Connect with us

Kerala

അടക്ക നിരോധിക്കാന്‍ തീരുമാനിച്ചിട്ടില്ല: മന്ത്രി മോഹനന്‍

Published

|

Last Updated

തിരുവനന്തപുരം: അടക്ക ക്യാന്‍സറിന് കാരണമാകുന്നതായി ആരോഗ്യവകുപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും എന്നാല്‍ നിരോധനം സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി കെ പി മോഹനന്‍ നിയമസഭയില്‍ പറഞ്ഞു. മറ്റ് ഏത് കൃഷി നശിച്ചാലും നഷ്ടപരിഹാരം നല്‍കുന്നതുപോലെ അടക്ക കൃഷിക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കും. അടക്കയുടെ നിരോധം ആവശ്യമാണോയെന്നത് സംബന്ധിച്ച് പഠനം നടത്താന്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.
കാസര്‍കോട് ജില്ലയില്‍ അടക്ക കൃഷിക്കാര്‍ക്കായി പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് മാതൃകയില്‍ മറ്റ് ജില്ലകളിലും പാക്കേജ് കൊണ്ടുവരും. അടക്ക കൃഷിയുള്ളി മേഖലകളിലെ എം എല്‍ എമാരുമായി കൃഷി മന്ത്രി ചര്‍ച്ച നടത്തും.
പല ബാങ്കുകളും അര്‍ഹതയുണ്ടായിട്ടും വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കര്‍ഷകരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ വായ്പ കിട്ടാന്‍ ബാങ്കുകള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തും. അഗ്രി കാര്‍ഡുകളുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കുന്നകാര്യം പരിഗണിക്കും.
വസ്തു നികുതി ഓണ്‍ലൈനായി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി എം കെ മുനീര്‍ അറിയിച്ചു. സംസ്ഥാനത്തെ 100 ഓളം പഞ്ചായത്തുകള്‍ വിഭവ സമാഹരണത്തിലും പദ്ധതി നടത്തിപ്പിലും വളരെ പിന്നാക്കമാണ്. ഈ പഞ്ചായത്തുകളെ കൈപിടിച്ചുയര്‍ത്താന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കും. സാമ്പത്തിക ശേഷിയുണ്ടാകുന്നതിനുള്ള കപ്പാസിറ്റി ബില്‍ഡിംഗിന് പ്രത്യേക പദ്ധതി നടപ്പാക്കും. സാമ്പത്തിക ആസ്ഥി വര്‍ധിപ്പിച്ച് സ്വന്തം കാലില്‍ നിര്‍ത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പഞ്ചായത്തുകളിലെ പദ്ധതി കാലാവധി അവസാനിക്കുന്ന മാര്‍ച്ച് 31 വരെ ടെക്‌നിക്കല്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും പഞ്ചായത്തുകളില്‍ സാങ്കേതിക വിദഗ്ധരുടെ കുറവുണ്ടെങ്കില്‍ നിയമിക്കും.

Latest