സീഷെല്‍സ് ആരോഗ്യ വകുപ്പിന്റെ തലപ്പത്ത് കൊടുങ്ങല്ലൂര്‍ സ്വദേശി

Posted on: February 6, 2014 9:03 pm | Last updated: February 6, 2014 at 9:03 pm

photosnaps of Dr Menon (2)ദുബൈ: സീഷെല്‍സ് ഹെല്‍ത്ത് കെയര്‍ ഏജന്‍സിയുടെ ചീഫ് എക്‌സിക്യുട്ടീവ് ആയി മലയാളിയായ ഡോക്ടര്‍ സുരേഷ് കുമാര്‍ മേനോന്‍ നിയമിതനായി. ഇതോടെ ദ്വീപ് രാജ്യമായ സീഷെല്‍സിലെ ആരോഗ്യരംഗത്തിന്റെ തലപ്പത്ത് എത്തുന്ന ആദ്യ ഇന്ത്യക്കാരനും മലയാളിയുമായിരിക്കുകകയാണ് ഈ കൊടുങ്ങല്ലൂര്‍ക്കാരന്‍.
ആതുരശുശ്രൂഷാ രംഗത്ത് ഇരുപതു വര്‍ഷത്തെ അനുഭവ പരിജ്ഞാനമുള്ള ഡോ. സുരേഷ് മേനോന്‍ അബുദാബി ഹെല്‍ത്ത് സര്‍വീസസില്‍ ഹെല്‍ത്ത് കമ്മിഷണര്‍ ആയിരുന്നു. ദുബൈ ഇന്റര്‍നാഷനല്‍ മോഡേണ്‍ ഹോസ്പിറ്റലില്‍ ചീഫ് എക്‌സികൂട്ടീവായും സുലേഖ ഹോസ്പിറ്റലില്‍ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടറായും സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്.
സീഷെല്‍സ് സര്‍ക്കാരിന്റെ കീഴില്‍ ഉന്നതപദവിയില്‍ ഒരു ഇന്ത്യക്കാരന്‍ നിയമിതനാകുന്നതു ഇതു ആദ്യമാണ്. പ്രസിഡന്റ് ജെയിംസ് മിഷേല്‍ നേരിട്ടായിരുന്നു സുരേഷിനെ നിയമിച്ചത്. ലോക പ്രശസ്ത നേത്ര ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ഫയോ ദൊരൊവിന്റെ ശിഷ്യന്‍കൂടിയാണ് മലയാളികളുടെ അഭിമാനമായി മാറിയ ഈ ഡോക്ടര്‍.
ഐ മൈക്രോ സര്‍ജറിയില്‍ മോസ്‌കോ ഫയോ ദൊരൊവ് ഐ ഇന്‍സ്റ്റിറ്റുട്ടില്‍ നിന്ന് സൂപ്പര്‍ സ്‌പെഷ്യലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. ഹൈദ്രാബാദില്‍ അപ്പോളോ ഐ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് തലവനായും നേപ്പാളിലും റഷ്യയിലും സേവനം അനുഷ്ടിച്ചിരുന്നു. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് മുന്‍ ഉദ്യോഗസ്ഥന്‍ എന്‍ ബി മേനോന്റെ പുത്രനാണ്.
തിരുവന്തപുരം സ്വദേശിയും മുന്‍ എച്ച് എസ് ബി സി ഉദ്യോഗസ്ഥയുമായ അനില മേനോന്‍ ആണ് ഭാര്യ.