രാഹുല്‍ ഗാന്ധി കാരാട്ടിനേക്കാള്‍ ബുദ്ധിമാനോ?

Posted on: February 12, 2014 11:43 am | Last updated: February 12, 2014 at 11:43 am

പ്രകാശ് കാരാട്ടിനേക്കാള്‍ ബുദ്ധിമാനാണോ രാഹുല്‍ ഗാന്ധി? ഈ ചോദ്യത്തിനെന്തര്‍ഥം എന്നു സംശയിച്ചേക്കാം പലരും. ജെ എന്‍ യുവില്‍ പഠിച്ച് വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ വളര്‍ന്ന് പ്രത്യയശാസ്ത്ര ദാര്‍ഢ്യമുള്ള ഒരു കമ്മ്യൂണിസ്റ്റ് കക്ഷിയുടെ നേതാവായ പ്രകാശ് കാരാട്ടുമായി കേവലം ‘കുടുംബപാരമ്പര്യം കൊണ്ടു മാത്രം’ നേതാവായ ഒരു പയ്യനെ താരതമ്യം ചെയ്യാമോ? ജെ എന്‍ യു(ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാല)വില്‍ മുമ്പൊരിക്കല്‍ രാഹുല്‍ ഗാന്ധി പോയതിനെപ്പറ്റി ആ ക്യാമ്പസില്‍ പരിഹാസോക്തിയോടെ ഒരു കാര്‍ട്ടൂണ്‍ വന്നിരുന്നു; രാഹുലിനെ വിളിച്ചുണര്‍ത്തുകയാണ് സോണിയാ ഗാന്ധി. ‘വേഗം ഉണര്‍ന്നോ, മടി കാട്ടിയാല്‍ നിന്നെ ‘ജെ എന്‍ യു’വില്‍ വിടും’ എന്നായിരുന്നു അതിലൊരു വാചകം. ബൗദ്ധികമായി അത്ര ഉയര്‍ന്ന ഒരാളാണ് എന്നു കാണിക്കുന്ന ഒരു മുന്‍ അനുഭവവുമില്ല. ഇന്ത്യയുടെ കണ്ണീരൊപ്പാന്‍, മഹാരാഷ്ട്ര ഗ്രാമത്തിലെത്തി ഒരു കര്‍ഷകഗൃഹത്തില്‍ ഒരു രാത്രി തങ്ങിയ രാഹുല്‍ ഗാന്ധിയെ നാം പരിഹസിക്കാറുമുണ്ട്. ജെ എന്‍ യു ബുദ്ധി ജീവിയായ പ്രകാശ് കാരാട്ട് നേതൃത്വത്തിലിരിക്കുമ്പോള്‍ തന്നെ എസ് എഫ് ഐ, ‘പൊടി പോലുമില്ല കണ്ടുപിടിക്കാന്‍’ എന്ന രീതിയില്‍ അപ്രത്യക്ഷമായിയെന്ന വസ്തുത തല്‍ക്കാലം വിടാം.

vsഇപ്പോള്‍ ഈ സംശയം ഉയര്‍ന്നത് വി എം സുധീരനെ കേരള സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി (വി ഡി സതീശനെ ഉപാധ്യക്ഷനായും) തീരുമാനിച്ച വാര്‍ത്ത കേട്ടപ്പോഴാണ്. സ്വന്തം സ്വതന്ത്ര നിലപാട് കൊണ്ടും സത്യസന്ധത കൊണ്ടും നേതൃത്വത്തിന്റെ (വലിയൊരു വിഭാഗത്തിന്റെയും) കണ്ണിലെ കരടാകുകയും ജനങ്ങളില്‍ വിശ്വാസം ജനിപ്പിക്കുകയും ചെയ്ത നേതാക്കളാണ് സി പി എമ്മില്‍ വി എസ് അച്യുതാനന്ദനും കോണ്‍ഗ്രസില്‍ വി എം സുധീരനും എന്ന് പറയാം. ഇവര്‍ രണ്ട് പേര്‍ക്കും ഉണ്ടായിരിക്കുന്ന അനുഭവങ്ങള്‍ നോക്കുക. പരിസ്ഥിതി, മനുഷ്യാവകാശം, കുടിയൊഴിപ്പിക്കല്‍, അഴിമതി, ജനകീയ സമരങ്ങള്‍ മുതലായ വിഷയങ്ങളില്‍ ശക്തമായ നിലപാടാണ് ഇരു നേതാക്കളുമെടുത്തത്. അത്തരം വിഷയങ്ങളില്‍ ജനപക്ഷത്തിനപ്പുറം ധനപക്ഷത്ത് നില്‍ക്കാനാണ് ഇരു കക്ഷികളുടെയും നേതൃത്വങ്ങള്‍ക്ക് താത്പര്യം.

