Connect with us

Malappuram

വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലാ ഓഫീസ്: കെട്ടിട ശിലാസ്ഥാപനം പത്തിന്

Published

|

Last Updated

വണ്ടൂര്‍: വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലാ കാര്യാലയത്തിന്റെ പുതിയ കെട്ടിട ശിലാസ്ഥാപനം ഈ മാസം പത്തിന് നടക്കും.
ശിലാസ്ഥാപന കര്‍മ്മം ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ നിര്‍വഹിക്കും. പി കെ ബശീര്‍ എം എല്‍ എ അധ്യക്ഷതവഹിക്കും. അഡ്വ.എം ഉമര്‍ എംഎല്‍ എ, ശ്രീരാമകൃഷ്ണന്‍ എംഎല്‍ എ പ്രസംഗിക്കും. അന്ന ദിനം രാവിലെ പത്തിന് ടിബി പരിസരത്ത് നിന്ന് ഘോഷയാത്രയും നടക്കും.
പുതിയ കെട്ടിടം യാഥാര്‍ഥ്യമാകുന്നതോടെ പരിമിതികളില്‍ വീര്‍പ്പ്മുട്ടുന്ന വിദ്യാഭ്യാസ ജില്ലാ ഓഫീസിന്റെ നിലവിലെ കെട്ടിടത്തില്‍ നിന്ന് മാറും. 50 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം പണിയുന്നത്.
കഴിഞ്ഞ വര്‍ഷം സപ്തംബര്‍ ആദ്യവാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ ഓഫീസ് നിര്‍മിക്കാന്‍ ഫണ്ട് അനുവദിച്ചത്. വണ്ടൂര്‍-മഞ്ചേരി റോഡില്‍ വി എം സി ഹയര്‍സെക്കന്‍ഡറി സ്‌കൂളിനോട് സമീപമുള്ള ഭൂമിയിലാണ് പുതിയ കെട്ടിടം പണിയുന്നത്.
പുതിയ കെട്ടിടത്തില്‍ രണ്ടു നിലയുള്ള കെട്ടിടത്തില്‍ താഴത്തെ നിലയില്‍ ഓഫീസും മുകളില്‍ സമ്മേളന ഹാളും നിര്‍മിക്കും. കൂടാതെ ചോദ്യപേപ്പറുകള്‍, ഉത്തരപേപ്പറുകള്‍, മറ്റു രേഖകള്‍ എന്നിവ സൂക്ഷിക്കാന്‍ പ്രത്യേകം ഓഫീസുകളുണ്ടാകും.
2005ലാണ് മലപ്പുറം ജില്ലയിലെ മൂന്നാമതായി വണ്ടൂര്‍ വിദ്യാഭ്യാസ ജില്ല അനുവദിച്ചത്. തുടക്കത്തില്‍ മലപ്പുറത്താണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. 2006ല്‍ വണ്ടൂര്‍-കാളികാവ് റോഡില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഓഫീസിന് ചേര്‍ന്നുള്ള കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റുകയായിരുന്നു.
53 സ്‌കൂളുകളും അരീക്കോട്, മേലാറ്റൂര്‍, വണ്ടൂര്‍, നിലമ്പൂര്‍ തുടങ്ങിയ ഉപജില്ല വിദ്യാഭ്യാസ ഓഫീസുകളുമാണ് വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലാ ഓഫീസിന്റെ പരിധിയിലുള്‍പ്പെടുന്നത്. ഈ സ്‌കൂളുകളിലെയെല്ലാം വിദ്യാര്‍ഥികളുടെയും സ്‌കോളര്‍ഷിപ്പ് ഫോറങ്ങള്‍, അധ്യാപകരുടെ പ്രൊവിഡന്റ് ഫണ്ട് രേഖകള്‍ തുടങ്ങി ഓഫീസില്‍ സൂക്ഷിക്കുന്ന ഫയലുകളുടെ എണ്ണം ആയിരത്തിലേറെയാണ്.
എന്നാല്‍ ഇവയെല്ലാം ഉള്‍കൊള്ളുന്നവിധത്തിലുള്ള ഓഫീസ് സംവിധാനമല്ല വണ്ടൂരിലുള്ളത്. മഴക്കാലമായാല്‍ കെട്ടിടം ചോര്‍ന്നൊലിച്ചും സ്ഥലപരിമിതിമൂലവും ജീവനക്കാര്‍ ഏറെ പ്രയാസത്തിലാണ്. കൂടാതെ മഴക്കാലത്ത് ചുമരുകളില്‍ വൈദ്യുതി പ്രവഹിക്കാറുമുണ്ട്. മഴപെയുമ്പോള്‍ ചോര്‍ച്ചയില്ലാത്ത ഭാഗങ്ങളിലേക്ക് പലരും ഇരിപ്പിടം മാറ്റാണ് ഇവിടെ പതിവ്. ഫയലുകള്‍ക്ക് മുകളില്‍ കവര്‍ വിരിച്ചുമാണ് താത്കാലികമായി പ്രതിരോധിച്ചിരുന്നത്.