പ്രകൃതി വിജ്ഞാനത്തിന്റെ വേറിട്ട അനുഭവമായി ‘തൊട്ടാവാടി’

Posted on: February 12, 2014 10:00 pm | Last updated: February 12, 2014 at 10:37 pm

അബുദാബി: പ്രകൃതി വിജ്ഞാനവും പരിസ്ഥിതി സ്‌നേഹവും സമന്വയിപ്പിച്ച തൊട്ടാവാടി ചാപ്റ്റര്‍ രണ്ട്’ അബുദാബിക്കു നവ്യാനുഭവമായി. യു എ ഇയിലെ സാംസ്‌കാരിക സംഘടനയായ പ്രസക്തിയാണ് നഴ്‌സറി മുതല്‍ പത്താം ക്ലാസ്സുവരെയുള്ള 50 കുട്ടികള്‍ പങ്കെടുത്ത കുട്ടികളുടെ പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിച്ചത്. ഖാലിദിയ പാര്‍ക്കിലായിരുന്നു പരിപാടി.
പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ടി എ അബ്ദുസ്സമദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടര്‍ രമേശ് നായര്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകരായ ഫൈസല്‍ ബാവ, ഈദ് കമല്‍, ജാസ്സിര്‍ എരമംഗലം നയിച്ച വിവിധ വിഷയത്തിലുള്ള ക്ലാസ്സുകള്‍, ചിത്രകാരന്മാരായ രാജീവ് മുളക്കുഴ, നദീം മുസ്തഫ എന്നിവരുടെ നേത്രുത്വത്തിലുള്ള വിവിധ വര്‍ക്‌ഷോപ്പുകള്‍ നടന്നു.
അശ്‌റഫ് ചമ്പാട് കേരളത്തിലെ ചെടികളെയും ഔഷധ സസ്യങ്ങളെയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. ദേവിക രമേശ് ഗാനം ആലപിച്ചു. കുട്ടികളുടെ ക്യാമ്പിനു സമാന്തരമായി കുട്ടികളുടെ സ്വഭാവവും മൂല്യബോധവും, മാതൃഭാഷാ പഠനം എന്നീ വിഷയങ്ങളില്‍ രക്ഷകര്‍ത്താക്കള്‍ പങ്കെടുത്ത ചര്‍ച്ചയും നടന്നു.