vm sudheeranദേശീയപാതാ വികസനമെന്ന പേരില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍, ബി ഒ ടി പദ്ധതിയും അതിനായി 45 മീറ്റര്‍ ഭൂമി ഏറ്റെടുത്ത്
  പതിനായിരക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കാനുള്ള ശ്രമങ്ങളും തെറ്റാണെന്ന് ഇരു നേതാക്കളും പറഞ്ഞു. അതിനായി കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഒരു സര്‍വകക്ഷി സമവായം ഉണ്ടായി. പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് എല്ലാ നേതാക്കളും ചേര്‍ന്ന് ഇതാവശ്യപ്പെടുകയും ചെയ്തു. ഈ തീരുമാനത്തിലെ ‘അപകടം’ തിരിച്ചറിഞ്ഞ ഭരണപ്രതിപക്ഷങ്ങളിലെ ഉന്നതര്‍ ഇടപെട്ട് ‘രണ്ടാം സര്‍വകക്ഷി യോഗം’ വിളിച്ചു. ഒരുപക്ഷേ പിണറായി വിജയനും രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും ഒരുമിച്ചു പങ്കെടുത്ത ഏക സര്‍വകക്ഷിയോഗവും അതായിരിക്കും. സ്വന്തം മുന്നണിയിലെ നേതാക്കളുടെ കത്തുകള്‍ (വി എം സുധീരന്‍, എം പി വീരേന്ദ്ര കുമാര്‍ തുടങ്ങിയവരുടെതടക്കം) പോലും വായിക്കാനനുവദിക്കാതെ ‘പെട്ടെന്ന്’ തീരുമാനിച്ചു, നാട്ടിലെ ‘എല്ലാ വഴികളും’ വില്‍ക്കണമെന്ന്. ബി ഒ ടി എന്നത് കേരളത്തില്‍ ടുജി സ്‌പെക്ട്രത്തേക്കാള്‍ വലിയ അഴിമതിയെന്ന് തുറന്നു പറഞ്ഞ ഏക നേതാവ് വി എം സുധീരനാണ്.

മൂലമ്പിള്ളി കുടിയറക്കിയതിനെയും കിനാലൂരില്‍ കുടിയിറക്കാന്‍ ശ്രമിച്ചതിനെയും അതിരപ്പിള്ളി അണക്കെട്ടിനെയും ആറന്മുള വിമാനത്താവളത്തെയും പെരിയാര്‍- കാതികൂടം മലിനീകരണത്തെയും എതിര്‍ത്തുകൊണ്ടുള്ള സമരങ്ങള്‍ക്ക് സുധീരന്‍ നിരുപാധിക പിന്തുണ നല്‍കി. ആറന്മുള വിമാനത്താവളത്തിനെതിരായ സമരങ്ങള്‍ ശക്തമായി തുടരുന്നു. അവിടെയും സുധീരന്റെ ശബ്ദമാണ് ഏറ്റവും ഉച്ചത്തില്‍ കേള്‍ക്കുന്നത്. ചെങ്ങറ, എന്‍ഡോസള്‍ഫാന്‍ തുടങ്ങിയ വിഷയങ്ങളില്‍ അതിശക്തമായി സുധീരന്‍ ഇടപെട്ടു. ഇടതു വലതു മുന്നണികള്‍ തമ്മില്‍ ‘ഒത്തുതീര്‍പ്പ്’ ഉണ്ടാക്കുന്നതിനുള്ള തടസ്സക്കാരനാണ് യു ഡി എഫില്‍ വി എം സുധീരനും സി പി എമ്മില്‍ വി എസ് അച്യുതാനന്ദനുമെന്ന് പറയാം. ലാവ്‌ലിന്‍ കേസില്‍ നിന്ന് പിണറായി വിജയനെ രക്ഷിച്ചെടുക്കേണ്ടത് ആവശ്യമാണെന്ന് കരുതുന്ന ‘ഉന്നത’ കോണ്‍ഗ്രസ് നേതാക്കള്‍ ധാരാളമുണ്ടെന്ന് ആര്‍ക്കാണറിയാത്തത്? പിണറായി കുറ്റക്കാരനാണെന്ന് കരുതുന്നില്ലെന്ന് കെ എം മാണി തുറന്നുപറഞ്ഞു. ‘ലാവ്‌ലിന്‍’ എന്ന വാക്ക് കുഞ്ഞാലിക്കുട്ടിയെന്ന യു ഡി എഫ് നേതാവ് എപ്പോഴെങ്കിലും പറഞ്ഞതായി കേട്ടിട്ടുണ്ടോ? ഏറ്റവുമൊടുവില്‍ ലാവ്‌ലിന്‍ കേസില്‍ അപ്പീല്‍ നല്‍കാന്‍ തയ്യാറാകാതിരിക്കുകയും മുന്‍ സര്‍ക്കാറിന്റെ കാലത്ത് ഈര്‍ജ വകുപ്പ് തയ്യാറാക്കിയ സത്യവാങ്മൂലം (സംസ്ഥാനത്തിനൊരു നഷ്ടവും സംഭവിച്ചിട്ടില്ലെന്ന നിലപാട്) ഈ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കുകയും ചെയ്തപ്പോള്‍ സുധീരന്‍ ധീരമായി ഇടപെട്ടു. നെല്‍വയല്‍ നീര്‍ത്തട നിയമം പൊളിക്കാനും നെല്ലിയാമ്പതിയില്‍ ഭൂമി തട്ടിപ്പിന് ശ്രമിച്ചപ്പോഴും സുധീരന്റെ ശബ്ദം നാം കേട്ടു.

