മേഘാലയില്‍ വിമതര്‍ പെട്രോള്‍ പമ്പ് ബോംബ് വെച്ച് തകര്‍ത്തു

Posted on: February 12, 2014 11:27 am | Last updated: February 12, 2014 at 11:23 pm

bomb...ഷില്ലോംഗ്: മേഘാലയില്‍ വിമതര്‍ പെട്രോള്‍ പമ്പ് ബോംബ് വച്ച് തകര്‍ത്തു. ചൊവ്വാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. രാത്രിയായിരുന്നതിനാല്‍ സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. വിമതസംഘടനയായ ഗാരോ നാഷണല്‍ ലിബറേഷന്‍ ആര്‍മിയാണ് ആക്രമണത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്.

വില്യംനഗര്‍ സിവില്‍ ആശുപത്രിക്കു സമീപമുള്ള നുമാലിഗര്‍ റിഫൈനറി ലിമിറ്റഡിന്റെ പെട്രോള്‍ പമ്പിലാണ് സ്‌ഫോടനമുണ്ടായത്. ഈസ്റ്റ് ഗാരോ ഹില്‍സ് ജില്ലാ തലസ്ഥാനമായ വില്യംനഗര്‍ ഷില്ലോംഗില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയാണ്. സ്‌ഫോടനത്തില്‍ പെട്രോള്‍ പമ്പിന്റെ പമ്പിംഗ് മെഷീന്‍ ഭാഗികമായി തകര്‍ന്നു. സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നു കരുതപ്പെടുന്ന നീളമുള്ള ഇലക്ട്രിക് വയര്‍ സ്ഥലത്തുനിന്നു കണ്ടെടുത്തു. വിമതസംഘത്തെ പിടികൂടാനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.