രാധാകൃഷ്ണന്റെ അറസ്റ്റ്: പ്രവാസി മലയാളികള്‍ക്ക് പ്രതീക്ഷ

Posted on: February 11, 2014 7:46 pm | Last updated: February 11, 2014 at 7:52 pm

അജ്മാന്‍: ഗുരുവായൂര്‍ വില്ല-ഫഌറ്റ് തട്ടിപ്പ് നടത്തിയ ഉടമ രാധാകൃഷ്ണന്‍ നാട്ടില്‍ അറസ്റ്റിലായതോടെ ഇരകളായ പ്രവാസികള്‍ പ്രതീക്ഷയില്‍. ഗള്‍ഫില്‍ നിരവധി പേര്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.

എറണാകുളം ജില്ലയിലെ പറവൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബില്‍ഡേഴ്‌സ് ഗ്രൂപ്പ് ഉടമയാണ് പ്രതി. ഗുരുവായൂര്‍ ക്ഷേത്രത്തിന് സമീപത്ത് വില്ലകളും ഫഌറ്റുകളും പണിത് നല്‍കാം എന്ന് വാഗ്ദാനം നല്‍കിയാണ് പ്രവാസികളില്‍ നിന്നും കോടികള്‍ തട്ടിയത്. 35 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് ഓരോ നിക്ഷേപകരില്‍ നിന്നും കൈപറ്റിയത്. ഗുരുവായൂര്‍ ക്ഷേത്രത്തിനും നഗരത്തിനുമടുത്ത് രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ പണിതു നല്‍കാം എന്ന് അവകാശപ്പെട്ടാണ് പല നിക്ഷേപകരെയും വലയിലാക്കിയത്. ഇതിന് ശേഷമാണ് തട്ടിപ്പ് ചാനലുകളും മറ്റു പത്രങ്ങളും ഏറ്റെടുത്തത്. മലയാളത്തിലെ വന്‍കിട ചാനലുകളില്‍ ജനങ്ങളെ വശീകരിക്കുന്ന രീതിയില്‍ പരസ്യം നല്‍കിയ, ഇയാള്‍ നാല് വര്‍ഷം മുമ്പ് ദുബൈ ഫെസ്റ്റ് വെല്ലില്‍ കൗണ്ടര്‍ തുറന്ന് ഗള്‍ഫ് പ്രവാസികളെ ആകര്‍ഷിക്കുകയായിരുന്നു. ഫഌറ്റ്-വില്ല പണിതു നല്‍കുമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്നും പണം വാങ്ങി വഞ്ചിച്ചുവെന്ന പേരിലാണ് അറസ്റ്റ് തിരുവനന്തപുരം സ്വദേശി കൈലാസ് നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കണ്ടോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കന്റോണ്‍മെന്റ് പോലീസ് എറണാകുളത്തു വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.