ഖറദാവിക്ക് നേരെ ഈജിപ്ത് തുറന്ന പോരിനൊരുങ്ങുന്നു

Posted on: February 7, 2014 3:16 pm | Last updated: February 7, 2014 at 3:16 pm

karadaoui-21ദോഹ: ഖത്തറില്‍ കഴിയുന്ന ഈജിപ്ഷ്യന്‍ പണ്ഡിതന്‍ ഡോ.യൂസുഫുല്‍ ഖറദാവിയെ തങ്ങള്‍ക്കു കൈമാറണമെന്ന് ഈജിപ്ത് ഖത്തറിനോട് ആവശ്യപ്പെട്ടു. ഈജിപ്തിലെ ഖത്തര്‍ എംബസി ഉപസ്ഥാനപതിയെ വിളിച്ചു വരുത്തിയാണ് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം തങ്ങളുടെ ആവശ്യം ഉന്നയിച്ചത്. മുഹമ്മദ് മുര്‍സിയെ പുറത്താക്കിയ ഈജിപ്തിലെ ഭരണകൂടത്തെ ഖത്തറില്‍ താമസിച്ചു കൊണ്ട് നിരന്തരം പരിധി വിട്ട് വിമര്‍ശിക്കുന്നതിനാലാണ് ഈജിപ്ഷ്യന്‍ കൂടിയായ ഖറദാവിയെ വിട്ടുതരണമെന്ന ആവശ്യവുമായി ഈജിപ്ത് രംഗത്തെത്തിയതെ ന്നറിയുന്നു.ഖത്തറില്‍ നിന്നുള്ള ഔദ്യോഗിക ഇസ്‌ലാമിക ശബ്ദം എന്ന രീതിയില്‍ പ്രചാരണവും ഖറദാവിയുടെ സംസാരങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ലഭിച്ചു വാരാറുണ്ട്.അങ്ങിനെയൊരു പശ്ചാത്തലത്തില്‍ ഈജിപ്തിന്റെ പുതിയ നീക്കത്തില്‍ പ്രസക്തി കാണുന്നവരും ഉണ്ട്.

വര്‍ഷങ്ങളായി ഖത്തറില്‍ താമസിക്കുന്ന യൂസുഫുല്‍ ഖറദാവി , ഈജിപ്തില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ മുര്‍സി ഭരണകൂടത്തെ പുറത്താക്കിയ നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഈജിപ്ത് പൗരനായ ഖറദാവി ഖത്തറില്‍ താമസിക്കുന്നതിനിടയിലും ജന്മനാട്ടിലെ രാഷ്ട്രീയ മാറ്റങ്ങള്‍ നിരീക്ഷിക്കുകയും തന്റെ അഭിപ്രായങ്ങള്‍ ലോകത്തോട് പറയുകയും ചെയതു വന്നിരുന്നു.

അറബ് ലോകത്ത് ചെറിയ തോതിലെങ്കിലും അംഗീകാരമുള്ള പണ്ഡിതന്‍ എന്ന നിലയില്‍ ഖറദാവിയുടെ മുര്‍സി അനുകൂല ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ ഈജിപ്തിലെ പുതിയ ഭരണകൂടത്തിനു വലിയ തലവേദന തന്നെ സൃഷ്ടിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. മുര്‍സിക്ക് ശേഷം ഭരണം കയ്യാളുന്ന ഈജിപ്തിലെ പുതിയ സര്‍ക്കാരിനോട് അനുകൂല നിലപാട് പുലര്‍ത്തുന്നതിന്റെ പേരില്‍ സൗദിയെയും യു.എ.ഇ യെയും ഖറദാവി ഈയിടെ ജുമുഅ ഖുതുബയില്‍ കഠിനമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അതേസമയം, ഖറദാവിയുടെ അഭിപ്രായം ഖത്തറിന്റെ നിലപാടല്ലെന്നും യു.എ.ഇ യുമായും സൗദിയുമായും ഖത്തറിനു നല്ല ബന്ധമാണെന്നും ആയിരുന്നു ഈ വിഷയത്തിലുള്ള ഖത്തറിന്റെ വ്യക്തമായ പ്രതികരണം.

ജി സിസി രാജ്യങ്ങള്‍ പൊതുവെ പരസ്പര ബഹുമാനം കാത്തു സൂക്ഷിക്കുന്നവരും മറ്റു രാജ്യങ്ങളുമായി പാലിക്കേണ്ട അകലത്തെ കുറിച്ചു അവര്‍ക്ക് കൃത്യമായി അറിയാമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി ഡോ.ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ വ്യക്തമാക്കി. ഖറദാവിയുടെ പ്രസ്താവനക്കെതിരെ സൗദിയും യു.എ.ഇ യും രംഗത്തിറങ്ങിയതിനു പിന്നാലെയാണ് ഖറദാവിയെ വിട്ടുതരണമെന്ന് ഈജിപ്ത് ഖത്തറിനോടാവശ്യപ്പെട്ടത്.ഇതിനു പിന്നിലെ രാഷ്ട്രീയവും മതപരവുമായ മാനങ്ങള്‍ക്കപ്പുറം നയതന്ത്രപരമായ ഇടപെടല്‍ എങ്ങിനെയായിരിക്കുമെന്നു എന്ന് നിരീക്ഷിക്കുകയാണ് ജി.സി.സി യിലെ ഇതര അംഗരാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള മുസ്ലിം രാജ്യങ്ങള്‍..