ദോഹ തീപ്പിടുത്തം കോടികളുടെ നഷ്ടം

Posted on: February 10, 2014 6:31 pm | Last updated: February 10, 2014 at 6:31 pm

untitledദോഹ: വ്യവസായ മേഖലയിലെ 24-ാം നമ്പര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഖത്തര്‍ ലോജിസ്റ്റിക്‌സ് വെയര്‍ ഹൗസില്‍ ഇന്നലെ പുലര്‍ച്ചെയുണ്ടായ വന്‍ അഗ്‌നിബാധ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ അഗ്‌നിബധയായി കണക്കാക്കപ്പെടുന്നു. കോടികളുടെ നഷ്ടമാണ് തീപ്പിടുത്തത്തില്‍ ഉണ്ടായിരിക്കുന്നത്. വന്‍കിട കമ്പനികളുടെ ടണ്‍ കണക്കിന് ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളാണ് ദുരന്തത്തില്‍ കത്തിനശിച്ചത്.

ദോഹയിലെ അനേകം ഇലക്ട്രോണിക് ഷോപ്പുകളില്‍ വിതരണം ചെയ്യാനുള്ള എ സി, ടി വി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് സാധനങ്ങളുമാണ് കത്തിനശിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 5.20 ഓടെയാണ് തീ ഉയരുന്നതായി കാവല്‍ക്കാരുടെ ശ്രദ്ധയില്‍ പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥരും അഗ്‌നിശമന സേനാവിഭാഗവും സംഭവസ്ഥലത്തെത്തിയെങ്കിലും മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാനായത്. വൈകീട്ട് ഏറെ കഴിഞ്ഞിട്ടും സ്ഥലത്ത് പുക ഉയരുന്നുണ്ടായിരുന്നു.

ദൂരദിക്കുകളില്‍ നിന്ന് കാണാവുന്ന വിധം ആകാശത്തില്‍ ഉയയര്‍ന്ന പുകച്ചുരുളുകളും ഇടയ്ക്കിടെ പുറത്തേക്ക് കേട്ടു കൊണ്ടിരുന്ന പൊട്ടിത്തെറിശബ്ദങ്ങളും പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തി. അതേസമയം തീ നിയന്ത്രണവിധേയമായാതായും അപകടത്തില്‍ ആളപായമൊന്നുമില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വെയര്‍ഹൗസിന് ചുറ്റും മലയാളികളടക്കം ആയിരക്കണക്കിന് തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ വെയര്‍ഹൗസിലുണ്ടായ തീപിടിത്തത്തിന് ശേഷം ഖത്തറില്‍ ഇത്രയും വലിയ തീപിടിത്തം ആദ്യമായിട്ടാണ്.