തമിഴ്‌നാട്ടില്‍ കോള കുടിച്ച് ബാലിക മരിച്ചു

Posted on: February 12, 2014 6:00 am | Last updated: February 12, 2014 at 3:04 pm

soft drinkകടലൂര്‍: തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയില്‍ കോള കുടിച്ച എട്ട് വയസ്സുകാരി മരിച്ചു. പെണ്‍കുട്ടിയുടെ മൂന്ന് സഹോദരങ്ങള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പ്രമുഖ അന്താരാഷ്ട്ര കമ്പനിയുടെ ശീതളപാനീയമാണ് കുട്ടികള്‍ കുടിച്ചതെന്ന് പോലീസ് പറഞ്ഞു.
പിതാവ് ഞായറാഴ്ച വൈകീട്ട് നെയ്‌വേലിയിലെ കടയില്‍ നിന്ന് വാങ്ങിയ 500 മില്ലിയുടെ രണ്ട് കുപ്പി ശീതളപാനീയമാണ് കുട്ടികള്‍ കുടിച്ചത്. അഭിരാമി എന്ന കുട്ടിയാണ് മരിച്ചത്. ലളിത (10), കൗസല്യ (ആറ്), പരമശിവം (രണ്ട്) എന്നിവരാണ് ചികിത്സയിലുള്ളത്. കുപ്പികളില്‍ അവശേഷിച്ച ശീതളപാനീയം പരിശോധനകള്‍ക്കായി പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ശീതളപാനീയം കുടിച്ച് അല്‍പ്പസമയത്തിനുള്ളില്‍ കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതായി പോലീസ് പറഞ്ഞു.
ഛര്‍ദിയും വയറുവേദനയും തളര്‍ച്ചയും അനുഭവപ്പെട്ട കുട്ടികളെ ഉടനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കും പരിശോധനകള്‍ക്കുമായി കടലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് കുട്ടികള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കുട്ടികളില്‍ ഒരാളെ പുതുച്ചേരിയിലെ ആശുപത്രിയിലേക്കു മാറ്റി. ഈ കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ജില്ലാ ആരോഗ്യവിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ കെ ആര്‍ ജവഹര്‍ലാല്‍ പറഞ്ഞു. പോലീസ് കേസെടുത്ത് കട സീല്‍ ചെയ്തു.