സുധീരനെ പാര്‍ട്ടി നേതാക്കളെയെല്ലാം മറി കടന്ന് സംസ്ഥാന അധ്യക്ഷനാക്കിയതിലൂടെ രാഹുല്‍ ഗാന്ധി തന്റെ രാഷ്ട്രീയമായ നിലപാട് വ്യക്തമാക്കിയിരിക്കുന്നു. ഇതിനുള്ള പ്രധാന കാരണം, ഡല്‍ഹിയിലെ ആം ആദ്മി കക്ഷിയുടെ മുന്നേറ്റം തന്നെയാണ്. ‘ആം ആദ്മിയില്‍ നിന്ന് പലതും പഠിക്കാനുണ്ട്’ എന്ന് പറഞ്ഞു രാഹുല്‍ ഗാന്ധി അക്ഷരാര്‍ഥത്തില്‍ അത് നടപ്പാക്കിയെന്നാണ് സുധീരന്റെയും സതീശന്റെയും അധികാരാരോഹണത്തിലൂടെ മനസ്സിലാക്കേണ്ടത്. ഡല്‍ഹിയില്‍ ആം ആദ്മിയെ പിന്താങ്ങാനുള്ള തീരുമാനം മുതല്‍ ഇത് തുടങ്ങുന്നുവെന്ന് കാണാം. മൂന്ന് വട്ടം മുഖ്യമന്ത്രിയായിരുന്ന തങ്ങളുടെ നേതാവിനെ മലര്‍ത്തിയടിച്ച ഒരു കക്ഷിക്ക് ഭരിക്കാന്‍ പിന്തുണ നല്‍കുക വഴി കേവല കക്ഷിതാത്പര്യങ്ങള്‍ക്കപ്പുറം ചില ദീര്‍ഘ വീക്ഷണങ്ങള്‍ രാഹൂല്‍ പ്രകടിപ്പിക്കുകയായിരുന്നു എന്ന് കാണണം. പഴയ ‘അമൂല്‍ ബേബി’ (സഖാവ് വി എസിന്റെ പ്രയോഗം) യില്‍ നിന്ന് രാഹുല്‍ ഗാന്ധി കാര്യമായി മാറിയിരിക്കുന്നു.

