പിടിച്ചുപറി: അഞ്ചംഗ സംഘം പിടിയില്‍

Posted on: February 14, 2014 8:18 am | Last updated: February 14, 2014 at 8:18 am

ആലപ്പുഴ: അമ്പലപ്പുഴയില്‍ എം ബി ബി എസ് വിദ്യാര്‍ഥിയെ തലക്കടിച്ച് പരുക്കേല്‍പ്പിച്ച് പണവും എ ടി എം കാര്‍ഡും തട്ടിയെടുത്ത സംഭവമുള്‍പ്പെടെ നിരവധി പിടിച്ചുപറിക്കേസുകളില്‍ പ്രതികളായ അഞ്ചംഗ സംഘം പോലീസ് പിടിയിലായി. ആലപ്പുഴ നഗരത്തിലും പരിസര പ്രദേശങ്ങളിലും പിടിച്ചുപറിയും മോഷണവും നടത്തിവന്നിരുന്ന തിരുവമ്പാടി വട്ടയാല്‍ വാര്‍ഡില്‍ കാക്കേരിയില്‍ പുരയിടത്തില്‍ രാഹുല്‍(19), കുതിരപ്പന്തി വാര്‍ഡില്‍ പുത്തന്‍പറമ്പ് വീട്ടില്‍ മുനീര്‍(19), വലിയമരം വാര്‍ഡില്‍ തൈക്കാവ് പുരയിടത്തില്‍ ഷാന്‍മോന്‍(18), പുന്നപ്ര അരയശേരില്‍ വീരപ്പന്‍ ഷൈജു എന്ന ഇമ്മാനുവല്‍(21), പുന്നപ്ര വടക്കേ അറ്റത്തില്‍ വീട്ടില്‍ മൈബു എന്ന തോമസുകുട്ടി(21) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ആലപ്പുഴ ഇന്ദിരാ ജംഗ്ഷന്‍, കൈചൂണ്ടിമുക്ക്, കളര്‍കോട്, കൈതവന ജംഗ്ഷന്‍, പുന്നപ്ര വണ്ടാനം, അമ്പലപ്പുഴ കച്ചേരിമുക്കിന് കിഴക്കുവശം, തോട്ടപ്പള്ളി എന്നീ സ്ഥലങ്ങളില്‍ ബൈക്കുകളിലെത്തി മാരകായുധങ്ങളുപയോഗിച്ച് വഴിയാത്രക്കാരെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണുകളും പിടിച്ചുപറിച്ച സംഘത്തെയാണ് നോര്‍ത്ത് സി ഐ. ജി അജയ്‌നാഥിന്റെ നേതൃത്വത്തിലുള്ള ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘം ഇന്നലെ ഉച്ചക്ക് പുന്നപ്ര പടിഞ്ഞാറ് ഭാഗത്തുനിന്ന് സാഹസികമായി പിടികൂടിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.