Connect with us

Articles

ഹജ്ജിന് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഹജ്ജിന് അപേക്ഷിക്കാനുള്ള അവസരം വീണ്ടും വന്നിരിക്കുകയാണ്. വളരെ ശ്രദ്ധയോടെയും പൂര്‍ണതയോടെയും അപേക്ഷകള്‍ പൂരിപ്പിച്ചില്ലെങ്കില്‍ മറ്റൊരു മുന്നറിയിപ്പില്ലാതെ തന്നെ അത് തള്ളപ്പെടുമെന്നതിനാല്‍ അപേക്ഷയില്‍ തെറ്റുകളോ പോരായ്മകളോ ഇല്ല എന്ന് ഉറപ്പ് വരുത്തുകയാണ് ആദ്യമായി ചെയ്യേണ്ടത്. വെട്ടിത്തിരുത്തി എഴുതിയതോ കൂട്ടിച്ചേര്‍ത്തെഴുതിയതോ ഇരട്ടിപ്പിച്ചെഴുതിയതോ ആയ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പോലെ ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍ വൃത്തിയായി കോളങ്ങള്‍ പൂരിപ്പിക്കേണ്ടതാണ്.

കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി, അപേക്ഷകള്‍ നോട്ടറി സാക്ഷ്യപ്പെടുത്തി സത്യവാങ്മൂലം നല്‍കണമെന്ന വ്യവസ്ഥ ഈ വര്‍ഷം ഒഴിവാക്കിയിട്ടുണ്ട്. അതിന് പകരമായി ഓരോ അപേക്ഷകനും വേറെ വേറെ തയ്യാറാക്കിയതും അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്യുന്നതുമായ നിര്‍ദിഷ്ട ഫോറത്തിലുള്ള സത്യപ്രസ്താവന വെള്ളക്കടലാസില്‍ സ്വയം സാക്ഷ്യപ്പെടുത്തി ഒപ്പിട്ടു നല്‍കിയാല്‍ മതി. കഴിഞ്ഞ വര്‍ഷം വരെ തപാലില്‍ മാത്രമേ അപേക്ഷകള്‍ സ്വീകരിച്ചിരുന്നുള്ളൂ. എന്നാല്‍ ഈ വര്‍ഷം മുതല്‍ എല്ലാ പ്രവൃത്തി ദിനങ്ങളിലും ഹജ്ജ് കമ്മിറ്റി നേരിട്ട് അപേക്ഷ സ്വീകരിക്കും. 70 ശതമാനം മുഖവും 30 ശതമാനം താഴ്ഭാഗവും വേണമെന്ന കഴിഞ്ഞ വര്‍ഷത്തെ നിബന്ധനയും ഒഴിവാക്കി. 3.5 x 3. 5 സെ. മീറ്റര്‍ വലിപ്പമുള്ള വെള്ള പ്രതലത്തിലുള്ള കളര്‍ ഫോട്ടോകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫോട്ടോയുടെ ഓരോ കോപ്പി അപേക്ഷയിലും ഒറിജിനല്‍ പാസ്‌പോര്‍ട്ടിന്റെ ബാക്ക് കവറിലും സെല്ലോ ടേപ്പ് ഉപയോഗിച്ച് ഒട്ടിക്കേണ്ടതാണ്. ഒരിക്കല്‍ ഹജ്ജ് ചെയ്തവരല്ലാതെ സഹായിയോ മഹ്‌റമോ ഒരു നിലക്കും കിട്ടാത്ത അവസ്ഥയില്‍, 70 വയസ്സ് കഴിഞ്ഞ അപേക്ഷകര്‍ക്കും മഹ്‌റം ആവശ്യമായ സ്ത്രീകള്‍ക്കും അവരെ കൂടെ കൊണ്ടുപോകാവുന്നതാണ്. പക്ഷേ, കൂടെ പോകുന്നവര്‍ ഹജ്ജിന്റെ മുഴുവന്‍ തുകയും അടക്കേണ്ടിവരും. 70 കഴിഞ്ഞവരുടെ സഹായികള്‍ അപേക്ഷകനുമായി ബന്ധം തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കേണ്ടതാണ്. എന്നാല്‍ മഹ്‌റമിന് ഇത് ആവശ്യമില്ല. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേന ഒരിക്കലെങ്കിലും ഹജ്ജ് ചെയ്തവരും ജീവിതത്തിലൊരിക്കലെങ്കിലും ഹജ്ജ് ചെയ്ത റിസര്‍വ്ഡ് കാറ്റഗറിക്കാരും അപേക്ഷിക്കാന്‍ പാടില്ല. അഥവാ, അങ്ങനെ കണ്ടെത്തിയാല്‍ അത്തരക്കാരുടെ മുഴുവന്‍ തുകയും കണ്ടുകെട്ടുന്നതും പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയരാക്കുന്നതുമാണ്. 2014 ജനുവരി 31ന് 70 വയസ്സ് പൂര്‍ത്തിയായവരെ റിസര്‍വ് കാറ്റഗറി “എ” യിലും 2011, 2012, 2013 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി അപേക്ഷിച്ച നാലാം വര്‍ഷക്കാരെ റിസര്‍വ് കാറ്റഗറി “ബി”യിലുമാണ് ഉള്‍പ്പെടുത്തിയത്. “എ” വിഭാഗത്തില്‍ പെട്ടവര്‍ക്ക് നിര്‍ബന്ധമായും ഒരു സഹായി ആവശ്യമാണ്. മകന്‍, മകള്‍, ഭാര്യ, ഭര്‍ത്താവ്, മരുമകന്‍, മരുമകള്‍, സഹോദരന്‍, സഹോദരി, സഹോദരപുത്രന്‍, സഹോദരപുത്രി, പേരമകന്‍ എന്നീ അടുത്ത ബന്ധുക്കളെ മാത്രമേ സഹായികളായി പരിഗണിക്കൂ. ബി കാറ്റഗറിക്കാര്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തേയും ക്രമം തെറ്റാതെയുള്ള കവര്‍ നമ്പര്‍ അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതാണ്. ഇനി ഏതെങ്കിലും ഒരു വര്‍ഷത്തേത് കിട്ടാതെ വന്നാല്‍ അയാളുടെ പേര്, പാസ്‌പോര്‍ട്ട് നമ്പര്‍ എന്നിവ അറിയിച്ചാല്‍ ഹജ്ജ് കമ്മിറ്റിയില്‍ നിന്ന് ലഭിക്കുന്നതാണ്.

