മൊയ്‌ലിയുടെ ഭരണ പാണ്ഡിത്യവും കെജിരിവാളിന്റെ വിവരക്കേടും

Posted on: February 14, 2014 6:00 am | Last updated: February 14, 2014 at 12:36 am

imagesകേന്ദ്ര സര്‍ക്കാറും റിലയന്‍സുമായുള്ള അവിഹിത ഇടപാടുകള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച ഡല്‍ഹി മുഖ്യമന്ത്രി കെജരിവാളിന്റെ നടപടിയെ ‘രാഷ്ട്രീയപരമായ അജ്ഞത’യെന്നു കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി പരിഹസിച്ചെങ്കിലും അദ്ദേഹവും കേന്ദ്രവും പ്രതിപക്ഷ കക്ഷികളും ആശങ്കയിലാണ്. അന്വേഷണം നേര്‍വഴിക്കു നീങ്ങിയാല്‍ മൊയ്‌ലിയുടെ മാത്രമല്ല, കോര്‍പ്പറേറ്റുകളുമായുള്ള പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയെല്ലാം അവിഹിത ബന്ധങ്ങളും ഇടപാടുകളുമാണ് വെളിച്ചത്തു വരിക. പകൃതിവാതക വില വര്‍ധിപ്പിക്കാനായി ഒത്തുകളി നടത്തി ഖജനാവിന് വന്‍ നഷ്ടമുണ്ടാക്കിയെന്ന പരാതിയില്‍ വീരപ്പമൊയ്‌ലി, റിലയന്‍സ് ഉടമ മുകേഷ് അംബാനി, മുന്‍മന്ത്രി മുരളി ദേവ്‌റ, ഹൈഡ്രോകാര്‍ബണ്‍ വിഭാഗം മുന്‍ ഡയറക്ടര്‍ ജനറല്‍ വി കെ സിബല്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷത്തിനുത്തരവിട്ടത്.
എണ്ണ ഖനനത്തിന്റെ കുത്തക കൈവശമുള്ള റിലയന്‍സ് ആണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍ ടി പി സിക്കടക്കം വാതകം നല്‍കുന്നത്. കൃഷ്ണ ഗോദാവരി തടത്തില്‍ എണ്ണ ഖനനത്തിന് റിലയന്‍സിന് അനുമതി നല്‍കുമ്പോള്‍ ദശ ലക്ഷം തെര്‍മല്‍ യൂനിറ്റിന് 2.3 ഡോളര്‍ വിലക്ക് എന്‍ ടി പി സിക്കു വാതകം നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. 2000ത്തില്‍ 17 വര്‍ഷത്തേക്കാണ് ഈ കരാറില്‍ ഒപ്പ് വെച്ചത്. എന്നാല്‍ കരാര്‍ കാറ്റില്‍ പറത്തി മുരളി ദേവ്‌റ മന്ത്രിയായിരിക്കെ 2007ല്‍ വില 4.3 ഡോളറായി ഉയര്‍ത്തി. 2014 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധം വില വീണ്ടും ഇരട്ടിപ്പിച്ച് എട്ട് ഡോളറാക്കാന്‍ ഈയിടെ തീരുമാനിച്ചിട്ടുമുണ്ട്. ഇതിലൂടെ റിലയന്‍സിന് പ്രതിവര്‍ഷം 54,000 കോടിയുടെ ലാഭവും പൊതു ഖജനാവിന് അത്രയും നഷ്ടവും വരുത്തുമെന്നാണ് പരാതി. ദശലക്ഷം തെര്‍മല്‍ യൂനിറ്റ് ഉത്പാദിപ്പിക്കാനുള്ള ചെലവ് ഒരു ഡോളറില്‍ താഴെയാണെന്ന് മുമ്പ് റിലയന്‍സ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതേ കേന്ദ്രത്തില്‍ നിന്ന് ബംഗ്ലദേശിന് രണ്ട് ഡോളറിനാണ് കമ്പനി വാതകം വില്‍ക്കുന്നതും. മുന്‍ ക്യാബിനറ്റ് സെക്രട്ടറി ടി എസ് ആര്‍ സുബ്രഹ്മണ്യന്‍, നാവികസേനാ മുന്‍ മേധാവി അഡ്മിറല്‍ തഹിലിയാനി, പ്രമുഖ അഭിഭാഷക കാമിനി ജയ്‌സ്വാള്‍, മുന്‍ കേന്ദ്ര സെക്രട്ടറി ഇ എ എസ് ശര്‍മ എന്നിവരാണ് ഇത് സംബന്ധിച്ചു പരാതി സമര്‍പ്പിച്ചത്.
