നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സമസ്ത പ്രസിഡന്റ്

Posted on: February 9, 2014 5:08 pm | Last updated: February 10, 2014 at 11:11 am

m a abdul khader musliyarകാസര്‍കോട്: കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പുതിയ പ്രസിഡന്റായി പ്രമുഖ പണ്ഡിതനും ജാമിഅ സഅദിയ്യുടെ സാരഥിയും അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റുമായ നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ തിരഞ്ഞെടുക്കപ്പെട്ടു. കാസര്‍കോട് സഅദിയ്യയില്‍ ചേര്‍ സമസ്തയുടെ കേന്ദ്ര മുശാവറാ യോഗമാണ് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ ഒഴിവിലേക്ക് 93 കാരനായ എം എ ഉസ്താദിനെ തിരഞ്ഞെടുത്തത്.

മുശാവറ യോഗത്തില്‍ നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ പി ഹംസ മുസ്ലിയാര്‍ ചിത്താരി, ഇ സുലൈമാന്‍ മുസ്ലിയാര്‍ ഒതുക്കുങ്ങല്‍, എം അലികുഞ്ഞി മുസ്ലിയാര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, എ കെ അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, എന്‍ അലി മുസ്ലിയാര്‍ കുമരംപുത്തൂര്‍, പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, തുടങ്ങിയവര്‍ സംബന്ധിച്ചു. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു.

ഉള്ളാള്‍ തങ്ങളോടൊപ്പം കര്‍മരംഗത്ത് അരനൂറ്റാണ്ടിലേറെക്കാലം ഒരുമിച്ച് പ്രവര്‍ത്തിച്ച പണ്ഡിതനാണ് എം എ ഉസ്താദ്. പ്രസംഗ രംഗത്തും എഴുത്തിലും ഒരുപോലെ ശോഭിച്ച ഈ പണ്ഡിത കാരണവര്‍ സുന്നീ പ്രസ്ഥാനത്തിന്റെ ബൗദ്ധിക കേന്ദ്രമായാണ് പ്രവര്‍ത്തിച്ചത്. 1951 ല്‍ സമസ്ത കേരള ഇസ്ലാം മതം വിദ്യഭ്യാസ ബോര്‍ഡിന്റെ ഉത്ഭവത്തിലേക്ക് നയിച്ചത് നൂറുല്‍ ഉലമ എം എ ഉസ്താദ് അല്‍ ബയാന്‍ പത്രത്തില്‍ എഴുതിയ ലേഖനമായിരുന്നു. കേരളത്തിലെ പ്രഥമ വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിച്ചവരില്‍ ഇന്ന് ജീവിച്ചിരിപ്പുള്ള ഏക വ്യക്തിയും എം എ യാണ്.

1924 ജൂലൈ ഒിന് (റജബ് 29) തിങ്കളാഴ്ച തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയില്‍ കുറിയ അബ്ദുല്ല ഹാജിയുടെയും നാലുരപ്പാട് മറിയമിന്റെയും മകനായാണ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ജനിച്ചത്.

മാതാമഹാന്റെയും അമ്മാവന്റെയും കീഴില്‍ പ്രാഥമിക പഠനം നടത്തിയ ശേഷം പ്രധാനമായും എം എ ഉസ്താദ് വിദ്യാര്‍ഥി ജീവിതം നയിച്ചത് ബീരിച്ചേരി ദര്‍സിലായിരുന്നു. അവിടെ പ്രധാന മുദരിസായിരുന്ന ശാഹുല്‍ ഹമീദ് തങ്ങള്‍ക്ക് കീഴില്‍ 10 വര്‍ഷം പഠിച്ചു. തസവുഫിന്റെ ഗുരു കൂടിയായ തങ്ങള്‍ എം എ യെ ആത്മീയമായി വളര്‍ത്തി. ആധുനിക അറബിയിലും ഉറുദുവിലും ഇക്കാലയളവില്‍ പ്രാഗത്ഭ്യം നേടി. സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനാവുകയും മയ്യിത്ത് പരിപാലന സംഘത്തിലൂടെ പൊതു രംഗത്ത് കടന്നു വരികയും ചെയ്തു.

1951 ല്‍ ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിലൂടെ സമസ്തയിലേക്ക് കാലെടുത്ത് വെച്ച എം എ പീന്നീട് ദീര്‍ഘകാലം ബോര്‍ഡിന്റെ പ്രസിഡന്റായി സേവനം ചെയ്തു. 1989 മുതല്‍ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ അഖിലേന്ത്യ പ്രസിഡന്റായി സേവനം ചെയ്യുന്നു. മദ്രസാധ്യപകരുടെ സംഘടനയായ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ രൂപം കൊണ്ടത് എം എ ഉസ്താദിന്റെ നേതൃത്വത്തിലായിരുന്നു.

1954 സമസ്ത കേരള സുന്നി യുവജന സംഘം രൂപീകരണത്തില്‍ പങ്കാളിയായ എം എ 1982 ല്‍ ഇ കെ ഹസന്‍ മുസ്ലിയാരുടെ പിന്‍ഗാമിയായി പ്രസിഡന്റ് പദത്തിലെത്തി 1995 വരെ 12 വര്‍ഷം ആ പദവിയില്‍ സേവനം ചെയ്തു. 1989 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനായി തുടരുന്നു. സമസ്തക്ക്് ജില്ലാ കമ്മറ്റി രൂപം കൊണ്ടപ്പോള്‍ 1973 മുതല്‍ അവിഭക്ത കണ്ണൂര്‍ ജില്ലാ സമസ്ത സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ദീര്‍ഘകാലം കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. സമന്വയ വിദ്യാഭ്യാസത്തിന്റെ ശില്‍പിയായ അദ്ദേഹം ഉത്ഭവം മുതല്‍ സഅദിയ്യുടെ സാരഥിയാണ്.

ആനുകാലികങ്ങളില്‍ സ്ഥിരമായി എഴുതാറുള്ള അദ്ദേഹത്തിന്റേതായി നാല്‍പതിലേറെ പ്രൗഢ ഗ്രന്ഥങ്ങളുണ്ട്. മികച്ച സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി നിരവധി അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.