സുശീല്‍ കൊയ്‌രാള നേപ്പാള്‍ പ്രധാനമന്ത്രി

Posted on: February 10, 2014 11:13 pm | Last updated: February 10, 2014 at 11:13 pm

susheel kiralaകാഠ്മണ്ഡു: നേപ്പാളി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുശീല്‍ കൊയ്‌രാളയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (സി പി എന്‍ – യു എം എല്‍)യുടെ പിന്തുണ ലഭിച്ച കൊയ്‌രാളക്ക് പാര്‍ലിമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും ലഭിച്ചതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ നേപ്പാളില്‍ രണ്ടര മാസത്തോളമായി നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് അന്ത്യമായിരിക്കുകയാണ്. കൊയ്‌രാളയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കുമെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.
കഴിഞ്ഞ നവംബറില്‍ നടന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്തതിനെ തുടര്‍ന്ന് മന്ത്രി സഭാ രൂപവത്കരണം നീണ്ടുപോകുകയായിരുന്നു. ഒടുവില്‍ തിരഞ്ഞെടുപ്പില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ കോണ്‍ഗ്രസ് പാര്‍ട്ടിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ സഖ്യമുണ്ടാക്കുകയായിരുന്നു. 194 സീറ്റില്‍ കോണ്‍ഗ്രസ് വിജയം നേടിയപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 173 സീറ്റുകള്‍ ലഭിച്ചിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പുറമെ ആര്‍ പി പിയടക്കമുള്ള ചെറിയ പാര്‍ട്ടികളും കോണ്‍ഗ്രസിനെ പിന്തുണച്ചു. ഇതോടെ വോട്ടെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷമാണ് കൊയ്‌രാള നേടിയത്. 553ല്‍ 405 പ്രതിനിധികളും കൊയ്‌രാളയെ അനുകൂലിച്ചു.
തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വന്ന മുന്‍ പ്രധാനമന്ത്രി പുഷ്പദഹല്‍ പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ മാത്രമാണ് കൊയ്‌രാളക്കെതിരെ വോട്ട് ചെയ്തത്. 148 അംഗങ്ങളാണ് പാര്‍ലിമെന്റില്‍ കൊയ്‌രാളക്കെതിരെ വോട്ട് ചെയ്തത്. അതിനിടെ, മന്ത്രിസ്ഥാനങ്ങളെ ചൊല്ലിയുള്ള കരാറില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയായ സി പി എന്‍ – യു എം എല്‍ സഖ്യവുമായി ധാരണയിലെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ഇന്നുതന്നെ നടക്കേണ്ടിയിരുന്ന സത്യപ്രതിജ്ഞ ബുധനാഴ്ചയിലേക്ക് മാറ്റിയതെന്ന് പ്രസിഡന്റിന്റെ വക്താക്കള്‍ അറിയിച്ചു. കാബിനറ്റില്‍ അമ്പത് ശതമാനം പ്രാതിനിധ്യവും കമ്യൂണിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
പാര്‍ലിമെന്റ് അംഗങ്ങളുമായി സഹകരണത്തോടെ മുന്നോട്ടുപോകുന്ന ഭരണമായിരിക്കും ഉണ്ടാകുകയെന്നും ഒരു വര്‍ഷത്തിനകം പുതിയ ഭരണഘടന രൂപവത്കരിക്കുമെന്നും പ്രസിഡന്റ് സ്ഥാനത്തേക്കും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും തിരഞ്ഞെടുപ്പ് നടത്തുമെന്നും കൊയ്‌രാള വ്യക്തമാക്കി. ഇന്ത്യയടക്കമുള്ള അയല്‍ രാജ്യങ്ങളുമായി സഹകരിച്ച് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.