കേന്ദ്ര ജീവനക്കാരുടെ സമരം തുടരുന്നു

Posted on: February 12, 2014 11:27 pm | Last updated: February 12, 2014 at 11:27 pm

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന 48 മണിക്കൂര്‍ ദേശീയ രാജ്യവ്യാപക പണിമുടക്ക് തുടരുന്നു.
ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പണിമുടക്കില്‍ കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള തപാല്‍ വകുപ്പ്, ഇന്‍കം ടാക്‌സ്, ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്്‌സ് തുടങ്ങി 64 വകുപ്പുകളിലെ 15 ലക്ഷത്തോളം വരുന്ന ജീവനക്കാരും ഓഫീസര്‍മാരുമാണ് 48 മണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത്. ഇതിലെ കേരളത്തിലെ 84,000ത്തോളം വരുന്ന ജീവനക്കാരാണ് ഉള്‍പ്പെടുന്നത്. തപാല്‍ മേഖലയിലെ സമരം മാത്രമാണ് കേരളത്തിലെ ജനങ്ങളെ കാര്യമായി ബാധിക്കുന്നത്. തപാല്‍ വൈകുന്നത് മൂലം ഔദ്യോഗിക വിവരങ്ങള്‍ അറിയിക്കുന്നതിലും മറ്റും താമസം നേരിടുന്നത് ജനത്തെ ദുരിതത്തിലാക്കും.
കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്‌സിന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം അഞ്ച് വര്‍ഷത്തിലൊരിക്കലാക്കുക, തപാല്‍ വകുപ്പിലെ ഗ്രാമീണ ഡാക് സേവക് ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, ക്ഷാമബത്ത ലയനവും ഇടക്കാലാശ്വാസവും അനുവദിക്കുക തുടങ്ങിയ 15 ആവശ്യങ്ങളുന്നയിച്ചാണ് സമരം.