Connect with us

International

ഡ്രോണ്‍ ആക്രമണങ്ങള്‍ പരിമിതപ്പെടുത്തും- യു എസ്‌

Published

|

Last Updated

ന്യൂയോര്‍ക്ക്: പാക് താലിബാനും പാക്കിസ്ഥാന്‍ സര്‍ക്കാറും തമ്മില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളുടെ ഭാഗമായി ഡ്രോണ്‍ ആക്രമണങ്ങള്‍ പരിമിതപ്പെടുത്താന്‍ അമേരിക്ക തീരുമാനിച്ചു.
ഡിസംബര്‍ 25 ന് ശേഷം ഇതുവരെ അമേരിക്ക ആളില്ലാവിമാനങ്ങളായ ഡ്രോണുകള്‍ പാക്കിസ്ഥാനിലെ ഭീകര താവളങ്ങള്‍ക്കുനേരെ ഉപയോഗിച്ചിട്ടില്ല. കഴിഞ്ഞ നവംബറില്‍ സമാധാന ചര്‍ച്ച നടത്താനൊരുങ്ങുമ്പോഴായിരുന്നു അമേരിക്ക ഡ്രോണ്‍ ഉപയോഗിച്ച് പാക് താലിബാന്‍ നേതാവ് ഹക്കീമുല്ല മസൂദിനെ കൊലപ്പെടുത്തിയത്. പിന്നീട് തുടരെ ആക്രമണങ്ങളായിരുന്നു. അമേരിക്കന്‍ സര്‍ക്കാറിനെതിരെ നിശിത വിമര്‍ശമാണ് പാക്കിസ്ഥാന്‍ അന്ന് അഴിച്ചുവിട്ടത്.
ഇപ്പോഴത്തെ സമാധാന ശ്രമങ്ങള്‍ പരാജയപ്പെടുമെന്ന് ഉറപ്പാണെന്നും താന്‍ സമാധാനശ്രമങ്ങള്‍ക്ക് മുന്‍കൈയെടുത്തെന്ന് വരുത്താനുള്ള ശ്രമമാണ് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഭാഗത്തുനിന്നുള്ളതെന്നുമാണ് വിലയിരുത്തല്‍. ചര്‍ച്ച പരാജയപ്പെട്ടാല്‍ വിവിധ താലിബാന്‍ ഗ്രൂപ്പുകള്‍ ആക്രമണങ്ങള്‍ക്ക് തുനിയുമെന്നും പട്ടാളത്തെ ഉപയോഗിച്ച് ശക്തമായി തിരിച്ചടിക്കാന്‍ പാക് സര്‍ക്കാര്‍ നിര്‍ബന്ധിതമാകുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
ഇതിന് പാക്കിസ്ഥാന്‍ യു എസിന്റെ സഹായവും തേടും. അഫ്ഗാനിസ്ഥാനില്‍നിന്ന് ഈ വര്‍ഷം ഡിസംബറില്‍ നാറ്റോ സൈന്യം പിന്മാറുന്നതിനുമുമ്പ് ഗോത്രമേഖലയിലെ ഭീകരരെ വകവരുത്തുക എന്നതാണ് സംഘടിത ലക്ഷ്യം.
ഇതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനില്‍നിന്ന് ഭീകരര്‍ പാക്കിസ്ഥാനിലേക്ക് കടക്കുന്നതിനുള്ള എല്ല മാര്‍ഗങ്ങളും അടക്കാനും ഉദ്ദേശിക്കുന്നുണ്ട്. വസീറിസ്ഥാന്റെ വടക്കന്‍ മേഖലകളിലാണ് യു എസ് ഡ്രോണ്‍ ആക്രമണങ്ങള്‍ ഏറെയും നടക്കുന്നത്. ആക്രമണം പൂര്‍ണമായി നിര്‍ത്തണമെന്നാണ് പാക്കിസ്ഥാന്‍ ആവശ്യപ്പെടുന്നത്.

Latest