Connect with us

International

അമിതമായി ഭക്ഷണം കഴിച്ച സ്ത്രീയുടെ വയറ് പൊട്ടിത്തെറിച്ചു

Published

|

Last Updated

ബീജിംഗ്: ചൈനയില്‍ അമിതമായി തിന്നുകയും കുടിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് വയര്‍വീര്‍ത്ത സത്രീയുടെ വയറ് ഓപ്പറേഷന്‍ നടത്തുന്നതിനിടെ പൊട്ടിത്തെറിച്ചു. 58കാരിയായ സ്ത്രീയുടെ വയറാണ് ഓപ്പറേഷനിടെ വയറിലെ ഗ്യാസ് പുറത്ത് വന്നതിനെത്തുടര്‍ന്ന് തീപ്പിടിച്ച് പൊട്ടിത്തെറിച്ചത്. ഇതേത്തുടര്‍ന്ന് സ്ത്രീയുടെ വയര്‍ പൂര്‍ണമായി നീക്കം ചെയ്യേണ്ട സ്ഥിതിയിലാണ് ഡോക്ടര്‍മാരെന്ന് ജിംഗ്‌സു പ്രവിശ്യയിലെ നാന്‍ജിങ് ഡ്രം ടവര്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ വാങ് ഹോയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
രോഗിയുടെ വയറ്റില്‍ നിന്നും പുറപ്പെട്ട ഈഥേല്‍ ആല്‍ക്കഹോള്‍, ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഇലക്ട്രിക് കത്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതാണ് സംഭവത്തിന് കാരണമെന്ന് വാങ് പറഞ്ഞു. സാധാരണഗതിയില്‍ വയറ് നിറഞ്ഞെന്ന തോന്നല്‍ ഉണ്ടാകുമ്പോഴാണ് ഭക്ഷണം കഴിക്കുന്നത് നിര്‍ത്തുന്നത്. എന്നാല്‍ വിഭവസമൃദ്ധമായ ഭക്ഷണത്തിനൊപ്പം മദ്യവും കഴിക്കുമ്പോള്‍ ശരീരം ഈ അടയാളം അവഗണിക്കുകയും കൂടുതല്‍ ഭക്ഷണം അകത്താകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വസന്തകാല ആഘോഷം എന്നുകൂടി അറിയപ്പെടുന്ന ന്യൂ ഇയര്‍ ആഘോഷവേളയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ചൈനക്കാര്‍ അമിതമായി തിന്നുകയും കുടിക്കുകയും ചെയ്യുന്നത് പതിവാണ്.