വാതുവെപ്പ്: മെയ്യപ്പന്‍ കുറ്റക്കാരനെന്ന് റിപ്പോര്‍ട്ട്

Posted on: February 10, 2014 2:35 pm | Last updated: February 10, 2014 at 2:35 pm

meyyappanന്യൂഡല്‍ഹി: ഐ പി എല്‍ വാതുവെപ്പ് കേസില്‍ ബി സി സി ഐ അദ്ധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ കുറ്റക്കാരനാണെന്ന് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് മുകുള്‍ മുദഗല്‍ കമ്മിറ്റി കണ്ടെത്തി. ഇന്ന് ജസ്റ്റിസ് എ കെ പട്‌നായിക് അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന് മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബി സി സി ഐക്ക് എതിരെയും ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

വാതുവെപ്പിനെ കുറിച്ച് വിപുലമായ അന്വേഷണം ആവശ്യമാണെന്നും ശ്രീനിവാസന്‍ ഒരേ സമയം ബി സി സി ഐ പ്രസിഡന്റും ഒരു ഫ്രാഞ്ചൈസിയുടെ ഉടമയുമായിരിക്കുന്നത് ശരിയായ നടപടിയല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. വാതുവെപ്പ് ഉള്‍പ്പെടെയുള്ള എല്ലാ തിന്‍മകളും ഇല്ലാതാക്കി കളിയെ ശുദ്ധീകരിക്കാന്‍ പത്ത് നിര്‍ദേശങ്ങളും കമ്മീഷന്‍ മുന്നോട്ട് വെക്കുന്നുണ്ട്.

ബി സി സി ഐ നിയോഗിച്ച രണ്ടംഗ ജുഡീഷ്യല്‍ സമിതി മെയ്യപ്പനേയും മറ്റും കുറ്റവിമുക്തനാക്കിയതിനെതിരെ ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് സുപ്രീംകോടതി ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത്.