ മുഖ്യമന്ത്രിപദം ഒഴിയുന്നത്.  ജന്‍ ലോക്പാല്‍ ബില്‍ പാസ്സാക്കുകയെന്ന തന്റെയും പാര്‍ട്ടിയുടെയും സ്വപ്ന‌ പൂവണിയാതെ വന്നതോടെ അധികാരം വലിച്ചെറിഞ്ഞ് അദ്ദേഹം മറുപടി നല്കുകയായിരുന്നു. ഡല്‍ഹി നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ കെജരിവാള്‍ ഇന്ന് നടത്തിയ ശ്രമത്തെ ബി ജെ പിയും പിന്തുണ നല്കുന്ന കോണ്‍ഗ്രസും ഒരുമിച്ച് തോല്‍പ്പിക്കുകയായിരുന്നു. ബില്‍ അവതരണത്തെ അനുകൂലിച്ച് 27 എം എല്‍ എമാര്‍ വോട്ട് ചെയ്തപ്പോള്‍ 42 എം എല്‍ എമാര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട്‌ചെയ്തു. ഇതോടെ സ്പീക്കര്‍ ബില്ലിന് അവതരണാനുമതി നിഷേധിച്ചു.

ബില്‍ ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിക്കരുതെന്ന് കാണിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമസഭാ സ്പീക്കര്‍ക്ക് കത്തെഴുതിയിരുന്നു. ജന്‌ലോക്പാല്‍ ബില്‍ നിയമസഭയില്‍ പാസാക്കാനുള്ള ഡല്‍ഹി സര്‍ക്കാര്‍ നീക്കം ഭരണഘടന വിരുദ്ധമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സോളിസിറ്റര്‍ ജനറല്‍ നിയമോപദേശം നല്‍കിയിരുന്നു. ബില്ലിന് കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നും രാഷ്ട്രപതിയുടെ അനുമതിയില്ലാതെ ഡല്‍ഹി പോലീസിനെ ജന്‍ ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരാനാകില്ലെന്നുമായിരുന്നു നിയമോപദേശം.

ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ ഡല്‍ഹി നിയമസഭയില്‍ നിയമ നിര്‍മ്മാണം സാധ്യമാവുകയുള്ളൂ. എന്നാല്‍ ബില്‍ അവതരിപ്പിക്കാനായില്ലെങ്കില്‍ മുഖ്യമന്ത്രിസ്ഥാനത്ത് തുടരില്ലെന്ന നിലപാട് കെജരിവാള്‍ പാലിച്ചിരിക്കുകയാണ്. വാക്കിന് വിലയുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ബി ജെ പി കെജരിവാളിനോട് ആവശ്യപ്പെട്ടിരുന്നു.