Connect with us

Gulf

റോയ് നാസറിന്റെ ഓര്‍മക്കായി അടുത്ത മാസം ഏഴിന് സൈക്കിള്‍ ഓട്ട മത്സരം

Published

|

Last Updated

ദുബൈ: കാറിടിച്ച് കൊല്ലപ്പെട്ട പ്രമുഖ അറബ് ട്രയത്‌ലോണ്‍ ചാമ്പ്യന്‍ റോയ് നാസറിന്റെ ഓര്‍മക്കായി അടുത്ത മാസം സൈക്കിള്‍ ഓട്ട മത്സരം സംഘടിപ്പിക്കുന്നു. ആയിരം സൈക്കിള്‍ താരങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റോയ് മുന്നിട്ടിറങ്ങി രൂപീകരിച്ച ട്രൈ ദുബൈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. മാര്‍ച്ച് ഏഴിനാണ് മത്സരം നടക്കുക. 65 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്കിള്‍ ഓട്ട മത്സരം അറ്റ്‌ലാന്റിസില്‍ നിന്നും ആരംഭിച്ച് 65 കിലോമീറ്റര്‍ സഞ്ചരിച്ച് അറ്റ്‌ലാന്റിസില്‍ തിരിച്ചെത്തി സമാപിക്കും. റോയിയുടെ ഇഷ്ട പാതകളായ ശൈഖ് സായിദ് റോഡിലെ പാലങ്ങളും മറ്റും പിന്നീട്ടാവും മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സൈക്കിളോടിക്കുക.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലായിരുന്നു പ്രഭാത സവാരിക്കായി സൈക്കിളില്‍ സഞ്ചരിക്കവേ റോയ് നാസറിനെ കാറിടിച്ചത്. കാര്‍ ഓടിച്ച ഫിലിപ്പിനോ യുവാവ് മദ്യപിച്ച് വാഹനം ഓടിച്ചതായിരുന്നു രാജ്യത്തെ നടുക്കിയ നാസറിന്റെ മരണത്തിന് ഇടയാക്കിയത്. നാസറിനൊപ്പം സൂഹൃത്തിനും സഫാ പാര്‍ക്കിന് സമീപം വെച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റിരുന്നു.
ഇതൊരു അനുസ്മര സൈക്കിളോടിക്കല്‍ മത്സരമാണെന്നും ഇതിനെ വീറും വാശിയുമുള്ള ഒരു സാധാരണ മത്സരമായി ചുരുക്കരുതെന്നും റോയ് നാസറിനൊപ്പം ട്രൈ ദുബൈ സ്ഥാപിക്കുന്നതില്‍ പങ്കാളിയായ ലാന്‍ ലീ പെല്ലി അഭ്യര്‍ഥിച്ചു. മത്സരത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം നാസറിന്റെ കുട്ടികളുടെ പഠനത്തിനായി ചെലവഴിക്കാനാണ് പദ്ധതി.
ലബനോണില്‍ ജനിക്കുകയും യു എ ഇയെ കര്‍മഭൂമിയായി കാണുകയും ചെയ്തിരുന്ന നാസര്‍ 2006ലെ ഏഷ്യന്‍ ഗെയിംസിലും 2010ലെ അയേണ്‍മാന്‍ 70.3 വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലും താരമായിരുന്നു. ആരോഗ്യകരമായ ജീവിതത്തിന് സമൂഹം വ്യായാമത്തില്‍ ഏര്‍പ്പെടണമെന്ന സന്ദേശം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിലും നാസറിന്റെ സംഭാവന മികവുറ്റതായിരുന്നു. ഈ ലക്ഷ്യത്തിലേക്ക് കുട്ടികളെ എത്തിക്കാനായി ദുബൈയിലെ സ്‌കൂളുകളിലും കോളജുകളിലും നാസര്‍ പതിവായി സന്ദര്‍ശനം നടത്തുകയും ആരോഗ്യമുള്ള ജീവിതം നയിക്കാന്‍ വ്യായാമം എത്രമാത്രം അത്യന്താപേക്ഷിതമാണെന്ന് ബോധവത്ക്കരിക്കുകയും ചെയ്തിരുന്നു.
മത്സരത്തിന് എല്ലാ അര്‍ഥത്തിലുമുള്ള സുരക്ഷാ സജ്ജീകരണങ്ങള്‍ ലഭ്യമാക്കുമെന്ന് കമ്മിറ്റി അംഗമായ ഗൈ കോഖ്‌ലാന്‍ വെളിപ്പെടുത്തി. ഏഴി(വെള്ളി)ന് വെള്ളി രാവിലെ 7.30 നാവും മത്സരം ആരംഭിക്കുക. മത്സരത്തില്‍ പങ്കെടുക്കുന്ന ഓരോ നൂറു മത്സരാര്‍ഥികള്‍ക്കും ശേഷം ഓരോ സപോര്‍ട്ടിംഗ് കാര്‍ പിന്തുടരും. അവസാന സപോര്‍്ട്ട് കാറിന് പിറകിലായി റോഡ് വൃത്തിയാക്കാനായി സ്വീപ്പര്‍ വാഹനവും ഉണ്ടാവും.
മത്സരത്തിന് ആവശ്യമായ സഹായവുമായി ദുബൈ പോലീസും സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. www. tridubai.org/ride-forþRoy എന്ന സൈറ്റില്‍ നിന്നും മത്സരത്തിന്റെ റൂട്ട് സംബന്ധമായ വിശദമായ വിവരം ലഭിക്കും. www.premier online.com/event/Ride_for_Roy എന്ന സൈറ്റിലോ ശൈഖ് സായിദ് റോഡിലുള്ള വോള്‍ഫി ബൈക്ക് ഷോപ്പിലോ സന്ദര്‍ശനം നടത്തിയും മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. 300 ദിര്‍ഹമാണ് മത്സരത്തിനുള്ള രജിസ്‌ട്രേഷന്‍ ഫീസ്.