സ്വതന്ത്ര സോഫ്ട്‌വെയര്‍ എന്നതിന്റെ രാഷ്ട്രീയം അറിയാന്‍ ശ്രമിച്ച രണ്ട് നേതാക്കളേ ഇന്ത്യയിലുണ്ടയിരുന്നിട്ടുള്ളൂ. വി എസ് അച്യുതാനന്ദനും മധ്യപ്രദേശ് മുഖ്യമന്ത്രി(കോണ്‍ഗ്രസ്) ദിഗ്‌വിജയ സിംഗുമാണവര്‍. സ്വതന്ത്ര സോഫ്ട്‌വെയര്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ ഇന്ത്യയിലെത്തിയപ്പോള്‍ അത്തവണയും വി എസിനെ കണ്ടു. ഈ വിഷയത്തില്‍ താത്പര്യം തോന്നിയ ഡല്‍ഹി മുഖ്യമന്ത്രി കെജരിവാളും കാണാന്‍ താത്പര്യപ്പെടുകയും വി എസിന്റെ മുന്‍ ഐ ടി ഉപദേഷ്ടാവ് കൂടിയായ ജോസഫ് മാത്യുവിന്റെ സഹായത്തോടെ ഡല്‍ഹിയില്‍ ഇദ്ദേഹത്തെ കാണുകയും ചെയ്തു. ഈ വാര്‍ത്ത കേട്ടറിഞ്ഞ രാഹുല്‍ ഗാന്ധി(പിന്നീട് മോദിയും) സ്റ്റാള്‍മാനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും കാണുകയും ചെയ്തു. ഇതിനു മുമ്പ് സ്റ്റാള്‍മാന്‍ ഡല്‍ഹിയില്‍ പല വട്ടം വന്നപ്പോഴും ഇവരാരും അറിഞ്ഞില്ല. എന്തായാലും സ്വതന്ത്ര സോഫ്ട്‌വെയര്‍ സാധ്യത ഉപയോഗിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകും വിധം മാറ്റാന്‍ ആം ആദ്മി എന്ന കക്ഷിക്ക് കഴിഞ്ഞിരിക്കുന്നു. നാളെ ആം ആദ്മി പാര്‍ട്ടി തന്നെ ഇല്ലാതായാലും അതുണ്ടാക്കിയ തരംഗം കുറേ കാലത്തേക്ക് നിലനില്‍ക്കും.

ആം ആദ്മി ഡല്‍ഹിയില്‍ തഴച്ചുവളരുന്ന വസ്തുത സ്ഥിരം ഡല്‍ഹിയില്‍ ജീവിക്കുന്ന പ്രകാശ് കാരാട്ടും മറ്റും അറിയാതിരുന്നതാണോ? ആം ആദ്മിയുടെ അനുഭവത്തില്‍ നിന്നെന്തു പാഠമാണിവര്‍ പഠിക്കുന്നത്? നേരത്തെ സൂചിപ്പിച്ച പോലെ കേരളത്തിലെ പാര്‍ട്ടി നേതൃത്വം ‘സംഘടിത’മായി വി എസിനെ വേട്ടയാടുന്നത് അംഗീകരിക്കാന്‍ മാത്രമല്ലേ പ്രകാശ് കാരാട്ടിന് കഴിയുന്നുള്ളൂ. പാര്‍ട്ടിയെന്നത് ജനകീയ ഇച്ഛയുടെ പ്രതിനിധിയാകണമെന്ന താത്പര്യം നേതൃത്വത്തിനുണ്ടാകേണ്ടതല്ലേ? സൂധീരനും സതീശനും വന്നിട്ടെന്തു ഫലം, കോണ്‍ഗ്രസല്ലേ കക്ഷി? അവരുടെ സാമ്പത്തിക നയങ്ങള്‍ മാറുമോ? ഇത്തരം മറുചോദ്യങ്ങളായിരിക്കും ശരാശരി സി പി എമ്മുകാര്‍ ചോദിക്കുക. ‘ശരിയായ സാമ്പത്തിക നയങ്ങള്‍’ ഉണ്ടെന്നഭിമാനിക്കുന്നവര്‍ ഭരണത്തിലേറിയാല്‍ ഇടതു വലതു വ്യത്യാസമില്ലാതെയെല്ലേ ഭരിക്കുക? എ ഡി ബി, ലോക ബേങ്ക് തുടങ്ങി നന്ദിഗ്രാമും മൂലമ്പിള്ളിയും വരെ അനുഭവങ്ങളല്ലേ? എന്തു നയവ്യത്യാസമാണ് വലതുപക്ഷവുമായി (ഭരണം കിട്ടിയാല്‍) ഇവര്‍ക്കുള്ളത്? ഇതിനോടൊപ്പം അഖിലേന്ത്യാ ബദല്‍ എന്ന പേരില്‍ (പല വട്ടം പൊളിഞ്ഞ) മുന്നണി രൂപവത്കരിക്കുമ്പോള്‍ കൂടെ കൂട്ടുന്ന കക്ഷികളും നേതാക്കളും എന്ത് നിലാപാടെടുക്കുന്നുണ്ട് എന്നും നോക്കണം. ജയലളിതയും ചന്ദ്രബാബു നായിഡുവും നവീന്‍ പട്‌നായിക്കും മുലായവും നിതീഷ്‌കുമാറും ദേവെ ഗൗഡയുമെല്ലാം ‘ഇടതു പക്ഷ രാഷ്ട്രീയം’ അംഗീകരിക്കുന്നവരാണോ? രാജ്യം മുഴുവന്‍ വിഴുങ്ങുന്ന അഴിമതിക്കാരല്ലേ അവര്‍? അപ്പോള്‍ പിന്നെ പ്രത്യയശാസ്ത്രമൊന്നും പ്രശ്‌നമാകില്ല.

