എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ഉദ്യോഗസ്ഥരില്ല, നിര്‍മാണ പ്രവൃത്തികളെ ബാധിക്കുന്നു

Posted on: February 5, 2014 12:37 am | Last updated: February 4, 2014 at 9:38 pm

കാസര്‍കോട്: എന്‍ജിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ കുറവ് ജില്ലാ പഞ്ചായത്തിന്റെ നിര്‍മാണ പദ്ധതികളെ ബാധിക്കുന്നുവെന്ന് ജില്ലാ പഞ്ചായത്ത് യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, മൂന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരില്ലാത്തത് മൂലം പൊതുമരാമത്ത് പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതുമൂലം റോഡുകളുടേയും കെട്ടിടങ്ങളുടേയും നിര്‍മാണം നടത്താന്‍ കഴിയാത്ത അവസ്ഥയാണ്.
പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ഓരോ പ്രവൃത്തികളും മോണിറ്ററിംഗ് നടത്താന്‍ ജില്ലാപഞ്ചായത്ത് അംഗങ്ങള്‍ ഇടപെടണമെന്ന് പ്രസിഡന്റ് നിര്‍ദേശം നല്‍കി. ജില്ലാ പഞ്ചായത്തിന്റെ എല്ലാ പൊതുമരാമത്ത് പ്രവൃത്തികളുടെ ടെണ്ടര്‍ നടപടി ഈമാസം 10 നകം പൂര്‍ത്തീകരിക്കും. ഇപ്പോള്‍ പൂര്‍ത്തിയായ പ്രവൃത്തികളുടെ ബില്ലുകള്‍ 15നകം ജില്ലാപഞ്ചായത്തില്‍ ഏല്‍പ്പിക്കാനും നിര്‍ദേശം നല്‍കി.
കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ കമ്മാടം-വെള്ളരിക്കുണ്ട് റോഡ് പുനരുദ്ധാരണം 1.27 കോടി, കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ കുട്ടമത്ത്-കയ്യൂര്‍ റോഡ് വീതികൂട്ടലും കള്‍വര്‍ട്ട് നിര്‍മാണം 1.37 കോടി, പരപ്പ-പള്ളത്തുമല റോഡ് റിപ്പയര്‍ 23.35 ലക്ഷം എന്നീ പദ്ധതികളുടെ ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചതായി യോഗത്തെ അറിയിച്ചു.
ജില്ലാ പഞ്ചായത്തിന്റെ മികവ് പദ്ധതിയനുസരിച്ചു എസ് എസ് എല്‍ സി വിദ്യാര്‍ഥികളുടെ പഠനം മെച്ചപ്പെടുത്താന്‍ തയ്യാറാക്കിയ പുസ്തകങ്ങള്‍ അടുത്ത രണ്ട് ദിവസത്തിനകം ലഭ്യമാക്കുമെന്ന് യോഗത്തില്‍ വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പുസ്തകം അച്ചടിച്ചു ലഭിക്കാത്തതിനാലാണ് ലഭ്യമാക്കാന്‍ കഴിയാത്തത്. സംസ്ഥാന സാക്ഷരതാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച കാസര്‍കോട് ജില്ലാ ടീമിനെ യോഗം അനുമോദിച്ചു.
യോഗത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മമത ദിവാകര്‍, പി ജനാര്‍ദ്ദനന്‍ എന്നിവര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തീരുമാനങ്ങള്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് കുര്യാക്കോസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഓമനാ രാമചന്ദ്രന്‍, കെ സുജാത, അംഗങ്ങളായ ഫരീദ് സക്കീര്‍, പാദൂര്‍ കുഞ്ഞാമു, പി കുഞ്ഞിരാമന്‍, പ്രമീള നായ്ക്, എം തിമ്മയ്യ, അഷ്‌റഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ കൃഷ്ണന്‍, ടി വി ഗോവിന്ദന്‍ പങ്കെടുത്തു.