വണ്ടൂരില്‍ പത്ത് വിദ്യാര്‍ഥികള്‍ കഞ്ചാവ് ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

Posted on: February 13, 2014 12:14 pm | Last updated: February 13, 2014 at 12:14 pm

വണ്ടൂര്‍: വണ്ടൂരില്‍ പത്ത് വിദ്യാര്‍ഥികള്‍ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി എക്‌സൈസ് വകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു.
വന്‍കിട കഞ്ചാവ് വില്‍പ്പനക്കാരില്‍ നിന്നാണ് ഇവര്‍ക്ക് ഇത് ലഭിക്കുന്നത്. കഴിഞ്ഞയാഴ്ച വണ്ടൂരില്‍ എക്‌സൈസ് അധികൃതര്‍ പിടികൂടിയ ആളില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ എക്‌സൈസ് വകുപ്പിന് ലഭിച്ചത്. ഇയാളുടെ ഉപഭോക്താക്കളില്‍ വിദ്യാര്‍ഥികളും ഉണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. സംഭവം അന്വേഷിച്ചപ്പോള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പ്രശ്‌നം സ്ഥിരീകരിക്കുകയും ചെയ്തു. മറ്റ് ലഹരികളില്‍ നിന്ന് വ്യത്യസ്തമായി മണമുണ്ടാകില്ലെന്നത് ഉപയോക്താക്കളെ തിരിച്ചറിയാനും പ്രയാസം സൃഷ്ടിക്കുന്നു. വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് എത്തിക്കുന്ന കുട്ടികളും ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ ദിവസം വണ്ടൂരില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിയെ എക്‌സൈസ് പിടികൂടിയിരുന്നു. മഞ്ചേരി സ്റ്റാന്റില്‍വെച്ച് ഒരു ഇടനിലക്കാരാനാണ് ഈ വിദ്യാര്‍ഥിക്ക് കഞ്ചാവ് നല്‍കിയത്.
മൂന്ന് ഗ്രാം തൂക്കമുള്ള കഞ്ചാവിന് 100 രൂപ തോതിലാണ് വില്‍ക്കുന്നത്. മൂന്ന് പാക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഒരു പാക്കറ്റ് സൗജന്യമായും നല്‍കുന്നണ്ടത്രെ. പുതിയ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനാണ് സൗജന്യനിരക്കില്‍ പാക്കറ്റ് നല്‍കുന്നത്. ഇത്തരത്തില്‍ മുപ്പതോളം വിദ്യാര്‍ഥികളില്‍ കഞ്ചാവ് എത്തിയിട്ടുണ്ടെന്നാണ് എക്‌സൈസ് അധികൃതരുടെ കണക്ക്. ഉപയോഗ സമയത്ത് കണ്ണിലെ കൃഷ്ണമണി ചെറുതായിപോകാതിരിക്കാന്‍ കണ്ണില്‍ തുള്ളിമരുന്ന് ഉപയോഗിച്ചവരും ഇക്കൂട്ടത്തിലുണ്ട്. അതെസമയം വിദ്യാര്‍ഥികളുടെ ലഹരി ഉപയോഗം തടയാനാവശ്യമായ ശ്രമങ്ങള്‍ കാര്യക്ഷമമാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഉച്ചക്ക് ശേഷം വിദ്യാര്‍ഥികളുടെ ഹാജര്‍ നില പരിശോധിക്കാത്തതിനാല്‍ ക്ലാസ് കട്ട് ചെയ്യുന്ന പ്രവണത വ്യാപകമാണ്. ഇതിനിടെ വിദ്യാര്‍ഥികളുടെ ലഹരി ഉപയോഗം കുറക്കാന്‍ ഹാജര്‍ പരിശോധന കര്‍ശനമാക്കാന്‍ കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.