എന്‍ ഐ ടി ജീവനക്കാര്‍ നിരാഹാര സമരത്തില്‍

Posted on: February 5, 2014 7:53 am | Last updated: February 5, 2014 at 7:53 am

മുക്കം: എന്‍ ഐ ടി സ്റ്റാഫ് അസോസിയേഷന്‍ നേതൃത്വത്തില്‍ നടന്നുവരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം രണ്ട് ദിവസം പിന്നിട്ടു. ബി ഒ ജി അംഗീകരിച്ച ജീവനക്കാരുടെ 2004 മുതലുള്ള ശമ്പള കുടിശ്ശിക ഉടന്‍ നല്‍കുക, ഇതുവരെ നല്‍കിയ ആനുകൂല്യങ്ങല്‍ സര്‍വീസ് ബുക്കില്‍ ചേര്‍ക്കുക, പെന്‍ഷന്‍കാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കുക, കുടിവെള്ളമെന്ന പേരില്‍ എന്‍ ഐ ടിയില്‍ മലിനജലം ശുദ്ധീകരിക്കാതെ നല്‍കുന്നത് അവസാനിപ്പിക്കുക, എന്‍ ഐ ടിയില്‍ മാലിന്യസംസ്‌കരണ പ്ലാന്റ് ഉടന്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിരാഹാര സമരം.
പണമില്ലാത്തത് കൊണ്ടല്ല ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും അധികൃതരുടെ അനാസ്ഥ മാത്രമാണ് തങ്ങളെ സമരത്തിലേക്ക് തള്ളിവിട്ടതെന്നും ജീവനക്കാര്‍ പറഞ്ഞു. രജിസ്ട്രാര്‍ നിയമനത്തിനായി 31 ലക്ഷം നാല് തവണകളിലായി ചെലവാക്കിയെങ്കിലും യോഗ്യതയുള്ള ഒരു സ്ഥിരം രജിസ്ട്രാറെ നിയമിക്കാന്‍ പത്ത് വര്‍ഷമായി സ്ഥാപനത്തിന് കഴിയാത്തത് കെടുകാര്യസ്ഥതതയുടെ ഉദാഹരണമാണെന്ന് സമരക്കാര്‍ പറയുന്നു.
എന്‍ ഐ ടി പ്രധാന കവാടത്തിന് സമീപം നടക്കുന്ന നിരാഹാര സമരം മുന്‍ എം എല്‍ എ ജോര്‍ജ് എം തോമസ് ഉദ്ഘാടനം ചെയ്തു. പ്രകാശ് പീറ്റര്‍ അധ്യക്ഷനായിരുന്നു. സോമനാഥ്, ഡി നജീബ്, വി ജി സോമശേഖര പിള്ള, പി കെ ബശീര്‍, കുമാരന്‍, കെ സി ഗംഗാധരന്‍ സംസാരിച്ചു. പി കെ സിദ്ദീഖ്, എസ് എം ഷാജി എന്നിവര്‍ ആദ്യ ദിവസവും ടി കെ സുധാകരന്‍, പി കെ സത്യന്‍ എന്നിവര്‍ രണ്ടാം ദിവസവും നിരാഹാരമിരുന്നു.