Connect with us

Malappuram

വണ്ടൂരിലെ ഹോമിയോ ക്യാന്‍സര്‍ ആശുപത്രി ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കും

Published

|

Last Updated

വണ്ടൂര്‍: സംസ്ഥാനത്തെ ആദ്യ ഹോമിയോ കാന്‍സര്‍ ആശുപത്രി ജില്ലാപഞ്ചായത്ത് ഏറ്റെടുക്കുന്നു.ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തിപ്പ് അധികാരം കൈമാറണമെന്നാവശ്യപ്പെട്ട് അധികൃതര്‍ സംസ്ഥാന സര്‍ക്കാറിന് കത്തയച്ചു. ഇന്നലെ മലപ്പുറത്ത് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെയായി കൂരാട് ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി നടന്നുവന്നിരുന്ന ചികിത്സയായ ചേതന പദ്ധതിയുടെ ചുവടുപിടിച്ചാണ് ക്യാന്‍സര്‍ ചികിത്സക്കായി ഹോമിയോ തലത്തില്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്‌ക്കരിച്ചത്.
ഇപ്രകാരമാണ് സംസ്ഥാനത്തെ ആദ്യ ക്യാന്‍സര്‍ ഹോമിയോ ആശുപത്രി വണ്ടൂരില്‍ അനുവദിച്ചത്.കഴിഞ്ഞ വര്‍ഷം സപ്തംബര്‍ ഒന്നിനാണ് വണ്ടൂര്‍ മഞ്ചേരി റോഡിലെ കരുണാലയപ്പടിയിലെ താത്കാലിക കെട്ടിടത്തില്‍ ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചത്.കെട്ടിട നിര്‍മ്മാണ പ്രവൃത്തികളും ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ ആശുപത്രിയുടെ നടത്തിപ്പ് സംബന്ധിച്ച് അവ്യക്തത തുടരുന്നതിനാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങളെയും ബാധിക്കുകയാണ്.
വൈദ്യുതി ബില്‍ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയുടെ വൈദ്യുതി കണക്ഷന്‍ വിഛേദിച്ചിരുന്നു. തുടര്‍ന്ന് ജില്ലാപഞ്ചായത്ത് അംഗം വി. സുധാകരന്‍ ഇടപ്പെട്ടാണ് പണം അടച്ച് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചത്. ജില്ലാപഞ്ചായത്ത് ഏറ്റെടുക്കുന്നതോടെ പ്രവര്‍ത്തനങ്ങള്‍ ഏറെ സുഖകരമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

Latest