Connect with us

Kerala

തെളിവ് നശിപ്പിക്കാന്‍ പ്രതികള്‍ തിരഞ്ഞെടുത്തത് 'ദൃശ്യം' സിനിമയിലെ രംഗങ്ങള്‍

Published

|

Last Updated

മലപ്പുറം: മോഹന്‍ലാല്‍ അഭിനയിച്ച ദൃശ്യം സിനിമയിലെ രംഗങ്ങള്‍ കൊലപാതകം നടത്താന്‍ പ്രതികള്‍ക്ക് പ്രേരണയായതായി പോലീസ്. നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരി രാധയെ കൊലപ്പെടുത്തിയതിനു ശേഷം തെളിവ് നശിപ്പിക്കാന്‍ പ്രേരണയായത് ഈയിടെ പുറത്തിറങ്ങിയ ദൃശ്യം സിനിമയായിരുന്നുവെന്ന് പ്രതികളായ ബിജു നായരും ശംസുദ്ദീനും പോലീസിനോട് പറഞ്ഞു. സിനിമയില്‍ മാനം രക്ഷിക്കാനാണ് കൊലപാതകം നടത്തിയതെങ്കില്‍ ഇവിടെ നഷ്ടമായ മാനം പുറത്തറിയാതിരിക്കാനായിരുന്നു കൊലപാതകം.
മൃതദേഹം കണ്ടെത്തിയാല്‍ മാത്രമേ പോലീസിന് കൊലപാതകം തെളിയിക്കാന്‍ കഴിയൂ എന്നാണ് പ്രതികള്‍ കരുതിയത്. ഇക്കാര്യം പ്രതികള്‍ മനസ്സിലാക്കുന്നത് ജിത്തുജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമയില്‍ നിന്നായിരുന്നു. കൊലപ്പെടുത്തിയതിന് ശേഷം രാധയുടെ സിം കാര്‍ഡ് ദൂരെ ഉപേക്ഷിക്കാന്‍ പ്രേരണ ലഭിച്ചതും സിനിമയില്‍ നിന്ന് തന്നെയായിരുന്നു. ദൃശ്യം സിനിമയില്‍ കൊല്ലപ്പെട്ടയാളുടെ സിം കാര്‍ഡ് കേരളത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് പോകുകയായിരുന്ന ലോറിയിലാണ് ഉപേക്ഷിച്ചതെങ്കില്‍ കൊല്ലപ്പെട്ട രാധയുടെ സിം കാര്‍ഡ് പ്രതികള്‍ 35 കിലോമീറ്റര്‍ അകലെയുള്ള അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ കളയുകയായിരുന്നു. ശംസുദ്ദീനാണ് ഫോണ്‍ അങ്ങാടിപ്പുറത്ത് ഉപേക്ഷിച്ചത്. രാധ അങ്ങാടിപ്പുറം ക്ഷേത്രദര്‍ശനത്തിന് പോയിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. രാധയുടെ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുകയും ചെരുപ്പ് കത്തിച്ച് കളയുകയും ചെയ്തിരുന്നു. അടിവസ്ത്രം മാത്രമാണ് മൃതദേഹത്തില്‍ ഉണ്ടായിരുന്നത്. ഇതിനു ശേഷമാണ് പ്രതികളായ ബിജു നായരും പുന്നശ്ശേരി ശംസുദ്ദീനും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായ കുമാരന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ പറമ്പിലെ കുളത്തില്‍ ചാക്കില്‍ കെട്ടിയ മൃതദേഹം താഴ്ത്തിയത്. തൊട്ടടുത്ത ദിവസം കുളത്തിലെ മോട്ടോര്‍ ശരിയാക്കാന്‍ എത്തിയ തോട്ടം തൊഴിലാളി കുഞ്ഞന്‍ എന്നയാള്‍ മൃതദേഹം കണ്ടതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.
എന്നാല്‍ സിനിമാക്കഥ പോലെ ജീവിതത്തില്‍ സംഭവിച്ചില്ല. സിനിമയില്‍ പോലീസിന് കേസ് തെളിയിക്കാനാകാതെ വരികയും പ്രതികള്‍ രക്ഷപ്പെടുന്നതുമാണ് ചിത്രീകരിച്ചിട്ടുള്ളതെങ്കില്‍ നിലമ്പൂരിലെ കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെടുത്ത് മണിക്കൂറുകള്‍ക്കകം തന്നെ പ്രതികളെ പിടികൂടുകയാണ് പോലീസ് ചെയ്തത്. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സനല്‍ സ്റ്റാഫ് അംഗവും നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയുമായ ബിജു നായരെ ഉടന്‍ അറസ്റ്റ് ചെയ്യുകയായിരുന്നു പോലീസ്.

Latest