Connect with us

Kerala

സീറ്റ് വിഭജനത്തിന് മുമ്പ് മറ്റുപ്രശ്‌നങ്ങള്‍ തീര്‍ക്കണമെന്ന് ലീഗ്‌

Published

|

Last Updated

തിരുവനന്തപുരം: സീറ്റ് വിഭജനം ചര്‍ച്ച ചെയ്യും മുമ്പ് മുന്നണിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് മുസ്‌ലിം ലീഗ്. ഇന്നലെ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ സീറ്റ് ആവശ്യം ഉന്നയിക്കാതെയായിരുന്നു ലീഗിന്റെ നീക്കം. മലപ്പുറത്ത് കോണ്‍ഗ്രസുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും ജില്ലകളില്‍ യു ഡി എഫ് യോഗം ചേരണമെന്നും ലീഗ് ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് (എം), സോഷ്യലിസ്റ്റ് ജനത എന്നീ ഘടകകക്ഷികളുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചക്ക് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വം ഇന്നലെ ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്.
സീറ്റ് സംബന്ധിച്ച പാര്‍ട്ടിയുടെ ആവശ്യം ലീഗ് നേതാക്കള്‍ ചര്‍ച്ചയില്‍ ഉന്നയിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇതിലേക്ക് കടക്കാതെ മുന്നണിയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളിലേക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധക്ഷണിക്കുകയായിരുന്നു. മലപ്പുറത്ത് കോണ്‍ഗ്രസും ലീഗും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹാരിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. മലപ്പുറം സീറ്റില്‍ തങ്ങളെ തോല്‍പ്പിക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമം നടത്തുന്നുവെന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിന് ഇപ്പോഴും കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലകളില്‍ യു ഡി എഫ് യോഗങ്ങള്‍ ചേരണമെന്ന മുന്നണിയോഗ തീരുമാനം എട്ട് ജില്ലകളില്‍ ഇപ്പോഴും നടപ്പായിട്ടില്ല. അവിടങ്ങളില്‍ എത്രയും വേഗം യോഗങ്ങള്‍ വിളിച്ചുചേര്‍ക്കണം.
ഒടുവില്‍ തര്‍ക്കം പരിഹരിക്കാന്‍ ആവശ്യമായ നടപടിയെടുക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. പ്രശ്‌ന പരിഹാരത്തിന് ആരെയെല്ലാം വിളിച്ചിരുത്തണമെന്ന് തീരുമാനിച്ച് ചര്‍ച്ച നടത്താന്‍ രമേശ് ചെന്നിത്തലയെയും പി കെ കുഞ്ഞാലിക്കുട്ടിയെയും യോഗം ചുമതലപ്പെടുത്തി. മുന്നണി യോഗങ്ങള്‍ ചേരാത്ത ജില്ലകളില്‍ എത്രയും വേഗം യോഗം ചേരും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി രമേശ് ചെന്നിത്തല, യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ , മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, കെ പി എ മജീദ്, കുട്ടി അഹമ്മദ് കുട്ടി എന്നിവരാണ് ഇന്നലെ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ സംബന്ധിച്ചത്.

Latest