കോര്‍പ്പറേറ്റുകളുടെ താത്പര്യ സംരക്ഷണത്തിലധിഷ്ഠിതമാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ നയങ്ങള്‍. റിലയന്‍സടക്കമുള്ള കോര്‍പ്പറേറ്റുകളാണ് രാജ്യത്തെ രാഷ്ട്രീയ സംവിധാനത്തെയും ഭരണകൂടത്തെയും നിയന്ത്രിക്കുന്നതെന്ന് കഴിഞ്ഞ മന്ത്രിസഭാ പുനഃസംഘടനയില്‍ വ്യക്തമായിരുന്നു. പെട്രോളിയം വകുപ്പില്‍ നിന്ന് ജയ്പാല്‍ റെഡ്ഡിയെ മാറ്റി പകരം വീരപ്പ മൊയ്‌ലിയെ നിയമിച്ചത് ഈ താത്പര്യം മുന്നില്‍ കണ്ടായിരുന്നു. മുന്‍ ഗാമികളായ മുരളി ദേവ്‌ററെയെ പോലെ റിലയന്‍സിന്റെ മൂട് താങ്ങിയയിരുന്നില്ല ജയ്പാല്‍ റെഡ്ഡി. അത് കോര്‍പ്പറേറ്റ് താത്പര്യങ്ങളേക്കാള്‍ രാജ്യ താത്പര്യത്തിന് പ്രാമുഖ്യം നല്‍കിയതു കൊണ്ടോ റിലയന്‍സുമായുള്ള എന്തെങ്കിലും ഉടക്കു കൊണ്ടോ എന്നത് മറ്റൊരു കാര്യം. ഏതായാലൂം കൃഷ്ണ ഗോദാവരി ബേസിനില്‍ നിന്ന് റിലയന്‍സ് ഉത്പാദിപ്പിക്കുന്ന പ്രകൃതി വാതകത്തിന്റെ വില വര്‍ധിപ്പിക്കണമെന്ന ആവശ്യം അദ്ദേഹം നിരാകരിച്ചു. പ്രകൃതി വാതക ഉത്പാദനം വെട്ടിച്ചുരുക്കി കൃത്രിമ ക്ഷാമം സൃഷ്ടിച്ച് ലാഭം കൊയ്യുന്ന കമ്പനിയുടെ നീക്കത്തിനെതിരെയും അദ്ദേഹം നടപടി സ്വീകരിച്ചു. കൃഷ്ണ ഗോദാവരി ബേസിനിലെ ഉത്പ്പാദനത്തില്‍ 2011-12 വര്‍ഷത്തില്‍ 28 ദശലക്ഷം യൂനിറ്റും 2012-13 ല്‍ 55 ദശലക്ഷം യൂനിറ്റും 2013-14ല്‍ 66 ദശലക്ഷം യൂനിറ്റും റിലയന്‍സ് കുറവ് വരുത്തിയിരുന്നു. ഇതിലൂടെ 1,13,000 കോടി രൂപയാണ് രാജ്യത്തിന് നഷ്ടമുണ്ടായത്. പ്രകൃതിവാതക ഉത്പാദനത്തിന്റെ കണക്കുകള്‍ പരിശോധിക്കാന്‍ റെഡ്ഡി സി എ ജിയെ ചുമതലപ്പെടുത്തുകയുമുണ്ടായി. പെട്രോളിയം മന്ത്രാലയത്തില്‍ നിന്ന് റെഡ്ഡി പുറത്താക്കപ്പെടാന്‍ ഇടയാക്കിയത് ഇത്തരം നടപടികളാണെന്നത് രഹസ്യമല്ല. റെഡ്ഡിയെ മാറ്റി വീരപ്പമൊയ്‌ലിയെ നിയമിച്ചതിനുടനെയാണ് പ്രകൃതി വാതകത്തിന്റെ വില 4.3 ഡോളറില്‍ നിന്ന് എട്ട് ഡോളറായി ഉയര്‍ത്താനുള്ള തീരുമാനമുണ്ടായതെന്നതും ശ്രദ്ധേയമാണ്.