ഓരോ അപേക്ഷകനും അപേക്ഷയോടൊപ്പമുള്ള പേ ഇന്‍ സ്ലിപ്പില്‍ കാണിച്ചതു പോലെ 300 രൂപയുടെ പ്രൊസ്സസിംഗ് ചാര്‍ജ് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയില്‍ അടച്ചിരിക്കണം. കൂടെയുള്ളവരുടെത് അതേ സ്ലിപ്പില്‍ ഒന്നിച്ചടച്ചാല്‍ മതി. അപേക്ഷകന് 2014 മാര്‍ച്ച് 15നോ അതിന് മുമ്പോ കിട്ടിയതും 2015 മാര്‍ച്ച് 31 വരെ കാലാവധിയുള്ളതുമായ പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. അതില്‍ രണ്ട് പേജെങ്കിലും ബാക്കി വേണം. അതില്‍ പാസ്‌പോര്‍ട്ട് ഓഫീസറുടെ ഒപ്പുണ്ടോ എന്നും ശ്രദ്ധിക്കണം. റിസര്‍വ് കാറ്റഗറിക്കാര്‍ പാസ്‌പോര്‍ട്ടിന്റെ ഒറിജിനലും രണ്ട് കോപ്പികളും അല്ലാത്തവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് കോപ്പികളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. വിദേശത്തുള്ളവര്‍ക്ക് ഒറിജിനല്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2014 ആഗസ്റ്റ് 20 വരെ സമയമുണ്ട്. അവര്‍ പാസ്‌പോര്‍ട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വിസയുടെ പകര്‍പ്പ്, ജോലി ചെയ്യുന്ന കമ്പനിയുടെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
നമ്മുടെ കൈയില്‍ കിട്ടുന്ന അപേക്ഷാ ഫോം കോപ്പി മൂന്ന് പേര്‍ക്ക് അപേക്ഷിക്കാനുള്ളതാണ്. കൂടുതല്‍ പേരുണ്ടെങ്കില്‍ അടുത്ത സെറ്റ് ഉപയോഗിക്കണം. ഒരു കവറില്‍ അഞ്ച് പേര്‍ക്ക് അപേക്ഷിക്കാം. എന്നാല്‍, 2014 നവംബര്‍ 10 ന് രണ്ട് വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളോടൊപ്പം അപേക്ഷിക്കാം. ഈ തീയതിക്ക് രണ്ട് വയസ്സ് പൂര്‍ത്തിയായവര്‍ മുഴുവന്‍ തുകയും അടക്കണം. രണ്ട് വയസ്സ് തികയാത്ത കുട്ടികള്‍ വിമാന നിരക്കിന്റെ പത്ത് ശതമാനം നല്‍കണം. ഇവരെയും ഉള്‍പ്പെടുത്തി ഏഴ് പേര്‍ക്ക് വരെ ഒരു കവറില്‍ അപേക്ഷിക്കാം.

