ഡ്രൈവിംഗ് ലൈസന്‍സ് പ്രായപരിധി കുറക്കാന്‍ ആലോചിക്കുന്നു

Posted on: February 11, 2014 8:33 pm | Last updated: February 11, 2014 at 8:33 pm

dubai-driving-licenseദുബൈ: ഡ്രൈവിംഗ് ലൈസന്‍സിനുള്ള പ്രായപരിധി കുറക്കാന്‍ അധികൃതര്‍ ആലോചിക്കുന്നു. യു എ ഇ ഫെഡറല്‍ ട്രാഫിക് കൗണ്‍സിലാണ് പ്രായപരിധി 18ല്‍ നിന്നും 16 ഓ 17 ആയി കുറക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നത്.

18നും 21നും ഇടയില്‍ പ്രായമുളള ഡ്രൈവര്‍മാര്‍ വാഹനാപകടങ്ങള്‍ക്ക് കാരണമാവുന്നത് വളരെ കുറവാണെന്നും ഇതാണ് ഇത്തരത്തില്‍ ഒരു ആലോചനയിലേക്ക് കൗണ്‍സിലിനെ പ്രേരിപ്പിച്ചതെന്നും ദുബൈ പോലീസ് ഓപറേഷന്‍സ വിഭാഗം ഉപമേധാവിയും ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ ചെയര്‍മാനുമായ മേജര്‍ ജനറല്‍ മുഹമ്മദ് സെയ്ഫ് അല്‍ സഫീന്‍ വ്യക്തമാക്കി. പ്രായപരിധി കുറച്ചാല്‍ ലൈസന്‍സില്ലാതെ അപകടകരമാംവിധം വാഹനം ഓടിക്കുന്നതിന് കുറവുണ്ടാവുമെന്നാണ് കരുതുന്നത്.
കൗമാരക്കാര്‍ അനധികൃതമായി വാഹനം ഓടിക്കുന്നത് അവര്‍ക്കും മറ്റുള്ളവര്‍ക്കും അപകടം വരുത്തുന്ന സ്ഥിയാണുള്ളത്. ഇവക്കെല്ലാം ഇതിലൂടെ പരിഹാരം കാണാന്‍ സാധിച്ചേക്കും. ലൈസന്‍സ് ലഭ്യമായാല്‍ കൂടുതല്‍ ഗൗരവത്തോടെ കൗമാരക്കാര്‍ ഡ്രൈവിംഗിനെ കാണും. പൊതു സുരക്ഷ ഉറപ്പാക്കുന്ന വിധത്തിലും നിയമപരമായ വശങ്ങള്‍ പരിശോധിച്ചും മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളൂ.
കൗണ്‍സില്‍ യോഗം ഇതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. കൗമാരക്കാര്‍ കാര്‍ ഓടിക്കുമ്പോള്‍ ഉറ്റ ബന്ധുക്കളില്‍ ഒരാള്‍ വാഹനത്തില്‍ ഉണ്ടായിരിക്കണം, വേഗം വര്‍ധിക്കാതിരിക്കാന്‍ പ്രത്യേക സ്പീഡോ മീറ്റര്‍ വാഹനത്തില്‍ ഘടിപ്പിക്കണം തുടങ്ങിയവയും ചര്‍ച്ചക്ക് വന്നിരുന്നു. നിലവില്‍ 18 വയസാണ് ലൈസന്‍സ് ലഭിക്കാന്‍ വേണ്ടത്. 17 വയസുള്ളവര്‍ക്ക് അപേക്ഷിക്കാമെങ്കിലും ടെസ്റ്റ് കഴിഞ്ഞാലും 18 വയസായാലേ ലൈസന്‍സ് നല്‍കൂവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
രാജ്യത്ത് വാഹനം ഓടിക്കുന്നതിനിടയില്‍ പുകവലിക്കുന്നത് പൂര്‍ണമായും നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ വേദിയായി.