പെട്രോളിയം മന്ത്രാലയത്തിലെ നാളിതു വരെയുള്ള മാറ്റങ്ങള്‍ പരിശോധിച്ചാല്‍ റിലയന്‍സ് പോലെയുള്ള കോര്‍പ്പറേറ്റുകളുടെ താത്പര്യങ്ങള്‍ക്കായിരുന്നു അവിടെ പരിഗണനയെന്നു കാണാവുന്നതാണ്. പ്രസിദ്ധമായ നീരാ റാഡിയ ടേപ്പുകള്‍ യു പി എ സര്‍ക്കാറും റിലയന്‍സും തമ്മിലുള്ള അവിഹിതബന്ധം പുറത്തുകൊണ്ടു വന്നിട്ടുമുണ്ട്.
റിലയന്‍സടക്കമുള്ള വന്‍കിട വ്യവസായികള്‍ക്കും കുത്തകകള്‍ക്കും യു പി എ സര്‍ക്കാര്‍ വേറെയും വഴിവിട്ട സഹായങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ട്. അഞ്ച് ലക്ഷം കോടി രൂപയുടെ നികുതിയിളവാണ് കേന്ദ്ര സര്‍ക്കാര്‍ അവര്‍ക്ക് പലപ്പോഴായി നല്‍കിയത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സാധാരണക്കാര്‍ക്കുള്ള സബ്‌സിഡികള്‍ ഒന്നൊന്നായി വെട്ടിച്ചുരുക്കിക്കൊണ്ടിരിക്കെയാണ് കോര്‍പ്പറേറ്റുകള്‍ക്ക് ഇത്തരം ഭീമമായ ഇളവുകള്‍! ഇന്ത്യന്‍ ബേങ്കുകള്‍ കഴിഞ്ഞ 13 വര്‍ഷത്തിനുള്ളില്‍ എഴുതിത്തള്ളിയ ഒരു ലക്ഷം കോടി രുപയില്‍ തൊണ്ണൂറ്റിയഞ്ച് ശതമാനവും കുത്തകകളുടേതായിരുന്നുവെന്ന് റിസര്‍വ് ബേങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ കെ സി ചക്രബര്‍ത്തി കഴിഞ്ഞ നവംബറില്‍ ബാങ്കര്‍മാരുടെ സമ്മേളനത്തില്‍ വ്യക്തമാക്കിയതാണ്. നിലവില്‍ രാജ്യത്തെ പൊതുമേഖലാ േബങ്കുകളില്‍ വന്‍കിട കമ്പനികള്‍ക്ക് 2100 കോടി രൂപയുടെ വായ്പാ കുടിശ്ശികയുണ്ട്. അതും എഴുതിത്തള്ളാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി വരികയാണവര്‍.
