തട്ടിയെടുത്ത സ്ഥലം വിജിലന്‍സ് റിപ്പോര്‍ട്ട് വന്നിട്ടും തിരിച്ചെടുക്കുന്നില്ലെന്ന്‌

Posted on: February 8, 2014 8:30 am | Last updated: February 8, 2014 at 8:30 am

കല്‍പ്പറ്റ: അമ്പലവയല്‍ സ്വദേശി വ്യാജ രേഖ ചമച്ച് തട്ടിയെടുത്ത ഭൂമി വിജിലന്‍സ് റിപ്പോര്‍ട്ട് വന്നിട്ടും തിരിച്ചെടുക്കുന്നില്ലെന്ന് ടി പി കുഞ്ഞുമുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മഞ്ഞാത്ത് കെ. ഭഗീരഥന്‍, സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍, മുന്‍ ജില്ലാ കലക്ടര്‍ എം. വിശ്വനാഥന്‍, പ്രിന്‍സിപ്പല്‍ റവന്യു സെക്രട്ടറി എന്നിവരുടെ സഹായത്താലാണ് വ്യാജരേഖ ചമച്ചതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. സിഎംപി 784/2013 നമ്പര്‍ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ അന്വേഷണത്തിന്റെയും തെളിവെടുപ്പിന്റെയും അടിസ്ഥാനത്തില്‍ പരാതിക്കാരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞു.
എക്‌സ് സര്‍വീസ് മെന്‍ എന്ന് കബളിപ്പിച്ച് നേടിയെടുത്ത മേപ്പടി സ്ഥലത്തിന്റെ പട്ടയം അസാധുവാക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെടുകയും വയനാട് എസ്പിയോട് അമ്പലവയല്‍ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എക്‌സ് സര്‍വീസ് മെന്‍ അല്ലാതെ കൃത്രിമ രേഖകള്‍ നിര്‍മിച്ച് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയും അഞ്ച് സെന്റ് സ്ഥലത്തിന്റെ പട്ടയം വാങ്ങിക്കുകയും ഒന്നര സെന്റ് സ്ഥലം സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് പട്ടയം നേടുകയും ചെയ്തു. സര്‍ക്കാരിന്റെ ലക്ഷങ്ങള്‍ വിലയുള്ള സ്ഥലം തട്ടിയെടുത്തിട്ടും സ്ഥലം തിരിച്ചെടുക്കാന്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുന്നില്ല. മകന്‍ ഷാഹുല്‍ ഹമീദും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.