സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഗുണ്ടില്‍പേട്ടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; യുവാവ് അറസ്റ്റില്‍

Posted on: February 14, 2014 4:50 pm | Last updated: February 14, 2014 at 4:50 pm

wyd-obit--ANAGHA-16കല്‍പ്പറ്റ: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടക്കടുത്ത ചിറയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പള്ളി ആടിക്കൊല്ലി അമ്പത്താറ് മൂലേതറയില്‍ ദാസന്റെ മകള്‍ അനഘദാസിനെ(16)യാണ് മദൂരിനടുത്തെ കക്കല്‍ തൊണ്ടി ചിറയില്‍ ഇന്നലെ രാവിലെ പത്തുമണിയോടെ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുവന്ന പുല്‍പള്ളി മാരപ്പന്‍മൂല പുലിക്കപറമ്പില്‍ മൂസയുടെ മകന്‍ അബ്ദുര്‍റഹ്മാനെ(23) നാട്ടുകാര്‍ പിടികൂടി ഗുണ്ടല്‍പേട്ട പോലീസില്‍ ഏല്‍പ്പിച്ചു.

പുല്‍പള്ളി കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ അനഘ ഇന്നലെ രാവിലെ 7.30തോടെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്കെന്ന് പറഞ്ഞ് പുറപ്പെടുകയായിരുന്നു. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്ന അബ്ദുര്‍റഹ്മാന് പല പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. തനിക്ക് നീന്താനറിയാമെന്ന് അവകാശപ്പെട്ട് അനഘ ചിറയില്‍ ഇറങ്ങിയപ്പോള്‍ ചെളിയില്‍ താഴ്ന്ന് മരണപ്പെടുകയായിരുന്നുവെന്ന് അബ്ദുര്‍റഹ്മാന്‍ പറയുന്നു. എന്നാല്‍ മരണത്തില്‍ ദുരൂഹതയുള്ളതായാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ദീപ്തിയാണ് അനഘയുടെ അമ്മ. സഹോദരന്‍: അനന്തൂദാസ്.