Connect with us

Editorial

ജഡ്ജിമാരുടെ പിന്മാറ്റം

Published

|

Last Updated

ലാവ്‌ലിന്‍ കേസില്‍ ജഡ്ജിമാരുടെ പിന്‍മാറ്റം നിയമരംഗത്തും പൊതുസമൂഹത്തിലും സജീവ ചര്‍ച്ചയാണിപ്പോള്‍. കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കിയ സി ബി ഐ പ്രത്യേക കോടതി വിധിക്കെതിരെ ക്രൈം പത്രാധിപര്‍ ടി പി നന്ദകുമാറും സി ബി ഐയും സമര്‍പ്പിച്ച റിവിഷന്‍ ഹരജി പരിഗണിക്കുന്നതില്‍ നിന്നു നാല് ജഡ്ജിമാരാണ് ഇതിനകം പിന്മാറിയത്. ജസ്റ്റിസുമാരായ ഹരിലാല്‍, തോമസ് പി ജോസഫ്, ജോസഫ് ഫ്രാന്‍സിസ്, എന്‍ കെ ബാലകൃഷ്ണന്‍ എന്നിവരാണ് കേസ് കേള്‍ക്കാന്‍ വിസമ്മതിച്ചത്. ആദ്യത്തെ മൂന്ന് പേരും പിന്മാറ്റത്തിന് കാരണം പോലും ബോധിപ്പിച്ചില്ല. ജസ്റ്റിസ് ബാലകൃഷ്ണന്‍ കാരണം വ്യക്തമാക്കിയിട്ടുണ്ട്. താന്‍ അഭിഭാഷകനായിരുന്നപ്പോള്‍ കോണ്‍ഗ്രസ് നേതാവായ അഡ്വ. സി കെ ശ്രീധരന്റെ ജൂനിയറായിരുന്നതിനാല്‍ ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് ആക്ഷേപത്തിന് ഇടയാക്കുമെന്ന വിശദീകരണത്തോടെയാണ് ചൊവ്വാഴ്ച കേസ് പരിഗണനക്കെത്തിയപ്പോള്‍ അദ്ദേഹം പിന്മാറിയത്. അഡ്വ. സി കെ ശ്രീധരന്‍ കാസര്‍ക്കോട് ഡി സി സി പ്രസിഡണ്ടാണ്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അദ്ദേഹം സ്‌പെഷല്‍ പ്രോസിക്യൂട്ടറുമായിരുന്നു.
ലാവ്‌ലിന്‍ കേസില്‍ നിന്ന് തുടര്‍ച്ചയായി ജഡ്ജിമാര്‍ പിന്‍വാങ്ങുന്നത് നിയമ വൃത്തങ്ങളില്‍ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ജസ്റ്റ്‌സ് വി ആര്‍ കൃഷ്ണയ്യര്‍ ഉള്‍പ്പെടെ പ്രമുഖരായ പല നിയമജ്ഞരും ഇതിനെ രൂക്ഷമായി വിമര്‍ശിക്കുന്നു. ജഡ്ജിമാരുടെ പിന്മാറ്റം ഭരണഘടനയുടെയും സത്യപ്രതിജ്ഞയുടെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കത്തയക്കുകയുമുണ്ടായി അദ്ദേഹം. തങ്ങളുടെ മുമ്പില്‍ വരുന്ന ഏത് കേസും പരിഗണിക്കാന്‍ ജഡ്ജിമാര്‍ ബാധ്യസ്ഥരാണെന്നും, ഈ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ തയാറില്ലാത്തവര്‍ തല്‍സ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ കേസുകള്‍ കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജിമാര്‍ പിന്‍വാങ്ങിയ സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ പി ജെ കുര്യനെതിരായ പെണ്‍കുട്ടിയുടെ ഹരജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസുമാരായ കെ ടി ശങ്കരനും എം എല്‍ ജോസഫും ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കഴിഞ്ഞ ഡിസംബറില്‍ പിന്മാറിയിരുന്നു. ഹരജിയില്‍ സുപ്രധാന നിയമ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഒഴിഞ്ഞുമാറ്റം. കേരള സര്‍ക്കാറും ഹാരിസണ്‍ മലയാളം പ്ലാന്റേഷനുമായുള്ള കേസില്‍ വാദം കേള്‍ക്കുന്നതിലും ജഡ്ജിമാരുടെ ഒഴിഞ്ഞുമാറ്റം വിവാദമായതാണ്. ചീഫ് ജസ്റ്റിസ് നിയോഗിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിലെ ആറ് ജഡ്ജിമാരാണ് കാരണമൊന്നും കാണിക്കാതെ പ്രസ്തുത കേസില്‍ നിന്ന് പിന്മാറിയത്. ഇതുമൂലം കേസ് നീണ്ടുപോയത,് അനധികൃതമായി കമ്പനി പിടിച്ചടക്കിയ സ്ഥലം തിരിച്ചുപിടിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ അവതാളത്തിലാക്കുകയുണ്ടായി.
നീതിപീഠങ്ങളെ സംശയത്തിന്റെ നിഴലിലാക്കാനും തെറ്റിദ്ധരിക്കപ്പെടാനും ഇടയാക്കുന്നുവെന്നതാണ് ഉന്നതരായ രാഷ്ട്രീയ നേതാള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കുമെതിരെയുള്ള കേസുകളില്‍ നന്നുള്ള ന്യായാധിപന്മാരുടെ പിന്മാറ്റങ്ങളുടെ അനന്തരഫലം. ഭരണകൂടങ്ങള്‍ പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങി അനീതിക്കു കൂട്ടുനില്‍ക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. രാഷ്ട്രീയ നേതാക്കളില്‍ അഴിമതിയുടെ കറ പുരളാത്തവരെയും സ്വാധീനങ്ങള്‍ക്കു വഴങ്ങാത്തവരെയും മഷിയിട്ടു തിരഞ്ഞാല്‍ പോലും കണ്ടെത്താനാകില്ല. ഈ സാഹചര്യത്തില്‍ കോടതികളിലാണ് നീതിയും സത്യവും പുലര്‍ന്നു കാണാനാഗ്രഹിക്കുന്ന ജനങ്ങളുടെ പ്രതീക്ഷ. ഭരണകൂടങ്ങളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളെയും ക്രമക്കേടുകളെയും തുറന്നു കാട്ടുന്നതിലും തടയിടുന്നതിലും രാജ്യത്തെ നീതിപീഠങ്ങള്‍ വഹിച്ച പങ്ക് സ്തുത്യര്‍ഹമാണ്. എന്നാല്‍ അടുത്തിടെ ചില ജഡ്ജിമാര്‍ക്കെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളും സ്ത്രീപീഡനക്കേസുകളും ന്യായാധിപന്മാരിലും നീതിപീഠങ്ങളിലുമുള്ള വിശ്വാസത്തിന് മങ്ങലേല്‍പ്പിച്ചു തുടങ്ങിയിട്ടുണ്ട്. പ്രമുഖര്‍ക്കെതിരെയുള്ള കേസ് കൈകാര്യം ചെയ്യാന്‍ ജഡ്ജിമാര്‍ വിസമ്മതിക്കുന്ന പ്രവണത കൂടി വര്‍ധിച്ചുവരുന്നത് നീതിന്യായവ്യവസ്ഥയുടെ വിശ്വാസ്യത തന്നെ ഇല്ലാതാക്കും.