അപേക്ഷയോടൊപ്പം ഐ എഫ് എസ് കോഡുള്ള ഏതെങ്കിലും ഒരു ബേങ്കിന്റെ ക്യാന്‍സല്‍ ചെയ്ത ചെക്കിന്റെ (കവര്‍ ലീഡറുടെ പേരിലുള്ളത്) രണ്ട് കോപ്പി വെക്കേണ്ടതാണ്. കവര്‍ ലീഡര്‍ പുരുഷനായിരിക്കണം. എല്ലാ ഇടപാടുകളും അയാളുടെ പേരിലായിരിക്കും. ഹജ്ജ് കമ്മിറ്റി മുഖേന ഒരിക്കല്‍ ഹജ്ജ് ചെയ്തവര്‍, മാരക രോഗമുള്ളവര്‍, ബുദ്ധിമാന്ദ്യമുള്ളവര്‍, മഹ്‌റമില്ലാത്ത സ്ത്രീകള്‍, കോടതി വിദേശ യാത്ര വിലക്കിയവര്‍, പൂര്‍ണ ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ ഹജ്ജിന് അപേക്ഷിക്കാന്‍ പാടില്ല. ഓരോ അപേക്ഷകനും എല്ലാ അപേക്ഷകളുടെയും രണ്ട് കോപ്പി വീതവും ഓരോ രേഖയുടെയും രണ്ട് കോപ്പി വീതവും സമര്‍പ്പിക്കണം. പുറമെ ഒരു കോപ്പി കൈയില്‍ സൂക്ഷിക്കുകയും വേണം. അപേക്ഷാ ഫോറങ്ങള്‍ ഹജ്ജ് കമ്മിറ്റി ഓഫീസ്, കലക്ടറേറ്റുകള്‍, വഖ്ഫ് ബോര്‍ഡ് ഓഫീസുകള്‍, മദ്‌റസാ ക്ഷേമനിധി ഓഫീസ്, ട്രെയിനര്‍മാര്‍ എന്നിവരില്‍ നിന്നും ലഭിക്കുന്നതാണ്. www. haj committee com, www.kerala haj committee org എന്നീ വെബ് സൈറ്റുകളില്‍ നിന്നും ഫോട്ടോ കോപ്പിയെടുത്തും ഉപയോഗിക്കാം.

39 രൂപയുടെ സ്റ്റാമ്പൊട്ടിച്ച, ലീഡറുടെ മേല്‍വിലാസം വ്യക്തമായി എഴുതിയ ഒരു കവറും അപേക്ഷയോടൊപ്പം വെക്കേണ്ടതാണ്. അപേക്ഷ അയക്കുന്ന കവറിനു മുകളില്‍ ഹജ്ജ് അപേക്ഷ-2014 എന്നും മൊത്തം അപേക്ഷകരുടെ എണ്ണവും കാറ്റഗറിയും എഴുതണം. അപേക്ഷകള്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ഓഫീസ്, ഹജ്ജ് ഹൗസ്, പി ഒ കലിക്കറ്റ് എയര്‍പോര്‍ട്ട്, മലപ്പുറം ജില്ല-673647 എന്ന വിലാസത്തിലാണ് അയക്കേണ്ടത്. അപേക്ഷിക്കാവുന്ന അവസാന തീയതി, 2014 മാര്‍ച്ച് 15.

Latest