ഇതൊക്കെ പറയുമ്പോഴും വി എം സുധീരന് സ്വന്തം നിലപാടുകളോട് എത്ര മാത്രം നീതി പുലര്‍ത്താനാകുമെന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. അഴിമതി, ഗ്രൂപ്പ് തര്‍ക്കം, സ്വാര്‍ഥം തുടങ്ങിയവയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന കക്ഷിയാണ് കോണ്‍ഗ്രസ്. സുധീരന്‍ ധീര നിലപാടെടുത്ത ഒട്ടുമിക്ക വിഷയങ്ങളിലും സ്ഥാപിത താത്പര്യങ്ങളുള്ളവരാണ് കോണ്‍ഗ്രസ്, യു ഡി എഫ് നേതാക്കള്‍. കരിമണല്‍ ഖനനം, ആറന്മുള, ദേശീയ പാത, പല തരം അഴിമതികള്‍, മലിനീകരണം തുടങ്ങിയവയെല്ലാം കടുത്ത തര്‍ക്കങ്ങളിലേക്ക് നീങ്ങുമെന്നു തീര്‍ച്ച. വന്‍ തുകകള്‍ പലര്‍ക്കും നഷ്ടമാകും. ഇതൊന്നും നടത്താനായില്ലെങ്കില്‍ പിന്നെന്തിന് രാഷ്ട്രീയം എന്നാണവരുടെ സംശയം. ചുരുക്കത്തില്‍ സുധീരന്റെ പാത ഏറെ ദുര്‍ഘടം പിടിച്ചതാണ്, സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍. ഒപ്പം ഇവിടെ സി പി എമ്മില്‍ വി എസിനുണ്ടായ അനുഭവങ്ങളും ഓര്‍ക്കണം.

എന്നാല്‍, വി എസ് അല്ല സുധീരന്‍. ഒപ്പം സി പി എം അല്ല കോണ്‍ഗ്രസ്. നേതൃത്വത്തിന്റെ പല നിലപാടുകളും ശരിയല്ലെന്ന് പറഞ്ഞുകൊണ്ട് ഒരു തിരുത്തല്‍ ശക്തിയായി നിലകൊള്ളാന്‍ കഴിയുന്ന കുറേ എം എല്‍ എമാര്‍ ഇന്ന് കോണ്‍ഗ്രസിലുണ്ട് എന്നത് മറക്കരുത്. ആറന്മുള വിമാനത്താവളമടക്കമുള്ള വിഷയങ്ങളില്‍ ഇവര്‍ എടുക്കുന്ന നിലപാട് നിര്‍ണായകവുമാകുന്നുണ്ട്. ഇതുകൊണ്ടെല്ലാം തന്നെ ഗുണപരമായ ഇടപെടലുകള്‍ നടത്താന്‍ സധീരനും സതീശനും മറ്റും കഴിയുമെന്ന് പ്രതീക്ഷിക്കുക. ഒപ്പം ശക്തമായ ജനകീയ സമരങ്ങള്‍ തുടരുകയും വേണം. ഇത് സുധീരന് പ്രവര്‍ത്തിക്കാന്‍ ശക്തി നല്‍കുമെന്ന് തീര്‍ച്ച. നിലപാടെടുത്ത എല്ലാ വിഷയങ്ങളും ഒരുപോലെ നേടുമെന്ന് കരുതാനാകില്ല താനും. എത്രത്തോളം സാധ്യമാകുമെന്ന് ചരിത്രം തെളിയിക്കട്ടെ.

വാല്‍ക്കഷണം: വി എസ് അച്യുതാനന്ദനെ നാട് നീളെ തെറി പറഞ്ഞുകൊണ്ട് രക്ഷാ യാത്ര നടത്തുന്ന പിണറായി വിജയനും സംഘവും രാഷ്ട്രീയമായി വി എം സുധീരനെയും സംഘത്തേയും നേരിടുമ്പോള്‍ ഇരുപത് ലക്ഷം ഫഌക്‌സ് ബോര്‍ഡുകളിലൂടെ തന്റെ മുഖം പരിചയപ്പെടുത്തിയത് കൊണ്ട് ഫലമുണ്ടാകുമോ? ജയരാജന്മാരുടെ വെല്ലുവിളി മതിയോ? ഇതൊന്നു ചിന്തിക്കാനെങ്കിലും പ്രകാശ് കാരാട്ടിന് കഴിയുമോ?

[email protected]