ബാലപീഡനം: വത്തിക്കാന് യു എന്‍ വിമര്‍ശം

Posted on: February 6, 2014 8:27 am | Last updated: February 6, 2014 at 8:27 am

vatikkan

വത്തിക്കാന്‍ സിറ്റി: കുട്ടികളെ പീഡിപ്പിച്ച പുരോഹിതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഐക്യരാഷ്ട്രസഭ വത്തിക്കാന് അന്ത്യശാസനം നല്‍കി. ആയിരക്കണക്കിന് കുട്ടികളെ ലൈംഗികമായി പിഡിപ്പിച്ച പുരോഹിതര്‍ക്കെതിരെയാണ് യു എന്‍ മനുഷ്യാവകാശ കമ്മീഷന്‍ നടപടി ആവശ്യപ്പെടുന്നത്. നേരത്തെ ഇത്തരം പുരോഹിതരെ കുറിച്ചുള്ള വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സ്വകാര്യത മാനിച്ച് നല്‍കില്ലെന്നായിരുന്നു വത്തിക്കാന്റെ മറുപടി. ഇതോടെ യു എന്നും വത്തിക്കാനും ഏറ്റുമുട്ടലിന്റെ വക്കിലെത്തുകയായിരുന്നു.
സഭയില്‍ ലൈംഗിക അതിക്രമങ്ങളും ശൈശവ പീഡനവും നടക്കുന്നുണ്ടെന്നാണ് യു എന്‍ റിപ്പോര്‍ട്ട് പറയുന്നത്. സ്വവര്‍ഗ ലൈംഗികത, ഗര്‍ഭനിരോധ മാര്‍ഗങ്ങള്‍, ഭ്രൂണഹത്യ എന്നിവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യു എന്‍ മനുഷ്യാവകാശ റിപ്പോര്‍ട്ട് ആരോപിക്കുന്നു. ഐക്യരാഷ്ട്ര സഭയെ കത്തോലിക്കാ സഭ മാനുഷിക മൂല്യങ്ങളും നൈതികതയും പഠിപ്പിക്കുമ്പോള്‍ ചില പുരോഹിതര്‍ ഇതിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
മനുഷ്യാവകാശവും, കുട്ടികളുടെ അവകാശവുമാണ് ഇവര്‍ കവരുന്നതെന്നും യു എന്‍ പറഞ്ഞു. പള്ളികളില്‍ കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് പഠിക്കാന്‍ വത്തിക്കാന്‍ കമ്മീഷനെ നിയോഗിച്ചിരുന്നു. എന്നാല്‍ കമ്മിറ്റി കാര്യമായി ഒന്നും ചെയ്തില്ലെന്നാണ് യു എന്നിന്റെ കുറ്റപ്പെടുത്തല്‍. നടപടി എടുക്കയോ പുരോഹിതര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്യുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് യു എന്‍ ഇടപെടുന്നത്. കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള യു എന്‍ സമിതി (സി ആര്‍ സി)യാണ് വത്തിക്കാനെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സഭ തങ്ങളുടെ പുരോഹിതരെ കുറിച്ചുള്ള ഫയലുകള്‍ തുറക്കണമെന്ന് സി ആര്‍ സി റിപ്പോര്‍ട്ട് പറയുന്നു. അവര്‍ ചെയ്ത കുറ്റകൃത്യത്തെ കണക്കിലെടുത്ത് അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ട ബാധ്യത സഭക്കുണ്ടെന്നും സി ആര്‍ സി ചൂണ്ടിക്കാട്ടി.
ലോകത്താകമാനം ആയിരക്കണക്കിന് കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടും ഇത് സംബന്ധിച്ച് പഠിക്കാന്‍ സഭ നിയോഗിച്ച സമിതി അതിന്റെ കര്‍ത്തവ്യം നിര്‍വഹിച്ചില്ലെന്നും യു എന്‍ കുറ്റപ്പെടുത്തി. പീഡനം നടത്തിയ പുരോഹിതര്‍ അതാത് രാജ്യങ്ങളിലെ നിയമ വ്യവസ്ഥക്ക് കീഴില്‍ ശിക്ഷിക്കപ്പെടണമെന്നാണ് യു എന്‍ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്.