Connect with us

Gulf

അല്‍ ബര്‍ഷയില്‍ 180 വീടുകള്‍ വിതരണം ചെയ്യാന്‍ ശൈഖ് മുഹമ്മദിന്റെ ഉത്തരവ്

Published

|

Last Updated

ദുബൈ: അല്‍ ബര്‍ഷയില്‍ സ്വദേശികള്‍ക്കായി 180 വീടുകള്‍ വിതരണം ചെയ്യാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉത്തരവിട്ടു. അല്‍ ബര്‍ഷ സൗത്തിലാണ് മൂന്നാം ഘട്ട വീടു വിതരണത്തിന്റെ ആദ്യപടിയായി വീടുകള്‍ വിതരണം ചെയ്യുക.

മൂന്നാം ഘട്ടത്തില്‍ 20.4 കോടി ദിര്‍ഹം ചെലവില്‍ 1,240 വീടുകളാണ് വിതരണം ചെയ്യുക. വിതരണം ചെയ്യുന്നവയില്‍ 31 എണ്ണം ഗ്രാന്റായി നല്‍കുന്നവയും 149 എണ്ണം വായ്പാ വ്യവസ്ഥയില്‍ നല്‍കുന്നവയുമാണ്. പദ്ധതിയുടെ ഭാഗമായി 430 വീടുകള്‍ കൂടി പിന്നീട് വിതരണം ചെയ്യും. സ്വദേശികള്‍ക്ക് മാന്യമായ ജീവിത ഉറപ്പാക്കുന്നതില്‍ ശൈഖ് മുഹമ്മദിനുള്ള കറകളഞ്ഞ താല്‍പര്യമാണ് പദ്ധതിക്ക് പിന്നിലെന്ന് മുഹമ്മദ് ബിന്‍ റാശിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്‌മെന്റ് സി ഇ ഒ സാമി അബ്ദുല്ല ഗര്‍ഗാഷ് വ്യക്തമാക്കി. വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനം ധ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും.
20.6 ഹെക്ടറിലാണ് വീടുകളുടെ ജോലി പൂര്‍ത്തിയാക്കിയിരിക്കുന്നതെന്ന് പദ്ധതിയുടെ അസി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എഞ്ചി. ബുര്‍ഹാന്‍ ഹബ്ബായി വെളിപ്പെടുത്തി. 1,240 വീടുകളാണ് മൊത്തം പണിയുന്നത്. ഇവയില്‍ പണി പൂര്‍ത്തിയാവുന്നതിന് അനുസരിച്ച ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യും. ആറു സെറ്റുകളായി 11 മാതൃകകളിലാണ് വീടുകള്‍ നിര്‍മിക്കുന്നത്. ഒന്നോ രണ്ടോ നിലകളിലായി അഞ്ചു മുറികളോട് കൂടിയ വീടാണ് പണിയുന്നത്. തദ്ദേശീയം, അന്തലൂസിയന്‍, ഇസ്‌ലാമിക് മാതൃകകളിലാണ് ഭൂരിപക്ഷം വീടും പണിതിരിക്കുന്നത്. ആരോഗ്യത്തിനും വിനോദത്തിനും ഉതകുന്നതും സൗന്ദര്യശാസ്ത്രപമായി മികച്ച നിലവാരം പാലിക്കുന്നവയുമാണ് വീടുകള്‍.
വരും തലമുറയെക്കൂടി കണ്ടുകൊണ്ടാണ് ശൈഖ് മുഹമ്മദ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് ഹൗസിംഗ് സെക്ടര്‍ അസി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എഞ്ചി. മുഹമ്മദ് ബു റുഹൈമ വ്യക്തമാക്കി. കെട്ടുറപ്പുള്ള ജീവിതം പൗരന്മാര്‍ക്ക് ലഭ്യമാക്കാനാണ് ഭരണാധികാരികള്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Latest