ലോക്പാല്‍ ബില്‍ അവതരിപ്പിക്കാനായില്ല; കെജരിവാള്‍ രാജിവെക്കണമെന്ന് ബി ജെ പി

Posted on: February 14, 2014 6:12 pm | Last updated: February 15, 2014 at 8:15 am

delhi-assembly

ന്യൂഡല്‍ഹി: ജന്‍ ലോക്പാല്‍ ബില്‍ ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിക്കാനുള്ള ആം ആദ്മി സര്‍ക്കാറിന്റെ നീക്കം പരാജയപ്പെട്ടു. കോണ്‍ഗ്രസ്സും ബി ജെ പിയും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തതിനെ തുടര്‍ന്ന് ബില്ലിനുള്ള അവതരണാനുമതി സ്പീക്കര്‍ നിഷേധിക്കുകയായിരുന്നു. ബില്‍ അവതരണത്തെ അനുകൂലിച്ച് 27 എം എല്‍ എമാര്‍ വോട്ട് ചെയ്തപ്പോള്‍ 42 എം എല്‍ എമാര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട്‌ചെയ്തു.

ലഫ്റ്റനന്റ് ഗവര്‍ണറുടെ വിലക്ക് ലംഘിച്ച് ലോക്പാല്‍ ബില്‍ അവതരിപ്പിക്കാനുള്ള കെജരിവാളിന്റെ നീക്കം നാടകീയ രംഗങ്ങളാണ് ഡല്‍ഹി നിയമസഭയില്‍ സൃഷ്ടിച്ചത്. കോണ്‍ഗ്രസ്-ബി ജെ പി അംഗങ്ങളുടെ ബഹളം മൂലം പല തവണ നിയമസഭ നടപടികള്‍ തടസ്സപ്പെട്ടു.

ബില്‍ ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിക്കരുതെന്ന് കാണിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമസഭാ സ്പീക്കര്‍ക്ക് കത്തെഴുതിയിരുന്നു. ജന്‌ലോക്പാല്‍ ബില്‍ നിയമസഭയില്‍ പാസാക്കാനുള്ള ഡല്‍ഹി സര്‍ക്കാര്‍ നീക്കം ഭരണഘടന വിരുദ്ധമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സോളിസിറ്റര്‍ ജനറല്‍ നിയമോപദേശം നല്‍കിയിരുന്നു. ബില്ലിന് കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നും രാഷ്ട്രപതിയുടെ അനുമതിയില്ലാതെ ഡല്‍ഹി പോലീസിനെ ജന്‍ ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരാനാകില്ലെന്നുമായിരുന്നു നിയമോപദേശം.

ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ ഡല്‍ഹി നിയമസഭയില്‍ നിയമ നിര്‍മ്മാണം സാധ്യമാവുകയുള്ളൂ. എന്നാല്‍ ബില്‍ അവതരിപ്പിക്കാനായില്ലെങ്കില്‍ മുഖ്യമന്ത്രിസ്ഥാനത്ത് തുടരില്ലെന്നാണ് കെജരിവാളിന്റെ നിലപാട്. വാക്കിന് വിലയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടിട്ടുണ്ട്.