പെട്രോളിയം ഉത്പന്നങ്ങളുടെ വില നിര്‍ണയത്തിന് വ്യവസ്ഥാപിത സംവിധാനങ്ങളുണ്ടെന്നും അതനുസരിച്ചാണ് വില വര്‍ധിപ്പിക്കുന്നതെന്നുമാണ് തന്റെ നിലപാടിന് ന്യായീകരണമായി വീരപ്പമൊയ്‌ലി പറയുന്നത്. എന്നാല്‍ വില വര്‍ധനവിനുള്ള റിലയന്‍സിന്റെ ആവശ്യം നിരസിക്കാന്‍ ജയ്പാല്‍റെഡ്ഡി കാണിച്ച തന്റേടം ഈ ന്യായ വാദത്തിന്റെ നിരര്‍ഥകതയാണ് വ്യക്തമാക്കുന്നത്. മാത്രമല്ല, നേരത്തെ സി എ ജിയും പാര്‍ലിമെന്ററി സമിതിയും പ്രകൃതിവാതക കരാറുമായി ബന്ധപ്പെട്ട് വന്‍ ക്രമക്കേടുകള്‍ നടക്കുന്നതായി സ്ഥിരീകരിച്ചിട്ടുമുണ്ട്. വാതക ഉത്പാദനത്തിന് വരുന്ന ചെലവെത്രയെന്ന് വ്യക്തമാക്കണമെന്ന സി എ ജിയുടെ ആവശ്യം റിലയന്‍സ് നിരസിക്കുകയായിരുന്നു. ഭരണഘടനാ സ്ഥാപനമായ സി എ ജി ഓഡിറ്റ് നിരസിക്കാനുള്ള ധാര്‍ഷ്ട്യം കാണിച്ചിട്ടു പോലും മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന് പരിഭവമേതുമില്ല. പിന്നെയും വിലകൂട്ടണമെന്ന കമ്പനിയുടെ ആവശ്യം അപ്പടി അംഗീകരിക്കുകയാണുണ്ടായത്. മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന് മുമ്പ് അധികാരത്തിലിരുന്ന വാജ്പയ് സര്‍ക്കാറും കോര്‍പ്പറേറ്റുകളെ അവിഹിതമായി സഹായിച്ചിരുന്നു. കോണ്‍ഗ്രസായാലും ബി ജെ പിയായാലും അവരുടെയെല്ലാം തിരഞ്ഞെടുപ്പ് ഫണ്ടുകളുടെ ഏറിയപങ്കും കോര്‍പ്പറേറ്റുകളുടെ സംഭാവനയാണെന്നിരിക്കെ അവരോടുള്ള വിധേയത്വം മനസ്സിലാക്കുന്നതാണ്.
കെജരിവാളിന് രാഷ്ട്രീയം അറിയാത്തതു കൊണ്ടാണ് തനിക്കും മുകേഷ് അംബാനിക്കുമെതിരെ അന്വേഷണത്തിനുത്തരവിട്ടതെന്ന വീരപ്പമൊയ്‌ലിയുടെ പരാമര്‍ശം ഒരര്‍ഥത്തില്‍ ശരിയാണ്. സ്വയം തടിച്ചു കൊഴുക്കാന്‍ വേണ്ടി രാജ്യത്തെ വ്യവസായ ഭീമന്മാര്‍ക്ക് തീരെഴുതിക്കൊടുക്കുകയും അഴിമതിക്കാര്‍ക്ക് ചൂട്ട് പിടിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ശൈലി കെജരിവാളിന് വശമില്ല. അദ്ദേഹം ഈ രംഗത്ത് പുതുമുഖമായതു കൊണ്ട് നാടിനും നാട്ടുകാര്‍ക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും ഒപ്പം ജനത്തിന്റെ കൈയടി വാങ്ങണമെന്നുമായിരിക്കണം ആഗ്രഹിക്കുന്നത്. കാലക്രമത്തില്‍ അദ്ദേഹം മന്‍മോഹന്‍ സിംഗിന്റെയും മൊയ്‌ലിയുടെയും രാഷ്ട്രീയം വശാക്കിക്കൂടെന്നില്ല. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ രാഷ്ടീയ നയങ്ങളും നീക്കങ്ങളും ജനം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് വീരപ്പമൊയ്‌ലി പറഞ്ഞ ഈ രാഷ്ട്രീയം അറിയാത്തതുകൊണ്ടാണ്.

ALSO READ  വംശവെറി വീണ്ടും ഇരകളെ തേടുന്നു